ദാര്‍സൈത്ത് ഇന്ത്യന്‍ സ്കൂളിലെ ഫീസ് വര്‍ധന: നിര്‍ദേശം പിന്‍വലിച്ചു
text_fieldsമസ്കത്ത്: ദാര്‍സൈത്ത് ഇന്ത്യന്‍ സ്കൂളില്‍ ഫീസ് വര്‍ധിപ്പിക്കാനുള്ള നീക്കം പിന്‍വലിച്ചതായി സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റി സര്‍ക്കുലറിലൂടെ അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന ഓപണ്‍ ഫോറത്തില്‍ വരുന്ന അധ്യയന വര്‍ഷത്തില്‍ 22 റിയാലിന്‍െറ വര്‍ധന വരുത്താനാണ് നിര്‍ദേശിച്ചിരുന്നത്. പ്രതിമാസ ഫീസില്‍ ഒരു റിയാലിന്‍െറ വീതം വര്‍ധനവും ബില്‍ഡിങ് ഫണ്ട് ഇനത്തില്‍ പത്തു റിയാലും ഈടാക്കാനുള്ള നിര്‍ദേശത്തിനെതിരെ രക്ഷാകര്‍ത്താക്കള്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ബജറ്റ് പരിശോധിക്കാന്‍ രക്ഷാകര്‍ത്താക്കളുടെ പ്രതിനിധികള്‍ക്ക് മാനേജ്മെന്‍റ് കമ്മിറ്റി അവസരമൊരുക്കിയിരുന്നു. ബജറ്റ് പരിശോധനക്ക് ശേഷം ചെലവുകളില്‍ കുറവു വരുത്തി ഫീസ് വര്‍ധനക്കുള്ള സാഹചര്യം ഒഴിവാക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഇവര്‍ സമര്‍പ്പിക്കുകയും ചെയ്തു.
ഇത് അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് എസ്.എം.സി പ്രസിഡന്‍റ് സംഘത്തെ അറിയിക്കുകയും ചെയ്തിരുന്നു. ഫീസ് വര്‍ധിപ്പിക്കുന്നത് ഒഴിവാക്കുന്നതിനായി സ്റ്റാന്‍ഡ് എഗെന്‍സ്റ്റ് ഫീസ് ഹൈക്ക് ഇന്‍ ഐ.എസ്.ഡി എന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ രക്ഷാകര്‍ത്താക്കള്‍ വ്യാപക പ്രചാരണം നടത്തിയിരുന്നു. ഉച്ചക്കുശേഷമുള്ള സെഷനിലെ കെ.ജി വിദ്യാര്‍ഥികള്‍ക്കായി സ്കൂള്‍ ഗതാഗത സംവിധാനം ലഭ്യമാക്കണമെന്ന ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്നും എസ്.എം.സി അറിയിച്ചു.
രക്ഷാകര്‍ത്താക്കള്‍ക്കിടയില്‍ സര്‍വേ നടത്തിയ ശേഷം ആവശ്യക്കാര്‍ അധികമുണ്ടെങ്കില്‍ സര്‍വീസ് ആരംഭിക്കും. കാര്‍ഡ് ഉപയോഗിച്ച് സ്കൂള്‍ ഫീസ് അടക്കാന്‍ സൗകര്യമേര്‍പ്പെടുത്തണമെന്ന് ഓപണ്‍ഫോറത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. സ്കൂള്‍ ഫീസ് അടക്കുന്നതിനായി കുറഞ്ഞ സര്‍വിസ് നിരക്കില്‍ ഓണ്‍ലൈന്‍, കാര്‍ഡ് പേയ്മെന്‍റ് സംവിധാനങ്ങള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് ബാങ്ക് മസ്കത്ത് അധികൃതരുമായി ചര്‍ച്ച നടക്കുകയാണെന്നും ഇക്കാര്യത്തില്‍ വൈകാതെ തീരുമാനമുണ്ടാകുമെന്നും എസ്.എം.സി സര്‍ക്കുലറില്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.