കഴിഞ്ഞവർഷം പുനരുപയോഗിച്ചത് 2.4 ദശലക്ഷം ടൺ നിർമാണ മാലിന്യം
text_fieldsമസ്കത്ത്: കഴിഞ്ഞ വർഷം ഒമാൻ 2.4 ദശലക്ഷം ടൺ നിർമാണ മാലിന്യങ്ങൾ പുനരുപയോഗിച്ചു. പരിസ്ഥിതി സുസ്ഥിരതക്കും സാമ്പത്തിക വളർച്ചക്കും വേണ്ടിയുള്ള മുന്നേറ്റത്തിലെ ഒരു സുപ്രധാന ചുവടവെപ്പായാണ് അധികൃതർ ഇതിനെ കാണുന്നത്.പരിസ്ഥിതി അതോറിറ്റി (ഇ.എ) ‘ബീഅ്’മായി സഹകരിച്ച് നടത്തിയ രണ്ടു ദിവസത്തെ ശിൽപശാലയിലാണ് ഈ നേട്ടം ഉയർത്തിക്കാട്ടിയത്.
ഒമാനിലെ നിർമാണ, പൊളിക്കൽ മാലിന്യ സംസ്കരണത്തിന്റെ അവസ്ഥയെക്കുറിച്ചും പ്രധാന വെല്ലുവിളികളെയും അവസരങ്ങളെയും സംബന്ധിച്ച് ശിൽപശാല അഭിസംബോധന ചെയ്തതായി ഇ.എയിലെ പരിസ്ഥിതി കാര്യ ഡയറക്ടർ ജനറൽ ഡോ. മുഹമ്മദ് ബിൻ സൈഫ് അൽ കൽബാനി പറഞ്ഞു. പരിസ്ഥിതി സംരക്ഷണം, മലിനീകരണ നിയന്ത്രണം തുടങ്ങിയവയോടുള്ള ഒമാന്റെ പ്രതിബദ്ധതയാണ് ഈ സംരംഭം പ്രതിഫലിപ്പിക്കുന്നത്. ഇവയെല്ലാം ഒമാൻ വിഷൻ 2040ന് അനുസൃതമായി സന്തുലിത സാമ്പത്തിക വളർച്ചയും സുസ്ഥിരതയും കൈവരിക്കുന്നതിന് അവിഭാജ്യമണെന്ന് അദ്ദേഹം പറഞ്ഞു. മാലിന്യ സംസ്കരണ നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുന്നതിനായി പൊതു, സ്വകാര്യ പങ്കാളികളുമായി ഇ.എ പ്രവർത്തിക്കുന്നുണ്ടെന്ന് കൽബാനി ചൂണ്ടിക്കാട്ടി.
ദേശീയ മാലിന്യ സംസ്കരണ നയം അവതരിപ്പിക്കൽ, മാലിന്യ മേഖല നിയമത്തിന്റെ കരട് തയാറാക്കൽ, സംയോജിത മാലിന്യ സംസ്കരണ നിയന്ത്രണങ്ങൾ പുറപ്പെടുവിക്കൽ എന്നിവ സമീപകാല ശ്രമങ്ങളിൽ ഉൾപ്പെടുന്നു. ഈ ശ്രമങ്ങളുടെ ഭാഗമായി, ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ നിർമാണ, പൊളിക്കൽ മാലിന്യം സ്വീകരിക്കുന്നതിനും സംഭരിക്കുന്നതിനുമായി വിവിധ ഗവർണറേറ്റുകളിലായി 32 സൈറ്റുകൾക്ക് ഇ.എ ലൈസൻസ് നൽകിയിട്ടുണ്ട്. 2024ൽ പത്തു സൈറ്റുകളിൽനിന്ന് മാത്രം 2.4 ദശലക്ഷം ടൺ മാലിന്യം പുനരുപയോഗം നടത്തി.എന്നിരുന്നാലും, വലിയ അളവിൽ മാലിന്യങ്ങൾ പുനരുപയോഗം ചെയ്യപ്പെടാതെ തുടരുകയാണ്.ചില സ്ഥാപനങ്ങൾ വാദികൾ കുഴിക്കൽ, പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കൽ, തുടങ്ങിയ സുസ്ഥിരമല്ലാത്ത രീതികൾ തെരഞ്ഞെടുക്കുന്നുണ്ടെന്നും കൽബാനി മുന്നറിയിപ്പ് നൽകി. ഈ രീതികൾ നിയന്ത്രിക്കുന്നതിന് കർശനമായ നിയന്ത്രണങ്ങളും പ്രോത്സാഹനങ്ങളും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

