‘ഭൂമിക്കുവേണ്ടി ഒരു മണിക്കൂര്‍’ വിപുലമായി ആചരിക്കും
text_fieldsമസ്കത്ത്: ഭൂമിയെയും പരിസ്ഥിതിയെയും സംരക്ഷിക്കുകയെന്ന മുദ്രാവാക്യവുമായി ഈ വര്‍ഷവും ഭൗമമണിക്കൂര്‍ (എര്‍ത് അവര്‍) ഒമാനില്‍ വിപുലമായി ആചരിക്കും. ഈ മാസം 25 നാണ് ലോകമെമ്പാടുമുള്ള ജനങ്ങള്‍ വൈദ്യുതി ദീപങ്ങള്‍ അണച്ച് എര്‍ത് അവര്‍ ആചരിക്കുക. ലോകത്തിന്‍െറ വിവിധ രാജ്യങ്ങളില്‍ കോടിക്കണക്കിന് ആളുകളാണ് ഭൂമിക്ക് വേണ്ടി ഒരു മണിക്കൂര്‍ വിളക്കണക്കുക. ആഗോളതാപനത്തിന്‍െറയും കാലാവസ്ഥാ വ്യതിയാനത്തിന്‍െറയും കാലത്ത് ഭൗമമണിക്കൂര്‍ ദിനാചരണത്തിന് പ്രസക്തിയേറെയാണ്.
25ന് ശനിയാഴ്ച രാത്രി എട്ടര മുതല്‍ ഒമ്പതരവരെയാണ് ഭൗമമണിക്കൂര്‍ ആചരണം. കഴിഞ്ഞവര്‍ഷം മാര്‍ച്ച് 19 നായിരുന്നു പരിപാടി. ഒമാനിലെ നിരവധി സ്ഥാപനങ്ങളും കമ്പനികളും കഴിഞ്ഞവര്‍ഷം ദിനാചരണത്തില്‍ വിളക്കുകള്‍ അണച്ച് പങ്കാളികളായിരുന്നു. ഒമാന്‍ ഗ്രാന്‍ഡ് മസ്ജിദ്, റോയല്‍ ഒപേര ഹൗസ് തുടങ്ങിയവക്ക് ഒപ്പം പ്രമുഖ ഹോട്ടലുകളും ഭൗമമണിക്കൂറില്‍ പങ്കാളികളായി. കഴിഞ്ഞവര്‍ഷം ഒമാന്‍ പരിസ്ഥിതി സമിതി മസ്കത്ത് ഹില്ലില്‍ വിപുലമായ പരിപാടി സംഘടിപ്പിച്ചിരുന്നു.
ഈ വര്‍ഷവും വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ഒമാന്‍ പരിസ്ഥിതി സമിതി അല്‍ബന്ദര്‍ ഹോട്ടല്‍, ഷാന്‍ഗ്രില ബര്‍ അല്‍ ജിസ റിനോട്ട് എന്നിവയുമായി ചേര്‍ന്നാണ് ഈ വര്‍ഷം ഭൗമമണിക്കൂര്‍ ആചരിക്കുക. വൈകുന്നേരം ആറുമുതല്‍ രാത്രി പത്തുവരെയാണ് പരിപാടി. കുടുംബത്തിന് മൊത്തം ഉല്ലാസം പകരുന്ന രീതിയിലുള്ള പരിപാടികളാണ് സംഘടിപ്പിക്കുന്നത്. സംഗീത പരിപാടികള്‍, നിധി കണ്ടുപിടിക്കല്‍ തുടങ്ങിയ നിരവധി വിനോദ പരിപാടികള്‍ ഒരുക്കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. പരിപാടിയുടെ പ്രചാരണത്തിനും വരുമാനമുണ്ടാക്കാനും പ്രത്യേക ടീ ഷര്‍ട്ടുകള്‍ വിപണിയില്‍ ഇറക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
