ഉപഭോക്തൃ സംരക്ഷണ നിയമത്തിന് ഇനി പുതിയ മുഖം
text_fieldsമസ്കത്ത്: ഉപഭോക്തൃ സംരക്ഷണ നിയമത്തിന് പുതിയ മുഖം നൽകുന്ന എക്സിക്യൂട്ടിവ് നിയമഭേദഗതികൾ തിങ്കളാഴ്ച മുതൽ നിലവിൽ വന്നു. രണ്ടുവർഷം മുമ്പ് നിലവിൽ വന്ന ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ പോരായ്മകൾ നികത്തുന്നതിെൻറ ഭാഗമായാണ് ഭേദഗതി.
വ്യാപാരികളുടെയോ വിതരണക്കാരുടെയോ അശ്രദ്ധമൂലമുണ്ടാകുന്ന നഷ്ടത്തിൽനിന്ന് ഉപഭോക്താക്കൾക്ക് സംരക്ഷണം നൽകുകയാണ് ഭേദഗതി ലക്ഷ്യമിടുന്നത്. ഇതോടൊപ്പം വ്യാപാരികളെ നിയമലംഘനത്തിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ പ്രേരിപ്പിക്കുകയും ശരിയായ രീതിയിൽ കച്ചവടം നടക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനുള്ള മാർഗനിർദേശങ്ങളും ഇതിലുണ്ട്.
വെബ്സൈറ്റുകളടക്കം ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകളിലൂടെ സാധനങ്ങൾ വാങ്ങുന്നതിനും മാറ്റിനൽകുന്നതിനുമായി ബന്ധപ്പെട്ട നിയമാവലി ഭേദഗതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു ഉൽപന്നത്തിെൻറ ഘടനക്കോ അതിെൻറ ഉറപ്പിനോ മാറ്റം വരുന്ന വിധത്തിൽ പൊരുത്തമില്ലാത്ത വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയാൽ അത് മായം ചേർന്നതാണെന്ന് ഇനി മുതൽ കണക്കാക്കും. ആകൃതിയിലോ വലുപ്പത്തിലോ ഭാരത്തിലോ അടക്കമുള്ള വ്യത്യാസങ്ങൾ ഇതിൽപെടും.
കാലാവധി കഴിയുന്ന തീയതിയിൽ മാറ്റം വരുത്തുന്നതും മാറ്റി പാക്ക് ചെയ്യുന്നതും മായം ചേർന്നവയായി കണക്കാക്കി നിയമനടപടിയെടുക്കും. ഉൽപന്നത്തിൽ എന്തെല്ലാമാണ് അടങ്ങിയിരിക്കുന്നതെന്നും എവിടെയാണ് ഉൽപാദിപ്പിച്ചത് എന്നതടക്കം വിവരങ്ങൾ അടങ്ങിയ ലേബൽ നിർബന്ധമായും പതിച്ചിരിക്കണമെന്നും ഭേദഗതി നിർദേശിക്കുന്നു. തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തി പരസ്യം ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്.
അപകടകരമായ രീതിയിലും കേടുവന്നതും അതോറിറ്റി മാർഗനിർദേശങ്ങൾക്ക് വിരുദ്ധവുമായ പാക്കിങ് അനുവദിക്കില്ല. കാലാവധി കഴിഞ്ഞതും ഉപയോഗത്തിന് പറ്റാത്തതുമായ ഉൽപന്നങ്ങൾക്ക് ഒപ്പം അഴുക്കുപുരണ്ടവയുടെ വിപണനവും അനുവദനീയമല്ല.
ഇതുവഴി താൻ വാങ്ങിയ സാധനത്തിെൻറ, അല്ലെങ്കിൽ ലഭിച്ച സേവനത്തിെൻറ വിശദ വിവരങ്ങൾ അറിയുകയെന്ന ഉപഭോക്താവിെൻറ അവകാശമാണ് സംരക്ഷിക്കപ്പെടുന്നത്.
ഒരു ഉൽപന്നം തിരികെ നൽകുന്നതിനും കേടുവന്നവ മാറ്റിവാങ്ങുന്നതിനുമുള്ള ഉപഭോക്താവിെൻറ അവകാശവും നിയമഭേദഗതി ഉറപ്പാക്കുന്നുണ്ട്. വാങ്ങിയശേഷമോ അല്ലെങ്കിൽ കൈവശം ലഭിച്ച ശേഷമോ 15 ദിവസത്തിനുള്ളിൽ ഉപഭോക്താവിന് സാധനം തിരികെ നൽകാം.
നിയമലംഘനങ്ങൾക്കുള്ള ശിക്ഷയിലും മാറ്റം വന്നിട്ടുണ്ട്. ഒരു വർഷം മുതൽ രണ്ട് വർഷം വരെ തടവുശിക്ഷയും രണ്ടായിരം റിയാൽ വരെ പിഴയുമാണ് ഭേദഗതി വ്യവസ്ഥ ചെയ്യുന്നത്.
ഉപഭോക്താവിെൻറ സുരക്ഷയെ ബാധിക്കുന്ന പ്രവർത്തനങ്ങൾക്ക് പത്ത് ദിവസം മുതൽ ഒരു വർഷം വരെ തടവും നൂറ് റിയാൽ മുതൽ രണ്ടായിരം റിയാൽ വരെ പിഴയുമായിരിക്കും ശിക്ഷയെന്ന് ഭേദഗതി വ്യവസ്ഥ ചെയ്യുന്നു.
ഉപഭോക്താവിെൻറ അവകാശങ്ങൾ ഹനിക്കും മുമ്പ് രണ്ടുവട്ടം ചിന്തിപ്പിക്കാൻ കച്ചവടക്കാരനെ പ്രേരിപ്പിക്കുന്നതാണ് പുതിയ നിയമ ഭേദഗതിയെന്ന് വിലയിരുത്തപ്പെടുന്നു. ഇതുസംബന്ധിച്ച് വ്യാപക ബോധവത്കരണ പ്രവർത്തനങ്ങൾ അടിയന്തരമായി നടത്തേണ്ടതുണ്ട് എന്നും ആവശ്യമുയരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.