ഒമാനിൽ അഞ്ചിടത്ത് വിനോദസഞ്ചാര ക്ലസ്റ്ററുകൾ ഒരുക്കും –മന്ത്രി
text_fieldsമസ്കത്ത്: വിനോദസഞ്ചാര മേഖലയുടെ വളർച്ച ലക്ഷ്യമിട്ട് രാജ്യത്ത് അഞ്ചിടങ്ങളിൽ വിനോദസഞ്ചാര ക്ലസ്റ്ററുകൾ ഒരുക്കുമെന്ന് ടൂറിസം മന്ത്രി. ദോഫാർ, ദാഖിലിയ, മുസന്ദം, ജബൽശംസ്, മസീറ എന്നിവിടങ്ങളിലാണ് ക്ലസ്റ്റുകൾ ആരംഭിക്കുക. ഇതിൽ ദോഫാറിൽ പ്രാഥമിക നടപടിക്രമങ്ങൾ ആരംഭിച്ചതായും ഇൗ വർഷം അവസാനത്തോടെ പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻററിൽ ഒമാൻ ടൂറിസം ഇൻവെസ്റ്റ്മെൻറ് കോൺഫറൻസിന് എത്തിയ മന്ത്രി അഹ്മദ് ബിൻ നാസർ അൽ മഹ്രീസി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ദേശീയ സാമ്പത്തിക വൈവിധ്യവത്കരണ പദ്ധതിയായ തൻഫീദിൽ നിർദേശിക്കപ്പെട്ടതാണ് വിനോദസഞ്ചാര ക്ലസ്റ്റർ എന്ന ആശയം. സ്വദേശി സമൂഹത്തെ സഹകരിപ്പിച്ച് ഹോട്ടലുകൾ, ഹോട്ടൽ അപ്പാർട്ട്മെൻറുകൾ, വിനോദ സൗകര്യങ്ങൾ, ആശുപത്രികൾ, റോഡുകൾ അടക്കം വിനോദസഞ്ചാരമേഖലയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കുന്നതാണ് ക്ലസ്റ്റർ പദ്ധതി. ഇതുവഴി ഒമാെൻറ സമ്പന്നമായ പൈതൃകവും സംസ്കാരവും ആസ്വദിക്കാൻ സഞ്ചാരികളെ പ്രേരിപ്പിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. 2020ഒാടെ അഞ്ചിടങ്ങളിലും ക്ലസ്റ്ററുകൾ പൂർത്തീകരിക്കാനാണ് പദ്ധതി. തുടർന്ന്, മറ്റിടങ്ങളിൽ 2021 മുതൽ 2026 വരെ കാലഘട്ടത്തിൽ ഇവ നിലവിൽവരുമെന്നും മന്ത്രി പറഞ്ഞു.
സഞ്ചാരികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ 2020ഒാടെ ആറായിരം ഹോട്ടൽ മുറികളും രാജ്യത്ത് കൂടുതലായി ഒരുക്കുമെന്ന് അൽ മഹ്രീസി പറഞ്ഞു. നിലവിൽ 18,000ത്തിലധികം ഹോട്ടൽമുറികളാണ് രാജ്യത്തുള്ളത്. 2020ഒാടെ 25,000ത്തിലധികം ഹോട്ടൽമുറികൾ ഒമാനിൽ വേണ്ടിവരുമെന്നാണ് കണക്കുകൾ കാണിക്കുന്നത്. മസ്കത്തിന് പുറമെ ദോഫാർ, ശർഖിയ ഗവർണറേറ്റുകളിലാണ് ഹോട്ടലുകൾ കൂടുതലായി ആരംഭിക്കുന്നതിന് മുൻഗണന നൽകുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ദോഫാറിലെ വിനോദസഞ്ചാര ക്ലസ്റ്ററിനായുള്ള കൺസൽട്ടൻറിനെ നിയോഗിച്ചതായി മന്ത്രാലയം പ്ലാനിങ് ആൻഡ് ഫോളോഅപ്പ് വിഭാഗം അസി.ഡയറക്ടർ ജനറൽ ആമിറ അൽ ലവാട്ടി പറഞ്ഞു. അടുത്ത മാസത്തോടെ രണ്ടു കൺസൽട്ടൻറുമാരെ കൂടി നിയോഗിക്കും. പദ്ധതിക്ക് അനുയോജ്യമായ സ്ഥലം നിർദേശിക്കുകയാണ് കൺസൽട്ടൻറുമാരുടെ ദൗത്യമെന്നും അവർ പറഞ്ഞു. അഞ്ചു ഘട്ടങ്ങളിലായാണ് ക്ലസ്റ്ററുകൾ പൂർത്തീകരിക്കുക. സ്ഥലം കണ്ടെത്തിയ ശേഷം ഏതു തരത്തിലുള്ള പദ്ധതി വേണമെന്ന് തീരുമാനിക്കും. തുടർന്നാകും നിക്ഷേപ മാതൃക ഏതുവേണമെന്നതും സർക്കാറും സ്വകാര്യമേഖലയുമായും സ്വദേശി സമൂഹവുമായും ഏതുതരത്തിലുള്ള പങ്കാളിത്തം വേണമെന്നതും തീരുമാനിക്കുകയെന്ന് അൽ ലവാട്ടി പറഞ്ഞു.
സുൽത്താനേറ്റ് വിഷൻ 2040 പ്രകാരം 2040ഒാടെ വിനോദ സഞ്ചാരമേഖലയിൽനിന്ന് 19 ശതകോടി ഡോളർ വരുമാനം നേടാൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷ. സഞ്ചാരികളുടെ എണ്ണം 11 ദശലക്ഷമായും ഹോട്ടൽമുറികളുടെ എണ്ണം 80,000 ആയും ഉയർത്തും. മേഖലയിലെ നിക്ഷേപത്തിൽ 88 ശതമാനവും സ്വകാര്യമേഖലയിൽനിന്ന് ലഭ്യമാക്കണമെന്നുമാണ് വിഷൻ 2040 നിർദേശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
