സലാല റൂട്ടിൽ ബസപകടം: ആറുപേർ മരിച്ചു
text_fieldsമസ്കത്ത്: സലാല റൂട്ടിൽ വീണ്ടും ബസപകടം. ബുധനാഴ്ച സന്ധ്യയോടെ ബസും ട്രെയിലർ ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറുപേർ മരിച്ചതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. അപകടത്തിൽ 14 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്. ദുബൈയിൽ നിന്ന് യമനിലേക്ക് പോവുകയായിരുന്ന അബൂഖാലിദ് ട്രാൻസ്പോർട്ട് കമ്പനിയുടെ ബസ് മസ്കത്തിൽനിന്ന് 250 കിലോമീറ്റർ അകലെ ഖറൻ ആലത്തിന് സമീപമാണ് അപകടത്തിൽ പെട്ടത്.
രണ്ടുവരിപ്പാതയിൽ വാഹനങ്ങൾ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബസ് നിശ്ശേഷം തകർന്നു. പരിക്കേറ്റവരെ ആദമിലെയും നിസ്വയിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തിെൻറ വിശദ വിവരങ്ങൾ അറിവായിട്ടില്ല. സ്ഥിതിഗതികൾ നേരിടാൻ അൽ വുസ്ത, ദാഖിലിയ ഗവർണേററ്റുകളിലെ അടിയന്തര രക്ഷാസംവിധാനങ്ങളെല്ലാം പ്രവർത്തനക്ഷമമാക്കിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. സലാല റൂട്ടിൽ രണ്ടു മാസത്തിനിടെയുണ്ടാകുന്ന മൂന്നാമത്തെ അപകടമാണിത്. ഇൗ അപകടങ്ങളിലെല്ലാമായി ഇതുവരെ 11 പേർ മരണപ്പെട്ടിട്ടുണ്ട്.
മേയ് 19ന് ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം നടന്ന ഖറൻ ആലമിൽ തന്നെയാണ് ഇന്നലത്തെ അപകടവും നടന്നത്. മസ്കത്തിൽനിന്ന് സലാലയിലേക്ക് പോവുകയായിരുന്ന ഗൾഫ്ലൈൻ ട്രാൻസ്പോർട്ടിെൻറ (ജി.എൽ.ടി) ബസും സലാലയിൽനിന്ന് ദുബൈയിലേക്ക് പോവുകയായിരുന്ന ഗൾഫ് ട്രാൻസ്പോർട്ട് കമ്പനി (ജി.ടി.സി) ബസുമാണ് അന്ന് കൂട്ടിയിടിച്ചത്.
ഒരു ബംഗ്ലാദേശ് സ്വദേശിയും ഫിലിപ്പീൻസ് സ്വദേശിനിയും ഇൗ അപകടത്തിൽ തൽക്ഷണം മരിച്ചിരുന്നു. പരിക്കേറ്റ ഇൗജിപ്ത് സ്വദേശി ആശുപത്രിയിലും മരണപ്പെട്ടു. ഏപ്രിൽ 28ന് പുലർച്ചെ ഹൈമയിൽ മസ്കത്തിൽനിന്ന് സലാലയിലേക്ക് വരുകയായിരുന്ന സലാല ലൈൻ ട്രാൻസ്പോർട്ട് കമ്പനിയുടെ ബസും ട്രെയിലറും കൂട്ടിയിടിച്ച് ഇന്ത്യക്കാരനടക്കം രണ്ടു പേർ മരിച്ചിരുന്നു. ഇൗ അപകടത്തിൽ മലയാളി കുടുംബത്തിലെ മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
രണ്ടുവരിപ്പാതയായ സലാല റൂട്ടിൽ അപകടങ്ങൾ വർധിച്ചതോടെ മലയാളി ബസ് യാത്രക്കാരുടെ എണ്ണം ഏറെ കുറഞ്ഞിട്ടുണ്ട്. ബജറ്റ് എയർലൈൻസ് ആയ സലാം എയർ സർവിസ് ആരംഭിച്ചതോടെ പതിവ് യാത്രക്കാർ വിമാനത്തിലാണ് പോകുന്നത്. ഖരീഫ് സീസൺ ആരംഭിക്കാനിരിക്കുന്നതോടെ അപകടങ്ങളുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ട്. സാധാരണ ഖരീഫ് സീസണിൽ സലാല റോഡിൽ പൊലീസ് അതീവ സുരക്ഷാ നടപടികൾ ൈകെക്കൊള്ളാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
