300 കോടി നിക്ഷേപിച്ച് മുബാദല; ഒമാൻ-യു.എ.ഇ പാത ട്രാക്കിൽ
text_fieldsഒമാൻ ആൻഡ് ഇത്തിഹാദ് റെയിൽ കമ്പനി അബൂദബിയിലെ മുബാദല ഇൻവെസ്റ്റ്മെന്റ്
കമ്പനിയുമായി കരാർ ഒപ്പുവെച്ചപ്പോൾ
മസ്കത്ത്: ഒമാനെയും യു.എ.ഇയെയും ബന്ധിപ്പിക്കുന്ന റെയിൽ പദ്ധതിയുടെ നടത്തിപ്പിന് സുപ്രധാന ചുവടുവെപ്പുമായി അധികൃതർ. 303 കിലോമീറ്റർ പാതയുടെ വികസനത്തിനായി മേല്നോട്ടം വഹിക്കുന്ന ഒമാൻ ആൻഡ് ഇത്തിഹാദ് റെയിൽ കമ്പനി അബൂദബിയിലെ മുബാദല ഇൻവെസ്റ്റ്മെന്റ് കമ്പനിയുമായി കരാർ ഒപ്പിട്ടു. മൂന്നു ശതകോടി ഡോളറിന്റെ നിക്ഷേപ കരാറിലാണ് എത്തിയിരിക്കുന്നത്. ഇതോടെ നിർമാണം അതിവേഗം ആരംഭിക്കുമെന്ന പ്രതീക്ഷക്ക് ശക്തിയേറി.
ഒമാൻ ആൻഡ് ഇത്തിഹാദ് റെയിൽ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടിവ് അഹമ്മദ് അൽ ഹാഷെമിയും മുബാദലയുടെ യു.എ.ഇ ഇൻവെസ്റ്റ്മെന്റ് പ്ലാറ്റ്ഫോമിലെ യു.എ.ഇ ഇൻഡസ്ട്രീസ് യൂനിറ്റ് എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. ബഖീത് അൽ കത്തീരിയുമാണ് പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചത്. ഒമാൻ-ഇത്തിഹാദ് റെയിൽ കമ്പനിയുടെ ചെയർമാനും ഊർജ-അടിസ്ഥാന സൗകര്യ മന്ത്രിയുമായ സുഹൈൽ ബിൻ മുഹമ്മദ് ഫറജ് ഫാരിസ് അൽ മസ്റൂയി, ഒമാൻ, ഇത്തിഹാദ് റെയിൽ ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവർ സംബന്ധിച്ചു. ഒമാൻ, ഇത്തിഹാദ് റെയിൽ കമ്പനിയുടെ സി.ഇ.ഒ അഹമ്മദ് അൽ മുസാവ അൽ ഹാഷെമിയും മുബാദലയുടെ യു.എ.ഇ ഇൻവെസ്റ്റ്മെന്റ് പ്ലാറ്റ്ഫോമിലെ യു.എ.ഇ ഇൻഡസ്ട്രീസ് യൂനിറ്റ് എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. ബഖീത് അൽ കത്തീരിയും ധാരണപത്രത്തിൽ ഒപ്പുവെച്ചു.
ഒമാൻ-ഇത്തിഹാദ് റെയിൽ ശൃംഖലയുടെ സ്ഥാപനം ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരവും ചരിത്രപരവുമായ ബന്ധത്തിന്റെ വിപുലീകരണമാണെന്ന് ഊർജ, അടിസ്ഥാന സൗകര്യ വികസന മന്ത്രിയും ഒമാൻ, ഇത്തിഹാദ് റെയിൽ കമ്പനി ചെയർമാനുമായ സുഹൈൽ ബിൻ മുഹമ്മദ് ഫറജ് ഫാരിസ് അൽ മസ്റൂയി പറഞ്ഞു. ഇരുരാജ്യങ്ങളിലെയും ലോജിസ്റ്റിക് സേവന മേഖലക്ക് വിലപ്പെട്ട കൂട്ടിച്ചേർക്കലാകുന്നതിനാൽ റെയിൽ ശൃംഖലക്ക് തന്ത്രപ്രധാനമായ പ്രാധാന്യമുണ്ടെന്ന് ഒമാൻ, ഇത്തിഹാദ് റെയിൽ കമ്പനി സി.ഇ.ഒ അഹമ്മദ് അൽ മുസാവ അൽ ഹാഷിമി പറഞ്ഞു. കൂടാതെ വിതരണ ശൃംഖലയുടെ മൊത്തം ചെലവ് കുറക്കുന്നതിലൂടെ വിപണിയിൽ മത്സരക്ഷമത വർധിപ്പിക്കുന്നതിന് സംഭാവന ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബറിൽ യു.എ.ഇ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ സായിദിന്റെ ഒമാൻ സന്ദർശനത്തിന്റെ ഭാഗമായാണ് ഇരുരാജ്യങ്ങളും തമ്മിൽ റെയിൽവേ ശ്രംഖല സ്ഥാപിക്കാൻ ധാരണയിലെത്തിയത്. പദ്ധതി ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും വിനോദസഞ്ചാരവും ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒമാനിലെ തുറമുഖ നഗരമായ സുറഹാറിനെ യു.എ.ഇ തലസ്ഥാനമായ അബൂദബിയെ ബന്ധിപ്പിക്കുന്നതാണ് പദ്ധതി. ഏകദേശം 1.160 ശതകോടി റിയാൽ ചെലവിലായിരിക്കും പദ്ധതി ഒരുക്കുക. റെയിൽവേ ശൃംഖല നടപ്പിലാക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമായി ഒമാൻ റെയിലും ഇത്തിഹാദ് റെയിലും ചേർന്ന് ‘ഒമാൻ ആൻഡ് ഇത്തിഹാദ് റെയിൽ’ എന്ന കമ്പനി സ്ഥാപിച്ചിട്ടുണ്ട്. യാത്ര, ചരക്ക് സേവനങ്ങൾ നൽകുന്നതിനായി ഒരുങ്ങുന്ന പദ്ധതി ഉയർന്ന അന്താരാഷ്ട്ര സുരക്ഷയും പാരിസ്ഥിതിക മാനദണ്ഡങ്ങളും സ്വീകരിച്ചായിരിക്കും പൂർത്തിയാക്കുക. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയായിരിക്കും പാസഞ്ചർ ട്രെയിനിനുണ്ടാവുക. ചരക്ക് ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 120 കിലോമീറ്ററായിരിക്കും. പദ്ധതി യാഥാർഥ്യമാകുന്നതോടെ സുഹാറിൽനിന്ന് അബൂദബിയിലേക്ക് 100 മിനിറ്റുകൊണ്ടും അൽ ഐനിലേക്ക് 47 മിനിറ്റുകൊണ്ടും എത്താൻ സാധിക്കും. യു.എ.ഇ റെയിൽവേ ശൃംഖലയെ സുഹാർ തുറമുഖവുമായി ബന്ധിപ്പിക്കുന്നതോടെ പ്രാദേശിക തലങ്ങളിൽ വ്യാപാരം സുഗമമാക്കുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

