ഒമാനിലെ നിക്ഷേപാവസരങ്ങളുടെ ജാലകം തുറന്ന് ബിസിനസ് സമ്മേളനം
text_fieldsമസ്കത്ത്: ഇന്ത്യൻ കമ്പനികൾക്ക് ഒമാനിൽ വിശാലമായ നിക്ഷേപ അവസരങ്ങളാണ് ഉള്ളതെന്ന് ബിസിനസ് സമ്മേളനം. സാമ്പത്തിക വൈവിധ്യവത്കരണം ലക്ഷ്യമിട്ടുള്ള തൻഫീദ് പദ്ധതി ശതകോടി ഡോളറുകളുടെ വിദേശനിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. കരാറുകാർ, വിൽപനക്കാർ, വിതരണക്കാർ തുടങ്ങി വിവിധ മേഖകളിലുള്ള സ്ഥാപനങ്ങൾക്ക് ഇൗ അവസരം പ്രയോജനപ്പെടുത്താമെന്ന് ഇന്ത്യൻ എംബസി ആഭിമുഖ്യത്തിൽ നടന്ന ഒമാനി ഇന്ത്യൻ ബിസിനസുകാരുടെ സംയുക്ത സമ്മേളനം ചൂണ്ടികാട്ടി.
ബിഗ്ഷോ പ്രദർശനത്തിെൻറ ഭാഗമായി സംഘടിപ്പിച്ച ഇരു രാജ്യങ്ങളിലെയും കമ്പനി പ്രതിനിധികളുടെ സംയുക്ത ബിസിനസ് ഫോറം വ്യവസായ, വാണിജ്യമന്ത്രി ഡോ.അലി ബിൻ മസൂദ് അൽ സുനൈദിയുടെ രക്ഷാകർതൃത്വത്തിലാണ് നടന്നത്. മന്ത്രാലയം ഉപദേഷ്ടാവ് മുഹ്സിൻ ഖാമിസ് അൽ ബലൂഷി, ഒമാൻ ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി വൈസ് ചെയർമാൻ റെദാ അൽ സാലിഹ് എന്നിവരും സംബന്ധിച്ചു.
നിലവിൽ നടപ്പാക്കാൻ തീരുമാനിച്ച റെയിൽവേ, വൈദ്യുതി ഉൽപാദനം, ജലശുദ്ധീകരണം, പുനരുപയോഗിക്കാവുന്ന ഉൗർജം, തുറമുഖം, വിനോദ സഞ്ചാരം, ചരക്കുഗതാഗത പദ്ധതികളിലെല്ലാം ധാരാളം നിക്ഷേപാവസരങ്ങളാണ് ഉള്ളതെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത ഒമാൻ സൊസൈറ്റി ഒാഫ് കോൺട്രാക്ടേഴ്സ് ഷഹ്സ്വർ ജി.അൽബലൂഷി പറഞ്ഞു.
വിവിധ ചരക്കുഗതാഗത പദ്ധതികളിലായി അടുത്ത മൂന്നുവർഷ കാലയളവിൽ ഒമാൻ 4.2 ശതകോടി ഡോളറാണ് ഒമാൻ അടുത്ത മൂന്നുവർഷ കാലയളവിൽ നിക്ഷേപിക്കുക. കസ്സാൻ ലോജിസ്റ്റിക്സ് ഏരിയ, ജി.സി.സി ലാൻഡ് കണക്ടിവിറ്റി, സലാല തുറമുഖ വികസനം എന്നീ പദ്ധതികളിലാണ് ഇൗ നിക്ഷേപം നടത്തുക. ഇൻറഗ്രേറ്റഡ് ടൂറിസം പദ്ധതികൾ, വിനോദ പദ്ധതികൾ, ഹോട്ടൽ തുടങ്ങിയ മേഖലകളിൽ അടുത്ത മൂന്നു വർഷത്തിനുള്ളിൽ 1.8 ശതകോടി ഡോളറിെൻറ നിക്ഷേപം നടത്തും. പെട്രോകെമിക്കൽ, മെറ്റൽ, നോൺ മെറ്റൽ, ഭക്ഷ്യസംസ്കരണ മേഖലകളിലെ പ്രതീക്ഷിത നിക്ഷേപം 10.5 ശതകോടി ഡോളറിെൻറയാണ്.
മസ്കത്ത് പോർട്ടിലെ വാട്ടർഫ്രണ്ട് പ്രോജക്ട്, മദീനത്ത് അൽ ഇർഫാൻ പ്രോജക്ട് , മാൾ ഒാഫ് ഒമാൻ, പാം മാൾ തുടങ്ങി വിവിധ പദ്ധതികൾ ആലോചനയിലും നടപ്പാക്കലിെൻറ വിവിധ ഘട്ടങ്ങളിലുമാണ്. ഇൗ പദ്ധതികളിലെല്ലാം സർക്കാർ വിദേശ നിക്ഷേപകരുടെയടക്കം സ്വകാര്യമേഖലയുടെ പങ്കാളിത്തം തേടുന്നുണ്ടെന്നും അൽ ബലൂഷി പറഞ്ഞു. റോഡ്, റെയിൽ, തുറമുഖ പദ്ധതികളിലും വിമാനത്താവളങ്ങളിലും ഫ്രീട്രേഡ് സോണുകളിലുമായി 40 ശതകോടി ഡോളറോളം നിക്ഷേപിക്കാനാണ് സർക്കാർ പദ്ധതിയെന്ന് ഒമാൻ ഗ്ലോബൽ ലോജിസ്റ്റിക്സ് ഗ്രൂപ് സി.ഇ.ഒ അബ്ദുറഹ്മാൻ അൽ ഹാത്മി പറഞ്ഞു.
ഒമാനും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം കഴിഞ്ഞ രണ്ടുവർഷ കാലയളവിൽ 30 ശതമാനം താഴ്ന്നതായി പരിപാടിയിൽ സംബന്ധിച്ച ഇന്ത്യൻ അംബാസഡർ ഇന്ദ്രമണി പാണ്ഡെ പറഞ്ഞു. ഇരു രാഷ്ട്രങ്ങളിലെയും ബിസിനസ് സമൂഹങ്ങൾ തമ്മിലുള്ള സഹകരണം വിപുലമാക്കുന്നതിലൂടെയേ ഇൗ വെല്ലുവിളി മറികടക്കാൻ കഴിയൂവെന്നും അംബാസഡർ പറഞ്ഞു. ബിഗ്ഷോയിൽ 70 കമ്പനികൾ പെങ്കടുക്കുന്നു എന്നതുതന്നെ ഇന്ത്യൻ കമ്പനികളുടെ ഒമാനിലുള്ള താൽപര്യത്തിന് തെളിവാണെന്നും അംബാസഡർ പറഞ്ഞു.
ബിൽഡിങ് മെറ്റീരിയൽസ്, കൺസ്ട്രക്ഷൻ എക്യുപ്മെൻറ്, സെറാമിക് ആൻഡ് ടൈൽസ്, കോൺക്രീറ്റ് ആൻഡ് സിമൻറ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന 75 ഇന്ത്യൻ കമ്പനികളുടെ പ്രതിനിധികളാണ് ബിസിനസ് ഫോറത്തിൽ പെങ്കടുത്തത്. ഒമാനി കമ്പനികളുടെ മുന്നൂറോളം പ്രതിനിധികളും പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
