ടൂറിസത്തിന് കരുത്തേകാൻ ജബൽ ശംസിൽ 31 മില്യൺ റിയാലിന്റെ വികസന പദ്ധതികൾ
text_fieldsജബൽ ശംസ് വികസന പദ്ധതിയുടെ ഗ്രാഫിക് ചിത്രം
മസ്കത്ത്: ദാഖിലിയ ഗവർണറേറ്റിലെ അൽ ഹംറ വിലായത്തിലെ ജബൽ ശംസ് മേഖലയിൽ 31 മില്യൺ ഒമാനി റിയാലിലേറെ ചെലവിൽ സമഗ്ര വികസന പദ്ധതികൾ നടപ്പിലാകുന്നു. ടൂറിസം, നിക്ഷേപ സൗകര്യങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികളുടെ ഭാഗമായാണ് വികസന പദ്ധതികൾ നടപ്പാക്കുന്നത്. ജബൽ ശംസിലെ ആദ്യഘട്ട പദ്ധതികളിൽ ജബൽ ശംസ് ഫ്രണ്ട് (ഗ്രാൻഡ് കന്യൻ പ്രോജക്ട്) 11 മില്യൺ റിയാലിനാണ് നടപ്പാക്കുക. രണ്ടു ഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ അഞ്ചു ശതമാനം പ്രവൃത്തി പൂർത്തിയായതായി ദാഖിലിയ ഗവർണർ ശൈഖ് ഹിലാൽ ബിൻ സഈദ് അൽ ഹജ്രി അറിയിച്ചു. 145,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ളതാണ് പദ്ധതി.
ഭൂമി ഒരുക്കൽ, റോഡ് ശൃംഖലകൾ, വൈദ്യുതി, ജലം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളാണ് ഒന്നാം ഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. രണ്ടാം ഘട്ടത്തിൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി അത്യാധുനിക സൗകര്യങ്ങൾ ഒരുക്കും. കാന്യനിന്റെ മനോഹരമായ കാഴ്ച ആസ്വദിക്കാൻ കഴിയുംവിധത്തിൽ 97 മീറ്റർ നീളമുള്ള ഗ്ലാസ് വാക്ക് വേയാണ് ഇതിൽ പ്രധാനം. മലനിരകളിലൂടെയുള്ള സ്ലൈഡിങ് അനുഭവം പകരുന്ന മൗണ്ടൻ സ്ലൈഡ്, 500 പേർക്ക് ഇരിക്കാവുന്ന ആംഫി തിയറ്റർ സൗകര്യവുമായി ഓപൺ എയർ തിയറ്റർ, സിപ്പ് ലൈൻ, ഹാങ്ങിങ് ബ്രിഡ്ജ് തുടങ്ങിയ സാഹസിക വിനോദങ്ങൾ ഉൾപ്പെടുത്തിയുള്ള അഡ്വഞ്ചർ സെന്റർ എന്നിവയും രണ്ടാം ഘട്ടത്തിൽ ഒരുക്കും. ഇതോടെ ഒമാനിലെ പർവത ടൂറിസം കേന്ദ്രങ്ങളിൽ ജബൽ ശംസ് മുൻനിരയിലേക്കുയരുമെന്ന് ഗവർണർ വ്യക്തമാക്കി.
പദ്ധതിയിലൂടെ വർഷംതോറും 1.26 മില്യൺ റിയാൽ വരുമാനവും 309 നേരിട്ടുള്ള തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ചെറുകിട ഇടത്തരം സംരംഭകർക്കായി ഹോസ്പിറ്റാലിറ്റി, റസ്റ്റാറന്റ് മേഖലകളിൽ 32 നിക്ഷേപ അവസരങ്ങൾ ലഭ്യമാകും. ഈ പദ്ധതികൾ വഴി ഏകദേശം 309 നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും പദ്ധതി പൂർത്തിയാകുന്നതോടെ പ്രതിവർഷം 1.26 ദശലക്ഷം റിയാൽ വരുമാനം ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.
ജബൽ ശംസിലേക്കുള്ള റോഡ് പദ്ധതി വികസനത്തിന്റെ തന്ത്രപ്രധാന ഘടകമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ വർഷം ജനുവരി തുടക്കത്തിൽ 20.2 മില്യൺ റിയാൽ ചെലവിൽ ആരംഭിച്ച റോഡ് നിർമാണം പുരോഗമിക്കുകയാണ്. ഗതാഗത മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാണ് പദ്ധതി. ജബൽ ശംസിലേക്കുള്ള 10 കിലോമീറ്റർ റോഡിൽ 172 വിളക്കുകാലുകൾ സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയായി. ജബൽ ശംസിനെയും സമീപ ഗ്രാമങ്ങളെയും ബന്ധിപ്പിക്കുന്നതാണ് 32 കിലോമീറ്റർ നീളമുള്ള റോഡ്. ഇതോടെ ഗതാഗത സുരക്ഷയും സൗകര്യവും മെച്ചപ്പെടും. റോഡിന്റെ വിവിധ ഭാഗങ്ങളിലായി ഒമ്പത് വിശ്രമകേന്ദ്രങ്ങൾ സ്ഥാപിക്കും. ഇന്ധന സ്റ്റേഷൻ ഒരുക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഇത് യാത്രാസമയം കുറക്കുകയും സന്ദർശകരുടെയും പ്രദേശവാസികളുടെയും സുരക്ഷയും സൗകര്യവും വർധിപ്പിക്കുകയും ചെയ്യും.
ചെറുകിട -ഇടത്തരം സംരംഭകരെ ശക്തിപ്പെടുത്തുന്നതിനും ദേശീയ കമ്പനികൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനുമായി പദ്ധതികൾ ദേശീയ നിർദേശങ്ങളോട് ചേർന്നു നിൽക്കുന്നതാണെന്ന് ഗവർണർ കൂട്ടിച്ചേർത്തു. അൽ ഹംറ വിലായത്തിൽ നഗരവികസനം, റോഡ് തുടങ്ങിയവക്കായി 11.5 മില്യൺ റിയാലിലധികം മൂല്യമുള്ള മറ്റ് പദ്ധതികളും പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

