അയക്കൂറയെ പിടിച്ചാൽ 300 റിയാൽ പിഴ, തടവ്
text_fieldsമസ്കത്ത്: ആഭ്യന്തര-രാജ്യാന്തര വിപണികളിൽ വൻ ഡിമാൻഡുള്ള അയക്കൂറ മത്സ്യത്തെ പിടിക്കുന്നതിനും വിൽക്കുന്നതിനും ഒമാൻ കൃഷി, മത്സ്യസമ്പത്ത്, ജലവിഭവ മന്ത്രാലയം വിലക്കേർപ്പെടുത്തി. നിയമലംഘകർക്ക് 300 റിയാലാണ് പിഴ. 10 ദിവസം മുതൽ ഒരുമാസം വരെ തടവും ലഭിക്കും. രണ്ടു മാസത്തെ നിരോധനം ഒക്ടോബർ 15നാണ് അവസാനിക്കുക.
മത്സ്യത്തിന്റെ പ്രജനനകാലം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ ഏകോപനത്തോടെയാണ് അറേബ്യന്‍ ഉള്‍ക്കടലില്‍ അയക്കൂറയെ പിടിക്കുന്നത് വിലക്കിയിരിക്കുന്നത്.
ആറു ജി.സി.സി രാജ്യങ്ങളും സമാന രീതിയില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. 2019ലാണ് അയക്കൂറയെ സംരക്ഷിക്കുന്നതിന് ജി.സി.സി കാർഷിക സഹകരണ സമിതി തീരുമാനമെടുത്തത്. മത്സ്യത്തിന്റെ പ്രജനന സംരക്ഷണവുമായി ബന്ധപ്പെട്ടാണ് വിലക്കേര്‍പ്പെടുത്തുന്നതെന്ന് മന്ത്രാലയം അധികൃതർ വ്യക്തമാക്കി. നിയമലംഘകരെ കണ്ടെത്താൻ ഒമാന്‍റെ തീരപ്രദേശങ്ങളിൽ പരിശോധന കർശനമാക്കും. 2020ൽ ഒമാനിൽ 5906 ടൺ അയക്കൂറയാണ് പിടിച്ചത്. 71.2 ലക്ഷം റിയാലിന്‍റെ വരുമാനം ഇതിൽനിന്നുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

