അഭിമാന നിറവില്‍ പ്രവാസി സമൂഹം റിപ്പബ്ളിക് ദിനം ആഘോഷിച്ചു
text_fieldsമസ്കത്ത്: ദേശാഭിമാന സ്മരണയുടെ നിറവില്‍ അത്യാഹ്ളാദത്തോടെ ഇന്ത്യന്‍ പ്രവാസി സമൂഹം 68ാമത് റിപ്പബ്ളിക് ദിനം ആഘോഷിച്ചു. മസ്കത്തിലെ ഇന്ത്യന്‍ എംബസിയില്‍ നടന്ന ചടങ്ങില്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ പതാക ഉയര്‍ത്തി. തുടര്‍ന്ന് പ്രസിഡന്‍റിന്‍െറ റിപ്പബ്ളിക് ദിന സന്ദേശം അംബാസഡര്‍ വായിച്ചു. ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ ദേശീയഗാനം ആലപിച്ചു. സമൂഹത്തിന്‍െറ വിവിധ തുറകളിലുള്ള പ്രവാസികള്‍ എംബസിയില്‍ റിപ്പബ്ളിക് ദിനാഘോഷത്തിന് എത്തിയിരുന്നു. വൈകീട്ട് എംബസിയില്‍ നടന്ന ആഘോഷ പരിപാടിയില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലവി മുഖ്യാതിഥിയായിരുന്നു. യൂസുഫ് ബിന്‍ അലവിയും അംബാസഡറും ഒരുമിച്ച് കേക്ക് മുറിച്ചു. വിദേശകാര്യ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറിമാര്‍, മജ്ലിസുശൂറ അംഗങ്ങള്‍ തുടങ്ങി ഉന്നത ഒമാനി സര്‍ക്കാര്‍ വൃത്തങ്ങളും പരിപാടിയില്‍ സംബന്ധിച്ചു. ഒമാനിലെ ഇന്ത്യന്‍ സ്കൂളുകളിലും സംഘടനകളുടെ ആഭിമുഖ്യത്തിലും ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. സ്കൂളുകളില്‍ ഇത്തവണ പതാക ഉയര്‍ത്തല്‍ ഉണ്ടായിരുന്നില്ല. അല്‍ സീബ് ഇന്ത്യന്‍ സ്കൂളില്‍ നടന്ന ആഘോഷ പരിപാടിയില്‍ എസ്.എം.സി പ്രസിഡന്‍റ് രവി ജയന്തി മുഖ്യാതിഥിയായിരുന്നു. പ്രസിഡന്‍റിന്‍െറ റിപ്പബ്ളിക് ദിന സന്ദേശം രവി ജയന്തി സദസ്സിന് മുന്നില്‍ വായിച്ചു. സ്കൂള്‍ ക്വയറിന്‍െറ ഗാനാലാപനത്തിന് ഒപ്പം നാനാത്വത്തില്‍ ഏകത്വം എന്ന ആശയത്തിന്‍െറ പ്രധാന്യം വിളിച്ചോതുന്ന നൃത്തപരിപാടിയും നടന്നു. അസി. ഹെഡ്ഗേള്‍ ഗായത്രി കൃഷ്ണന്‍ സ്വാഗതവും അസി. ഹെഡ് ബോയി മിഷാല്‍ മുസദ്ദിഖ് നന്ദിയും പറഞ്ഞു.
ദാര്‍സൈത്ത് ഇന്ത്യന്‍ സ്കൂളില്‍ റിപ്പബ്ളിക് ദിനാഘോഷത്തില്‍ എസ്.എം.സി പ്രസിഡന്‍റ് അജയന്‍ പൊയ്യാര മുഖ്യാതിഥിയായിരുന്നു. മുഖ്യാതിഥി പ്രസിഡന്‍റിന്‍െറ സന്ദേശം വായിച്ചു. എസ്.എം.സി വൈസ് പ്രസിഡന്‍റ് ബിജു സാമുവല്‍, കണ്‍വീനര്‍ തോമസ് ജോര്‍ജ്, ട്രഷറര്‍ അഷ്റഫ് വളപ്പില്‍, പ്രിന്‍സിപ്പല്‍ ഡോ. ശ്രീദേവി പി. തഷ്നത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു. ദേശഭക്തി ഗാനാലാപനം, ‘ഇന്ത്യ ഓഫ് മൈ ഡ്രീംസ്’ സ്കിറ്റ് എന്നിവയും ശ്രദ്ധേയമായി.
അല്‍ മബേല ഇന്ത്യന്‍ സ്കൂളില്‍ റിപ്പബ്ളിക് ദിനാഘോഷത്തിന് ഒപ്പം പൊങ്കല്‍ ആഘോഷവും സംഘടിപ്പിച്ചു. എസ്.എം.സി കണ്‍വീനര്‍ ജോളി മാത്യൂസ് മുഖ്യാതിഥിയായിരുന്നു. ട്രഷറര്‍ ഡോ. ചിത്ര പോത്തിരാജ്, വൈസ് പ്രസിഡന്‍റ് ഡോ. നാഗാറാം ദണ്ഡെ തുടങ്ങിയവരും സംബന്ധിച്ചു. മുഖ്യാതിഥി ഗാര്‍ഡ് ഓഫ് ഹോണര്‍ സ്വീകരിച്ചു. വിദ്യാര്‍ഥികളും അധ്യാപകരും ദേശീയഗാനം ആലപിച്ചു. ദേശഭക്തി വിഷയമാക്കിയ നൃത്തപരിപാടികള്‍ക്കൊപ്പം പൊങ്കല്‍ ആഘോഷത്തിന്‍െറ ഭാഗമായി തമിഴ് നാടോടിനൃത്തം, രംഗോലി, കുടംപൊട്ടിക്കല്‍ മത്സരങ്ങളും നടന്നു. പ്രിന്‍സിപ്പല്‍ പി. പ്രഭാകരനും എസ്.എം.സി അംഗങ്ങളും ആശംസ നേര്‍ന്നു. അല്‍ ഗൂബ്ര ഇന്ത്യന്‍ സ്കൂളില്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ മുഖ്യാതിഥിയായിരുന്നു. ബി.ഒ.ഡി ചെയര്‍മാന്‍ വില്‍സണ്‍ ജോര്‍ജ്, എസ്.എം.സി പ്രസിഡന്‍റ് അഹമ്മദ് റഈസ്, എസ്.എം.സി അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ദേശീയപതാകയിലെ ത്രിവര്‍ണ നിറങ്ങളെ കുറിച്ച് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ‘തിരംഗ’ എന്ന ആവിഷ്കരണം സദസ്സിന് വേറിട്ട അനുഭവമായി.
ഒ.ഐ.സി.സി സൂര്‍ റീജനല്‍ കമ്മിറ്റി ആഭിമുഖ്യത്തില്‍ റിപ്പബ്ളിക് ദിനാഘോഷം സംഘടിപ്പിച്ചു. പ്രസിഡന്‍റ് അനില്‍ ഉഴമലക്കലിന്‍െറ അധ്യക്ഷതയില്‍ പരിപാടി മുതിര്‍ന്ന അംഗം ചിന്നന്‍ മാഷ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഹരീഷ്, ട്രഷറര്‍ സമീര്‍, വേണു കാരേറ്റ്, ചീഫ് കോഓഡിനേറ്റര്‍ സാജു കോശി തുടങ്ങിയവര്‍ സംസാരിച്ചു. അനുലയരാജ് സ്വാഗതവും ശ്രീധര്‍ നന്ദിയും പറഞ്ഞു. മധുര വിതരണവും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
