ജബൽ അഖ്ദറിൽ എത്തിയത് 30,867 സന്ദർശകർ
text_fieldsജബൽ അഖ്ദറിൽനിന്നുള്ള കാഴ്ച
മസ്കത്ത്: രാജ്യത്തെ പ്രധാന ടൂറിസ്റ്റ് സ്ഥലങ്ങളിലൊന്നായ ദാഖിലിയ ഗവർണറേറ്റിലെ ജബൽ അഖ്ദറിലേക്ക് എത്തുന്നവരുടെ എണ്ണം വർധിക്കുന്നു. ഈ വർഷത്തെ ആദ്യ നാലു മാസം 30,867 ആളുകളാണ് ഇവിടെ എത്തിയതെന്ന് കണക്കുകൾ പറയുന്നു. അൽ ഹജർ പർവതനിരയുടെ ഭാഗമായ ജബൽ അഖ്ദറിൽ വേനൽക്കാലത്ത് പോലും 20നും 30നും ഇടയിലായിരിക്കും താപനില. ആപ്രിക്കോട്ട്, പ്ലംസ്, അത്തിപ്പഴം, മുന്തിരി, ആപ്പിൾ, പേര, ബദാം, വാൽനട്ട്, കുങ്കുമം, റോസാപ്പൂവ് തുടങ്ങി നിരവധി കാർഷിക വിളകൾ ജബൽ അഖ്ദർ വിലായത്തിന്റെ വിവിധ ഇടങ്ങളിലായി കൃഷി ചെയ്യുന്നുണ്ട്.
വിവിധ അറബ്, ഏഷ്യ, യൂറോപ്പ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്ന നിരവധി പുരാതന ആരാധനാലയങ്ങളും വിലായത്തിലെ ഗ്രാമങ്ങളെ വ്യത്യസ്തമാക്കുന്നു. ഇവിടെ വളരുന്ന മാതളനാരങ്ങകൾ ലോകത്തിലെ ഏറ്റവും മികച്ചതായാണ് കണക്കാക്കപ്പെടുന്നത്. പ്രദേശത്തെ പച്ചപ്പും സവിശേഷമായ കാലാവസ്ഥയും ഹോട്ടൽ സൗകര്യവും സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്.
എല്ലാ അടിസ്ഥാന സൗകര്യങ്ങളും പൂർത്തിയായതിനാൽ ജബൽ അഖ്ദറിലെ ടൂറിസം മേഖല നിക്ഷേപകർക്ക് സുവർണാവസരമാണ് നൽകുന്നതെന്ന് ദാഖിലിയ ഗവർണർ സുൽത്താൻ ബിൻ മൻസൂർ അൽ ഗുഫൈലി പറഞ്ഞു. ലഭ്യമായ അവസരങ്ങൾ മുതലെടുക്കാൻ നിരവധി നിക്ഷേപകർക്ക് താൽപര്യമുണ്ടെന്നും ഗവർണറേറ്റിന് സർക്കാറിൽ നിന്ന് ശ്രദ്ധയും തുടർച്ചയായ പിന്തുണയും ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജബൽ അഖ്ദറിന്റെ വികസനത്തിന് വിമാനത്താവളം, പുതിയ റോഡ് അടക്കം നിരവധി പുതിയ പദ്ധതികളും നടപ്പാക്കാനും അധികൃതർ ഒരുങ്ങുന്നുണ്ട്. സഞ്ചാരികളുടെ ഒഴുക്ക് വർധിപ്പിക്കുകയാണ് അധികൃതരുടെ ലക്ഷ്യം. വിമാനത്താവളം, പുതിയ റോഡ് എന്നിവ ആരംഭിക്കുന്നതോടെ വിനോദ സഞ്ചാരികളുടെ കുത്തൊഴുക്ക് തുടരും.
നിലവിലെ റോഡിനൊപ്പം മറ്റൊരു റോഡും കൂടി നിർമിക്കാനുള്ള പദ്ധതിയാണ് ഗതാഗത വാർത്താ വിനിമയ മന്ത്രാലയത്തിനുള്ളത്. പുതിയ റോഡ് നിർമാണം പൂർത്തിയാവുന്നതോടെ യാത്ര എളുപ്പമാവും. ഫോർ വീലർ അല്ലാത്ത വാഹനങ്ങൾക്കും ജബൽ അഖ്ദറിലേക്ക് പോവാൻ കഴിയുന്ന രീതിയിലാണ് പുതിയ റോഡ് നിർമിക്കുക.
നിലവിലെ ജബൽ അഖ്ദർ റോഡ് ഏറെ അപകടം പതിയിരിക്കുന്നതാണ്. വളഞ്ഞ് പുളഞ്ഞ് ചെങ്കുത്തായി പോവുന്ന റോഡിൽ അപകടം കൂടുതലാണ്. ഇത് ഒഴിവാക്കുന്നതിതിന്റെ ഭാഗമായി ഫോർവീലർ വാഹനങ്ങൾക്ക് മാത്രമാണ് നിലവിൽ ജബൽ അദറിലേക്ക് പ്രവേശനം അനുവദിക്കുന്നത്. അതിനാൽതന്നെ ഇത്തരം വാഹനങ്ങളില്ലാത്തവർ യാത്ര ഒഴിവാക്കുകയാണ്. പുതിയ റോഡ് നിർമിക്കുന്നതോടെ ചെറിയ വാഹനങ്ങൾക്കുകൂടി പ്രവേശനം അനുവദിക്കും. ഇത് കൂടുതൽ സഞ്ചാരികൾ എത്താൻ സഹായിക്കുമെന്ന് സ്ഥലത്തെ ഹോട്ടൽ മേഖലയിലും മറ്റും പ്രവർത്തിക്കുന്നവർ പറയുന്നു.
ജബൽ അഖ്ദറിലെ വിമാനത്താവള പദ്ധതിയുടെ മാസ്റ്റർ പ്ലാൻ തയാറാക്കാനും സ്ഥലം കണ്ടെത്താനും രൂപ കൽപനക്കും ദിവസങ്ങൾക്ക് മുമ്പ് സിവിൽ ഏവിയേഷൻ അതോറിറ്റി ടെൻഡർ ക്ഷണിച്ചിരുന്നു. വിമാനത്താവളം നിർമിക്കുന്നതോടെ നിരവധി സന്ദർശകർ ചാർട്ടേഡ് വിമാനങ്ങൾ വഴിയും ഇവിടെയെത്തും. ഇതോടെ ഹ്രസ്വകാല വിനോദത്തിന് പറ്റിയ ഏറ്റവും നല്ല സ്ഥലമായി ജബൽ അഖ്ദർ മാറും. വിനോദ സഞ്ചാരികളെ ആകർഷിക്കാൻ മറ്റു നിരവധി പദ്ധതികളും അധികൃതർ ആരംഭിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

