മരുഭൂമിയുടെ ആത്മാവ് തേടി ഫ്രഞ്ച് പര്യവേക്ഷകൻ
text_fieldsമസ്കത്ത്: മരുഭൂമിയുടെ ആത്മാവ് തേടിയുള്ള ഫ്രഞ്ച് പര്യവേക്ഷകൻ ഗോതിയർ ട്യൂൾമൊണ്ടെയുടെ യാത്ര ആരംഭിച്ചു. ദാഖിലിയ ഗവർണറേറ്റിലെ ആദത്തിൽനിന്നാണ് യാത്രക്ക് തുടക്കമായത്. ഒമാനി യാത്രികനായ അഹമ്മദ് ബിൻ ഹാരെബ് അൽ മഹ്റൂഖിെക്കാപ്പം ഒട്ടകപ്പുറത്ത് റുബുഉൽഖാലി മുറിച്ചുകടന്ന് അബൂതുബൂലിലേക്കാണ് ആദ്യ യാത്ര. ഗോതിയറുടെ വളർത്തുനായയും ഒപ്പമുണ്ട്. അബൂതുബൂലിൽവെച്ച് അഹമ്മദ് ബിൻ ഹാരെബ് വഴിപിരിയും. പിന്നീട് ശർഖിയ മണൽപരപ്പിലൂടെ ബിദിയയിലേക്കുള്ള യാത്രയിൽ ഗോതിയർക്ക് ഒപ്പം വളർത്തുനായ മാത്രമാണ് ഉണ്ടാവുക. ബിദിയയിൽ എത്തിയ ശേഷം തീര പ്രദേശത്തിലൂടെ റാസ് അൽ റുവൈസിലേക്കാണ് പിന്നീടുള്ള യാത്ര. യാത്രയുടെ വിശേഷങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ ഗോതിയർ പങ്കുവെക്കുന്നുണ്ട്. ഒപ്പം ഒമാനിലെ അനുഭവങ്ങൾ പങ്കുവെച്ച് ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള സുഹൃത്തുക്കൾക്ക് പോസ്റ്റ്കാർഡുകളും കത്തും അയക്കുകയും ചെയ്യും.
വിവിധ രാഷ്ട്രങ്ങൾ സന്ദർശിച്ചിട്ടുള്ള ഗോതിയർക്ക് രണ്ട് വർഷം മുമ്പ് കുടുംബസമേതം ഒമാനിലെത്തിയപ്പോഴാണ് മരുഭൂമി മുറിച്ചുകടക്കുകയെന്ന ആശയം മനസ്സിൽ ഉടലെടുത്തത്. പ്രകൃതിദത്തമായ ഒമാെൻറ ഭൂപ്രകൃതി അന്നേ തെൻറ മനസ്സിനെ ആകർഷിച്ചതായി ഗോതിയർ പറയുന്നു. മനുഷ്യനും പ്രകൃതിയും തമ്മിലെ ബന്ധം ലോകത്തിന് കാണിച്ചുകൊടുക്കുകയാണ് ലക്ഷ്യം. മരുഭൂമിയുടെ വന്യതയിൽ വെല്ലുവിളികളെ അതിജയിച്ച് യാത്ര പൂർത്തിയാക്കാൻ കഴിയുമെന്ന് വിശ്വാസമുണ്ടെന്നും ഗോതിയർ പറഞ്ഞു. സാഹസികയാത്രക്ക് ഒപ്പം മരുഭൂമി മുറിച്ചുകടന്നുള്ള ടൂറിസം പ്രോത്സാഹിപ്പിക്കുകയും ലക്ഷ്യമാണ്. ഇദ്ദേഹത്തിെൻറ യാത്രയെക്കുറിച്ച വിവരങ്ങൾ അറിയാൻ www.webrobinson.fr എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
