ബാത്തിന എക്സ്പ്രസ്വേ: ഒന്നാം ഘട്ടം ഞായറാഴ്ച പൂര്‍ണമായും തുറക്കും
text_fieldsമസ്കത്ത്: ബര്‍ക്കയില്‍ നിന്ന് യു.എ.ഇ അതിര്‍ത്തിയായ ഖത്ത്മത്ത് മലാഹ വരെ നീളുന്ന അല്‍ ബാത്തിന എക്സ്പ്രസ്വേയുടെ ഒന്നാം ഘട്ടത്തിന്‍െറ നിര്‍മാണം പൂര്‍ത്തിയായി. ഇത് ഈ വരുന്ന ഞായറാഴ്ച പൂര്‍ണമായും ഗതാഗതത്തിന് തുറന്നുകൊടുക്കും. ബര്‍ക്ക വിലായത്തില്‍ നിന്ന് അല്‍ ഹസം വരെ നീളുന്ന 45 കിലോമീറ്ററാണ് ഒന്നാം ഘട്ടത്തിലുള്ളത്. മസ്കത്ത് എക്സ്പ്രസ്വേയില്‍ അല്‍ ഫുലൈജ് ഭാഗത്ത് നിന്നാണ് ബാത്തിന എക്സ്പ്രസ്വേ ആരംഭിക്കുന്നത്. ഒന്നാംഘട്ടത്തിന്‍െറ ഭാഗമായ 18 കിലോമീറ്റര്‍ 2015 ജൂലൈയില്‍ വാഹനങ്ങള്‍ക്ക് തുറന്നുകൊടുത്തിരുന്നു. ബാക്കി ഭാഗമാണ് ഞായറാഴ്ച ഉദ്ഘാടനം ചെയ്യുന്നത്. ഓരോ വശത്തേക്കും നാല് ലൈനോട് കൂടിയതാണ് ബാത്തിന എക്സ്പ്രസ്വേ. മൂന്ന് മീറ്റര്‍ എക്സ്റ്റേണല്‍ ഷോള്‍ഡറുകളും രണ്ട് മീറ്റര്‍ ഇന്‍േറണല്‍ ഷോള്‍ഡറുകളും റോഡിനുണ്ട്. 269 കിലോമീറ്റര്‍ നീളമുള്ള ഹൈവേ ആറുഘട്ടങ്ങളിലായാണ് നിര്‍മിക്കുന്നത്. റുസ്താഖില്‍ നിന്ന് സുവൈഖ് വരെയുള്ള 42 കിലോമീറ്ററാണ് രണ്ടാംഘട്ടത്തിലുള്ളത്. സുവൈഖില്‍ നിന്ന് സഹം വരെ 46 കിലോമീറ്റര്‍ മൂന്നാംഘട്ടത്തിലും സഹത്തില്‍ നിന്ന് സൊഹാര്‍ വരെ 50 കിലോമീറ്റര്‍ നാലാംഘട്ടത്തിലും സൊഹാറില്‍ നിന്ന് ലിവ വരെ 41 കിലോമീറ്റര്‍ അഞ്ചാം ഘട്ടത്തിലും ലിവയില്‍ നിന്ന് ഖത്മത്ത് മലാഹ വരെ 45 കിലോമീറ്റര്‍ ആറാംഘട്ടത്തിലും ഉള്‍പ്പെടുത്തിയാണ് നിര്‍മാണം പുരോഗമിക്കുന്നത്. ഒമാനിലെ സുപ്രധാന റോഡുനിര്‍മാണ പദ്ധതിയായ ഇത് പൂര്‍ത്തിയാകുന്നതോടെ മസ്കത്തില്‍ നിന്ന് ദുബൈയിലേക്കുള്ള യാത്രാസമയം ലാഭിക്കാന്‍ കഴിയും. നിലവിലെ റോഡിലെ തിരക്ക് കുറക്കാനും കഴിയും. വ്യാപാര, വാണിജ്യ മേഖലക്ക് പുറമെ ടൂറിസം മേഖലക്കും പുതിയ റോഡിന്‍െറ വരവ് ഗുണപ്രദമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
