ഒമാനിലെ ഇന്ത്യന്‍ പ്രവാസികളുടെ എണ്ണം കുറഞ്ഞു
text_fieldsമസ്കത്ത്: ഒമാനിലെ ഇന്ത്യന്‍ പ്രവാസികളുടെ എണ്ണം കുറഞ്ഞു. ഡിസംബര്‍ അവസാനത്തെ ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിന്‍െറ കണക്കനുസരിച്ച് 6,89,600 ഇന്ത്യക്കാരാണ് ഒമാനിലുള്ളത്. നവംബര്‍ അവസാനം ഇത് 6,91,775 ആയിരുന്നു.
ഒമാനി ജനസംഖ്യയുടെ 46 ശതമാനം പേരാണ് വിദേശികള്‍. ഇതില്‍ 6,98,881 പേരുള്ള ബംഗ്ളാദേശികളാണ് മുമ്പന്‍മാര്‍. 2,32,426 പാകിസ്താനികളും ഇവിടെയുണ്ട്. ബംഗ്ളാദേശികളില്‍ 6,66,071 പേരും പുരുഷന്മാരാണ്. ഒമാനിലെ മൊത്തം വിദേശികളുടെ എണ്ണത്തില്‍ നവംബറിനെ അപേക്ഷിച്ച് ചെറിയ വര്‍ധനയുണ്ട്.
നവംബറില്‍ 18,45,384 ആയിരുന്നത് 18,48,175 ആയാണ് വര്‍ധിച്ചത്. വിദേശികളില്‍ 15,04,936 പേരും സ്വകാര്യമേഖലയിലാണ് തൊഴിലെടുക്കുന്നത്. 60,196 പേര്‍ സര്‍ക്കാര്‍ മേഖലയിലും 2,83,043 പേര്‍ വീട്ടുജോലിക്കാരും സഹായികളുമൊക്കെയായി തൊഴിലെടുക്കുകയും ചെയ്യുന്നു.
ദശാബ്ദങ്ങളായി ഒമാനിലെ തൊഴില്‍ സേനയില്‍ ഒന്നാം സ്ഥാനക്കാരായിരുന്ന ഇന്ത്യക്കാരെ കഴിഞ്ഞ നവംബര്‍ മുതലാണ് ബംഗ്ളാദേശികള്‍ മറികടന്നത്. ബംഗ്ളാദേശ് തൊഴിലാളികളില്‍ കൂടുതലും താഴ്ന്ന വേതനക്കാരാണ്. നിര്‍മാണം, കാര്‍ഷിക മേഖല, വീട്ടുജോലി, ഹോട്ടല്‍ രംഗം എന്നീ മേഖലകളില്‍ ഇവരില്‍ കൂടുതല്‍ പേരുടെയും പ്രതിമാസ ശമ്പളം 60 റിയാല്‍ മുതല്‍ 100 റിയാല്‍ വരെയാണ്. ഈ നിരക്കില്‍ ജോലി ചെയ്യാന്‍ ഇന്ത്യയടക്കം രാഷ്ട്രങ്ങളില്‍നിന്ന് ആളുകളെ കിട്ടാത്തതാണ് ബംഗ്ളാദേശികളുടെ എണ്ണത്തിലെ വര്‍ധനക്ക് കാരണം.
ഒമാനിലെ വിദേശികളുടെ എണ്ണം ഓരോ വര്‍ഷം പിന്നിടുംതോറും വര്‍ധിക്കുകയാണ്. 2010ല്‍ ഒമാനി ജനസംഖ്യയുടെ 29 ശതമാനമായിരുന്ന വിദേശികള്‍ 2011ല്‍ 38.9 ശതമാനമായും 2015 മധ്യത്തോടെ 43 ശതമാനമായും വര്‍ധിച്ചു.
വിദേശതൊഴിലാളികളുടെ വര്‍ധനവ് നിയന്ത്രിക്കല്‍ കൂട്ടായ സാമൂഹിക ഉത്തരവാദിത്തമാണെന്ന് കഴിഞ്ഞ ദിവസം ഉപപ്രധാനമന്ത്രി സയ്യിദ് ഫഹ്ദ് അഭിപ്രായപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.