ചിത്രരചന, കൊളാഷ്, കാര്‍ട്ടൂണ്‍ മത്സരങ്ങള്‍ നാളെ
text_fieldsമസ്കത്ത്: ഇബ്ര ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഇന്ത്യന്‍ സോഷ്യല്‍ക്ളബ് കേരള വിങ് ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ചിത്രരചന, കൊളാഷ്, കാര്‍ട്ടൂണ്‍ മത്സരങ്ങള്‍ വെള്ളിയാഴ്ച നടക്കും. ‘ആര്‍ട്ട്ഫെസ്റ്റ് 2017’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ബുസൈദി മജ്ലിസിലാണ് നടക്കുക. കെ.ജി ഒന്നു മുതല്‍ ഒന്നാം ക്ളാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി കളറിങ് മത്സരവും രണ്ടു മുതല്‍ നാലുവരെ ക്ളാസുകളില്‍ ഉള്ളവര്‍ക്കായി പെന്‍സില്‍ ഡ്രോയിങ് മത്സരവും നടക്കും. അഞ്ചുമുതല്‍ ഏഴുവരെ ക്ളാസുകളില്‍ പഠിക്കുന്നവര്‍ക്കായി ‘വിദ്യാര്‍ഥികളില്‍ സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനം’ എന്ന വിഷയത്തില്‍ കൊളാഷ് മത്സരവും എട്ടുമുതല്‍ പത്തുവരെ ക്ളാസുകളിലുള്ളവര്‍ക്കായി കാര്‍ട്ടൂണ്‍ മത്സരവുമാണ് നടക്കുക. ഇരുനൂറോളം വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മത്സരാര്‍ഥികള്‍ക്കുള്ള ടോക്കണുകള്‍ വെള്ളിയാഴ്ച ഉച്ചക്ക് ഒന്നുമുതല്‍ വിതരണം ചെയ്യും. രണ്ടുമണിക്ക് മത്സരങ്ങള്‍ ആരംഭിക്കും. ഇബ്ര കോളജ് ഓഫ് ടെക്നോളജിയിലെയും അല്‍ ശര്‍ഖിയ സര്‍വകലാശാലയിലെയും അധ്യാപകര്‍ മത്സരത്തിലെ വിധികര്‍ത്താക്കളാകും. 4.30 മുതല്‍ വിദ്യാര്‍ഥികള്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം നടക്കും. വൈകുന്നേരം ആറിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഇബ്രയില്‍നിന്നുള്ള മജ്ലിസുശൂറ അംഗം ശൈഖ് അഹ്മദ് ബിന്‍ സൈഫ് ബിന്‍ അഹ്മദ് അല്‍ ബര്‍വാനി മുഖ്യാതിഥിയായിരിക്കും. ഇബ്ര കോളജ് ഓഫ് ടെക്നോളജി സ്റ്റുഡന്‍റ് അഫയേഴ്സ് അസി. ഡീന്‍ ഡോ. ഇസ്സ സാലിഹ് ഹമൂദ് അല്‍ അംറി, ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് ചെയര്‍മാന്‍ വിത്സണ്‍ വി.ജോര്‍ജ് എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. കുഞ്ഞുമോന്‍, പ്രകാശ് എന്നിവര്‍ രക്ഷാധികാരികളും ഡോ. മുനീര്‍ കണ്‍വീനറുമായുള്ള സമിതിയുടെ നേതൃത്വത്തിലാണ് മത്സരത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.