അതിജീവനത്തിന്റെ 27 വർഷം;പരാധീനതകളൊഴിയാതെ സുൽഫത്ത് മടങ്ങി
text_fieldsപ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന
സുൽഫത്തിന് പ്രവാസി വെഫെയർ നേതാക്കൾ ഉപഹാരം കൈമാറുന്നു
മസ്കത്ത്: അതിജീവനത്തിന്റെ പാതയിൽ 27 വർഷം നീണ്ട പ്രവാസജീവിതത്തിനൊടുവിൽ പരാധീനതകൾ മാത്രം ബാക്കിയായി സുൽഫത്ത് നാട്ടിലേക്ക് മടങ്ങി. കൊച്ചി തോപ്പുംപടി സ്വദേശിനിയായ 65കാരിയായ സുൽഫത്താണ് മസ്കത്തിൽനിന്ന് പ്രവാസം അവസാനിപ്പിച്ച് മടങ്ങിയത്. വീട്ടിലെ സാമ്പത്തിക പരാധീനതകൾ കാരണമാണ് സുൽഫത്ത് ഒമാനിലേക്ക് വിമാനം കയറിയത്. മസ്കത്തിലെത്തി വിവിധ വീടുകളിൽ ജോലിക്കാരിയായി.
റൂവി ഹൈ സ്ട്രീറ്റിലെ ഒരു ഫ്ലാറ്റിലുണ്ടായ അപകടസാധ്യതയുള്ള സംഭവത്തിൽ സുൽഫത്ത് കാട്ടിയ ധൈര്യം ഇന്നും പ്രദേശവാസികൾ ഓർക്കുന്നു. അബദ്ധത്തിൽ ഗ്യാസ് സ്റ്റൗ ഓഫാക്കാതിരുന്നതിനെ തുടർന്ന് ഫ്ലാറ്റ് മുഴുവൻ പുക നിറഞ്ഞപ്പോൾ, സുൽഫത്ത് ധൈര്യത്തോടെ അകത്ത് കടന്ന് ഗ്യാസ് ഓഫാക്കി വലിയ ദുരന്തം ഒഴിവാക്കുകയായിരുന്നു.
വർഷങ്ങളോളം പലയിടത്തായി വീട്ടുപണികൾ ചെയതെങ്കിലും പ്രായമായതോടെ ശാരീരിക വിഷമതകൾ അലട്ടാൻ തുടങ്ങി. ഇതോടെ വീടുകളിൽ പണിക്ക് പോവുന്നത് നിർത്തി, മലയാളികൾക്കായി ചെറിയ തോതിൽ മെസ്സ് നടത്തി. അതും കൊണ്ടു നടക്കാൻ ആരോഗ്യം അനുവദിക്കാതായതോടെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു. നാലുമാസം മുമ്പായിരുന്നു മാതാവിന്റെ മരണം.
പ്രവാസ ജീവിതത്തിന് വിരാമമിടുന്ന സുൽഫത്തിന് പ്രവാസി വെൽഫെയറിന്റെ നേതൃത്വത്തിൽ ആദരം നൽകി. പ്രവാസി വെൽഫെയർ കേന്ദ്ര പ്രസിഡൻ്റ് സി. നൗഷാദ് സുൽഫത്തിന് ഉപഹാരം നൽകി. മസ്കത്ത് മേഖല പ്രസിഡൻ്റ് ഷജീർ ജബ്ബാർ, ടീം വെൽഫെയർ വൈസ് ക്യാപ്റ്റൻ പി.കെ. നൗഷാദ്, മേഖല നേതാക്കളായ യാസിർ അറഫാത്ത്, ഫൈസൽ വി.പി, റസീന ഷജീർ, റൂവി പ്രസിഡൻ്റ് നാസർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
നാട്ടിലേക്ക് മടങ്ങുന്ന സാഹചര്യത്തിൽ സുൽഫത്തിന് ആവശ്യമായ പിന്തുണ ഉറപ്പാക്കുന്നതിനായി വെൽഫെയർ പാർട്ടി നേതാക്കളുമായി ബന്ധപ്പെടുമെന്ന് കേന്ദ്ര പ്രസിഡൻ്റ് സി. നൗഷാദ് അറിയിച്ചു. സുൽഫത്തിന്റെ അനുഭവങ്ങൾ സമൂഹത്തിന് പ്രചോദനമാണെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

