2.7 കോടി റിയാൽ ചെലവ്; 81,000 പേർക്ക് പ്രയോജനം
text_fieldsനിര്‍മാണം പുരോഗമിക്കുന്ന അല്‍ ഹംറ വിലായത്തിലെ ഏറ്റവും വലിയ ജലവിതരണ പദ്ധതി
മസ്കത്ത്: 18,000 ക്യുബിക് മീറ്റര്‍ ജലം സംഭരിക്കാവുന്ന റിസർവോയർ, 94 കിലോമീറ്റർ വരെ ജലമെത്തിക്കാവുന്ന ലൈനുകൾ... ഇത്തരം പ്രത്യേകതകളുമായി ദാഖിലിയ ഗവര്‍ണറേറ്റിലെ അല്‍ ഹംറ വിലായത്തിലെ ഏറ്റവും വലിയ ജലവിതരണ പദ്ധതിയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. 2.7 കോടി റിയാല്‍ ചെലവഴിച്ച് നിര്‍മിക്കുന്ന പദ്ധതിയുടെ സാങ്കേതിക പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നതോടെ ജലവിതരണം ആരംഭിക്കുമെന്ന് ഒമാന്‍ വാട്ടര്‍ ആൻഡ് വേസ്റ്റ് വാട്ടര്‍ സര്‍വീസസ് കമ്പനി അറിയിച്ചു.
പ്രധാന ജലവിതരണ പൈപ്പുകളിൽ നിന്ന് കണക്ഷനുകളിലേക്ക് വെള്ളമെത്തിക്കുന്നതിനുള്ള പൈപ്പുകളുടെ ദൈർഘ്യം കൂടി എടുക്കുമ്പോൾ മൊത്തം 350 കിലോമീറ്റർ വരും. 22 സ്റ്റേഷനുകളും പമ്പിങ്ങിന് 68 പമ്പുകളും പദ്ധതിയുടെ ഭാഗമായുണ്ടാകുമെന്ന് ദാഖിലിയ ഗവര്‍ണറേറ്റിലെ ഉപഭോക്തൃ സേവന വിഭാഗം ഡയറക്ടർ സുലൈമാന്‍ ബിന്‍ ഖലഫ് അല്‍ യഹ്യ പറഞ്ഞു. സാങ്കേതിക പ്രവൃത്തികള്‍ ഉള്‍പ്പെടെ അടുത്തവർഷം ഏപ്രിലിൽ പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. ഇതോടെ, ഗവര്‍ണറേറ്റിലെ 81,000 ത്തോളം താമസക്കാര്‍ക്ക് ഇതുവഴി ജലം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദിനംപ്രതി 22.50 കോടി ഗാലൻ ജലം വരെ വിതരണം ചെയ്യാന്‍ സാധിക്കും.
നിലവില്‍ ഗവര്‍ണറേറ്റിലെ വിവിധ മലനിരകളിലാണ് പദ്ധതിയുടെ സാങ്കേതിക പ്രവൃത്തികള്‍ പുരോഗമിക്കുന്നത്. അല്‍ ഹംറ ജലവിതരണ പദ്ധതി പൂര്‍ത്തിയാകുന്നതോടെ മികച്ച ഗുണനിലാവരമുള്ള ജലം മുഴുവന്‍ ഭാഗങ്ങളിലും ലഭ്യമാക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

