വിസ ഫീസ് നിരക്കുകളിൽ ഇന്ത്യ മാറ്റംവരുത്തി
text_fieldsമസ്കത്ത്: വിദേശ സഞ്ചാരികളെ കൂടുതൽ ആകർഷിക്കാൻ ലക്ഷ്യമിട്ട് മെഡിക്കൽ, ബിസിനസ്, ടൂറിസ്റ്റ് വിസ ഫീസ് നിരക്കുകളിൽ ഇന്ത്യ മാറ്റം വരുത്തി. കഴിഞ്ഞ ജനുവരിയിൽ ഒമാനും യു.എ.ഇയും അടക്കം 113 രാഷ്ട്രങ്ങളിൽനിന്നുള്ളവരുടെ ഇ^വിസ നിബന്ധനകളിൽ ഇളവ് വരുത്തിയതിന് പിന്നാലെയാണ് ഫീസ് പരിഷ്കരിക്കാനുള്ള തീരുമാനം. ഏപ്രിൽ ഒന്നുമുതലാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരുക. മെഡിക്കൽ വിസ ഫീസിൽ വരുത്തിയ മാറ്റമാണ് സുപ്രധാന തീരുമാനം. നേരത്തേ ടൂറിസ്റ്റ് വിസയേക്കാൾ അധികം തുക മെഡിക്കൽ വിസക്ക് നൽകേണ്ടിയിരുന്നു. നിരക്ക് പരിഷ്കരിച്ചത് വഴി കൂടുതൽ പേരെ ചികിത്സക്കായി ഇന്ത്യയിലേക്ക് ആകർഷിക്കുന്നതിനും അതുവഴി ലോകോത്തര ചികിത്സാ സൗകര്യങ്ങളോടെയുള്ള മെഡിക്കൽ ടൂറിസം ഡെസ്റ്റിനേഷൻ എന്ന നിലയിൽ ഇന്ത്യയെ ഉയർത്തിക്കാണിക്കുകയുമാണ് സർക്കാറിെൻറ ലക്ഷ്യം. ഒമാനികൾ ആറുമാസ കാലാവധിയുള്ള മെഡിക്കൽ വിസക്ക് 30.900 റിയാലാണ് പുതുക്കിയ നിരക്കുപ്രകാരം അടക്കേണ്ടത്. ഒരു വർഷ കാലാവധിയുള്ള മെഡിക്കൽ വിസയാണ് വേണ്ടതെങ്കിൽ 46.300 റിയാലും അടക്കണം. മെഡിക്കൽ വിസ അപേക്ഷകൾ സ്വീകരിക്കുന്നതിനും നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനുമായി ബി.എൽ.എസ് കേന്ദ്രത്തിൽ പ്രത്യേക കൗണ്ടർ തുറന്നിട്ടുമുണ്ട്.
ഒരു വർഷ കാലാവധിയുള്ള ബിസിനസ് വിസക്ക് ഏപ്രിൽ ഒന്നു മുതൽ 46.300 റിയാലാണ് അടക്കേണ്ടത്. ഇടക്കിടെ ഇന്ത്യ സന്ദർശിക്കേണ്ട ബിസിനസുകാർക്ക് അഞ്ചുവർഷ കാലാവധിയുള്ള വിസയും ലഭ്യമാണ്. ഇതിന് 96.300 റിയാലാണ് നിരക്ക്. ടൂറിസ്റ്റ് വിസ നിരക്കുകളിലും മാറ്റമുണ്ട്. ഒരു വർഷ കാലാവധിയുള്ള ടൂറിസ്റ്റ് വിസക്ക് 38.600 റിയാലും അഞ്ചുവർഷ കാലാവധിയുള്ളതിന് 77.100 റിയാലുമാണ് പുതുക്കിയ നിരക്ക്.
പരിശീലനമടക്കം മറ്റ് ആവശ്യങ്ങൾക്ക് പോകുന്നവരിൽനിന്ന് ആറു മാസ കാലാവധിയുള്ള എൻട്രി വിസക്ക് 30.900 റിയാലും ഒരു വർഷ കാലാവധിയുള്ളതിന് 46.300 റിയാലും അഞ്ചു വർഷത്തേതിന് 77.100 റിയാലും ചുമത്തും. വിസ ആപ്ലിക്കേഷൻ പ്രോസസിങ്ങിനായി ബി.എൽ.എസ് ചുമത്തുന്ന 1.650 റിയാലും കമ്യൂണിറ്റി വെൽഫെയർ ഫണ്ടിലേക്കുള്ള ഒരു റിയാലും ഇതിനൊപ്പം നൽകണം.
വിവിധ ആവശ്യങ്ങൾക്കായി ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് പോകുന്ന സഞ്ചാരികളുടെ എണ്ണത്തിൽ ഏതാനും വർഷമായി വർധനയുണ്ട്. കഴിഞ്ഞ വർഷം 95,000 വിസകളാണ് മസ്കത്തിലെ ഇന്ത്യൻ എംബസി അനുവദിച്ചത്. ഇൗ വർഷത്തെ ആദ്യ രണ്ടു മാസങ്ങളിലായി മാത്രം 20,000 വിസകളും ഇന്ത്യൻ എംബസി അനുവദിച്ചിട്ടുണ്ട്.
ജനുവരിയിൽ മെഡിക്കൽ വിസ നടപടിക്രമം എളുപ്പമാക്കിയതിന് പിന്നാലെ ഫീസ് നിരക്കുകൾ പരിഷ്കരിച്ചത് ഒമാനികളെ ഇന്ത്യയിലേക്ക് കൂടുതലായി ആകർഷിക്കപ്പെടുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മെഡിക്കലിന് പുറമെ ടൂറിസം, ബിസിനസ് വിസകൾക്ക് അധിക ദിവസത്തെ താമസാനുമതി, മൾട്ടിപ്പിൾ എൻട്രി അടക്കം അവസരങ്ങൾ ഇപ്പോൾ ലഭ്യമാണ്. നേരത്തേ ടൂറിസ്റ്റ് വിസയേക്കാൾ അധികം തുക മെഡിക്കൽ വിസക്കായി മുടക്കേണ്ടിയിരുന്നു. അധിക പണം നൽകുന്നതിൽനിന്ന് ഒഴിവാകുന്നതിനായി ടൂറിസ്റ്റ് വിസയിലായിരുന്നു സ്വദേശികൾ ഭൂരിപക്ഷവും ഇന്ത്യയിലേക്ക് പോയിരുന്നത്. ടൂറിസ്റ്റ് വിസയിലെത്തിയവരെ വിമാനത്താവളങ്ങളിൽ തടഞ്ഞുവെച്ച സംഭവത്തെ തുടർന്ന് ചികിത്സക്കായി പോകുന്നവർ മെഡിക്കൽ വിസയിൽ പോകണമെന്ന് ഒമാൻ ആരോഗ്യമന്ത്രാലയം നിർദേശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
