ദോഫാറിൽ 210 കി.മീറ്റർ റോഡ് നിർമാണം തുടങ്ങി
text_fieldsനിർമാണം ആരംഭിച്ച ഹർവിബ്-അൽ മസ്യൂന-മെയ്താൻ റോഡ്
മസ്കത്ത്: ദോഫാർ ഗവർണറേറ്റിലെ ഗതാഗത മേഖലക്ക് വലിയ മുതൽക്കൂട്ടാവുന്ന പുതിയ റോഡ് നിർമാണം ആരംഭിച്ചു. 210 കി.മീറ്റർ നീളത്തിൽ ഹർവിബ്-അൽ മസ്യൂന-മെയ്താൻ റോഡ് നിർമാണമാണ് തുടക്കംകുറിച്ചിരിക്കുന്നത്. ദോഫാർ ഗവർണറേറ്റിലെ റോഡ് ഗതാഗത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഗതാഗത, കമ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയമാണ് പദ്ധതി ആരംഭിച്ചകാര്യം വെളിപ്പെടുത്തിയത്.
ദോഫാർ ഗവർണറേറ്റിൽ ഈ വർഷം നടപ്പാക്കുന്ന പദ്ധതികളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണിത്. ഹർവിബ് പ്രദേശത്തുനിന്ന് ആരംഭിച്ച് മെയ്താനിൽ അവസാനിക്കുന്ന രൂപത്തിലാണ് നിർമാണം ആസൂത്രണം ചെയ്തിരിക്കുന്നത്. നിലവിൽ ഹർവിബിൽ റോഡ് നിർമാണത്തിനായി നിലമൊരുക്കലും മണ്ണ് നീക്കലും അടക്കമുള്ള പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്.
3.5 മീറ്റർ വീതം വീതിയുള്ള രണ്ട് ലൈനുകളാണ് റോഡിലുണ്ടാവുക. മണ്ണിട്ട് ഉയർത്തിയശേഷം താറിടുന്നരീതിയിലാണ് ഇത് പൂർത്തിയാക്കുക. റോഡ് ഡിസൈൻ മാന്വൽ അംഗീകരിച്ചിട്ടുള്ള സ്റ്റാൻഡേർഡ് സ്പെസിഫിക്കേഷനുകൾ അനുസരിച്ചാണ് റോഡുകളുടെ നിർമാണം നടത്തുക.
കൂടാതെ റോഡിൽ ആവശ്യമായ കോൺക്രീറ്റ്, മെറ്റൽ ഡിവൈഡറുകൾ, ഡ്രൈവർമാർക്കുള്ള മാർഗനിർദേശങ്ങൾ അടങ്ങിയ ബോർഡുകൾ, മുന്നറിയിപ്പ് പെയിന്റുകൾ എന്നിവയുൾപ്പെടെ എല്ലാ ട്രാഫിക് സുരക്ഷാ ആവശ്യകതകളും പാലിക്കുകയും ചെയ്യും. ദോഫാർ ഗവർണറേറ്റിലെ പ്രധാന ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകളിലൊന്നായിരിക്കുമിത്. ഹർവിബ്-അൽ മസ്യൂന-മെയ്താൻ റോഡ് നിർമിക്കുന്ന പദ്ധതി പ്രധാനമായും അൽ മസ്യൂന വിലായത്തിലെ പ്രദേശങ്ങൾ തമ്മിൽ ബന്ധിപ്പിക്കാനാണ് ഉപകാരപ്പെടുക.
മറ്റു വിലായത്തുകളുമായി പ്രദേശത്തുനിന്നുള്ള ഗതാഗതം സുഗമമാക്കുന്നതിനൊപ്പം, സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും വാണിജ്യപരമായ ഉത്തേജനത്തിനും റോഡ് കാരണമാകുമെന്നും അധികൃതർ വിലയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

