എസ്.എം.ഇ മേഖലയിൽ മൂന്ന് വർഷത്തിനിടെ 24 ശതമാനം വളർച്ച
text_fieldsഎസ്.എം.ഇ ഡെവലപ്മെന്റ് അതോറിറ്റി ചെയർപേഴ്സൺ ഹലീമ ബിൻത് റാഷിദ് അൽ സാരി
മസ്കത്ത്: ഒമാന്റെ ദേശീയ സമ്പദ്വ്യവസ്ഥ ശക്തപ്പെടുത്തുന്നതിലെ പ്രധാന ഘടകമായി ചെറുകിട-ഇടത്തരം സംരംഭ (എസ്.എം.ഇ) മേഖല ശക്തിപ്പെടുന്നു. നിലവിൽ എസ്.എം.ഇകൾ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ (ജി.ഡി.പി) 21.4 ശതമാനം സംഭാവന നൽകുന്നുണ്ടെന്ന് ചെറുകിട ഇടത്തരം സംരഭ വികസനത്തിനായുള്ള പബ്ലിക് അതോറിറ്റിയായ റിയാദ അറിയിച്ചു. എസ്.എം.ഇ മേഖലയിൽ മൂന്നു വർഷത്തിനിടെ 24 ശതമാനം വളർച്ച രേഖപ്പെടുത്തി
റിയാദയുടെ വാർഷിക മീഡിയ യോഗത്തിൽ അവതരിപ്പിച്ച കണക്കുകൾ പ്രകാരം, അതോറിറ്റിയുടെ നയങ്ങൾ, പ്രവർത്തന സൂചികകൾ, ഒമാനിലെ എസ്.എം.ഇ പരിസ്ഥിതിയെ രൂപപ്പെടുത്തുന്ന പദ്ധതികൾ എന്നിവയെക്കുറിച്ച് ചെയർപേഴ്സൻ ഹലീമ ബിൻത് റാഷിദ് അൽ സരീ വിശദീകരിച്ചു. ഇതോടൊപ്പം 2026ലെ റിയാദയുടെ പ്രാഥമിക പ്രവർത്തന രൂപരേഖയും അവതരിപ്പിച്ചു. 514 വായ്പകളിലൂടെ 44.3 ദശലക്ഷം ഒമാനി റിയാൽ എസ്.എം.ഇകൾക്ക് ധനസഹായമായി നൽകിയതായി അവർ പറഞ്ഞു. കൂടാതെ 243 പദ്ധതികൾക്ക് 19.2 ദശലക്ഷം റിയാലിന്റെ ക്രൗഡ്ഫണ്ടിങ് പിന്തുണയും ലഭിച്ചു.
ഇൻക്യൂബേറ്ററുകളിലൂടെയും പ്രാരംഭ ഘട്ട ധനസഹായ സംവിധാനങ്ങളിലൂടെയും 17,420 സംരംഭകർ പ്രയോജനപ്പെടുത്തി. ഒമാൻ ഫ്യൂച്ചർ ഫണ്ടിലൂടെ 104 പദ്ധതികൾക്ക് 16 ദശലക്ഷം റിയാൽ ധനസഹായവും അനുവദിച്ചു. സർക്കാർ-സ്വകാര്യ മേഖലകളിലെ വിതരണ ശൃംഖലകളികളിൽ എസ്.എം.ഇകളുടെ സാന്നിധ്യം കൂടുതൽ ശക്തമാകുന്നതായും അവർ ചൂണ്ടിക്കാട്ടി. സർക്കാർ ടെൻഡറുകളുടെ ഏകദേശം 23 ശതമാനം ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കാണ് അനുവദിച്ചിരിക്കുന്നത്.
കോർപറേറ്റ് സപ്ലൈ ചെയിനുകളിലെ മൊത്ത ചെലവിന്റെ 20 ശതമാനത്തിലധികം ചെറുകിട സംരംഭങ്ങൾക്കാണ് ലഭിക്കുന്നത്. ബിസിനസ് സെന്ററുകളിലെ വാർഷിക എസ്.എം.ഇ വരുമാനം 2.1 ദശലക്ഷം റിയാലായി രേഖപ്പെടുത്തി. റിയാദയുടെ കണക്കുകൾ പ്രകാരം, ഡിസംബർ അവസാനം വരെ 1,30,359 എസ്.എം.ഇകൾ അതോറിറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2025ന്റെ രണ്ടാം പകുതിയിൽ 58,388 സംരംഭങ്ങൾ എന്റർപ്രണർഷിപ്പ് കാർഡ് നേടി. നിലവിൽ 25,986 സജീവ എന്റർപ്രണർഷിപ്പ് കാർഡുകളാണ് നിലവിലുള്ളത്. ഈ മേഖലയിൽ 1,92,714 ഒമാനി പൗരന്മാർ തൊഴിൽ ചെയ്യുന്നുണ്ട്. 2022 മുതൽ 2025 വരെ എസ്.എം.ഇകളിലെ ഒമാനി തൊഴിലവസരങ്ങളിൽ 9.8 ശതമാനം വളർച്ച രേഖപ്പെടുത്തിയതായും, അതേ കാലയളവിൽ സംരംഭങ്ങളുടെ എണ്ണം 24.1 ശതമാനം വർധിച്ചതായും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, റിയാദയുമായി ബന്ധപ്പെട്ട ബിസിനസ് സെന്ററുകളിലൂടെ 137 സംരംഭങ്ങൾ ഇൻക്യൂബേറ്റ് ചെയ്തതായും ഈ സംരംഭങ്ങളുടെ ശരാശരി വാർഷിക വരുമാനം 30 ലക്ഷം റിയാലിന് മുകളിലാണെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

