വരയുടെ ലോകത്ത് ഉയരങ്ങളിലേക്കുള്ള വഴിയിൽ ബബീന
text_fieldsമസ്കത്ത്: റൂവി വൽജയിലുള്ള ആലുവ സ്വദേശി അസൂ അലിയാരുടെ വീട്ടിലെത്തിയാൽ സ്വീകരണ മുറിയുടേതടക്കം ഭിത്തിയിൽ തൂങ്ങിയ മനോഹരങ്ങളായ അക്രലിക് പെയിൻറിങ്ങുകൾ കാണാം. പ്രകൃതിയുടെ മനോഹര കാഴ്ചകൾ സ്വാഭാവികത ഒട്ടും ചോരാതെ ഇൗ ക്യാൻവാസുകളിലേക്ക് പകർത്തിയത് മകൾ ബബീനയാണ്. ചിത്രരചനയിൽ പരിശീലനമൊന്നും ലഭിച്ചിട്ടില്ലെങ്കിലും സ്വപ്രയത്നം കൊണ്ട് ഉയരങ്ങളിലേക്കുള്ള വഴിയിലാണ് ഇൗ 17കാരി.
ഹൈസ്കൂൾ പഠനകാലത്താണ് ബബീന ചിത്രരചനയുടെ വഴിയിലേക്ക് തിരിയുന്നത്. പെൻസിൽ ഷെയ്ഡിങ്ങിലായിരുന്നു തുടക്കം. പിന്നീട് കാരിക്കേച്ചറിലേക്കും ഗ്ലാസ് പെയിൻറിങ്ങിലേക്കും തിരിഞ്ഞു. ബന്ധുക്കളെയും കൂട്ടുകാരെയുമൊക്കെ മുന്നിലിരുത്തി കാരിക്കേച്ചറുകൾ വരച്ച് അവരെ ഞെട്ടിച്ചു.
ഒരിക്കൽ അധ്യാപികക്ക് അപ്രതീക്ഷിത പിറന്നാൾ സമ്മാനമായി കാരിക്കേച്ചർ വരച്ചുനൽകി ബബീന സ്കൂളിലും താരമായി. പിന്നീടാണ് അക്രലിക് പെയിൻറിങ്ങിലേക്ക് തിരിഞ്ഞത്. പൂക്കളും മരങ്ങളും ചെടികളുമടക്കം പ്രകൃതിയുടെ സൂക്ഷ്മഭാവങ്ങൾ ക്യാൻവാസിലേക്ക് പകർത്താനാണ് ഏറെ ഇഷ്ടം. ചുറ്റുമുള്ള പ്രകൃതിക്കൊപ്പം ഇൻറർനെറ്റിൽനിന്നുള്ള ചിത്രങ്ങളുമാണ് രചനക്കായി ഉപയോഗിക്കുക. നാലുമുതൽ അഞ്ച് വരെ ദിവസങ്ങളാണ് ഒരു ചിത്രം പൂർത്തിയാക്കാനായി വേണ്ടിവരുകയെന്ന് ബബീന പറയുന്നു. വാരാന്ത്യ അവധി ദിനങ്ങളാണ് ചിത്രരചനക്കായി മാറ്റിവെക്കുക. ഇതോടൊപ്പം അവധിക്കാലവും വരകൾക്കായി നീക്കിവെക്കും. ഫാബ്രിക് പെയിൻറിങ്, ഗ്ലിറ്ററിങ് വർക്ക് എന്നിവയിലും കഴിവുതെളിയിച്ചിട്ടുണ്ട്. ഒാരോ വർഷവും ഒാേരാ രീതികൾ പരീക്ഷിക്കാനാണ് താൽപര്യമെന്ന് ബബീന പറയുന്നു. പരിശീലനത്തിനൊന്നും പോകാതെ ഇൻറർനെറ്റും സാമൂഹിക മാധ്യമങ്ങളും ഉപയോഗിച്ച് മാത്രമാണ് ചിത്രരചന പഠിച്ചതെന്നതും ബബീനയുടെ ചിത്രങ്ങളുടെ മാറ്റ് വർധിപ്പിക്കുന്നു. മൂന്നു സ്കൂൾ വിദ്യാർഥികൾക്ക് ചിത്രരചന പഠിപ്പിച്ചുകൊടുക്കാനും ഇൗ കൊച്ചുമിടുക്കി സമയം കണ്ടെത്തുന്നുണ്ട്. വാദികബീർ സ്കൂളിൽ നിന്ന് പ്ലസ്ടു പൂർത്തിയാക്കിയ ബബീന എൻജിനീയറിങ് പ്രവേശനത്തിനായി കാത്തിരിക്കുകയാണ്. പഠനത്തിനൊപ്പം വരയുടെ ലോകത്ത് സജീവമാകണമെന്നാണ് താൽപര്യം. റഹീലയാണ് മാതാവ്. സഹോദരൻ ബിലാൽ കേരളത്തിൽ എനജിനീയറിങ് പഠനം പൂർത്തിയാക്കിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.