കുടുംബവിസ: ശമ്പളപരിധി 600 റിയാലായി തുടരും
text_fieldsമസ്കത്ത്: ഒമാനിലേക്ക് കുടുംബത്തെ കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്ന വിദേശികളുടെ ശമ്പളപരിധി 600 റിയാലായി തന്നെ തുടരുമെന്ന് മജ്ലിസുശ്ശൂറ അംഗം താരീഖ് അല്‍ ജുനൈബി ആര്‍.ഒ.പിയുടെ മറുപടി ഉദ്ധരിച്ച് അറിയിച്ചു.
ശമ്പളപരിധി താഴ്ത്തി കൂടുതല്‍ വിദേശികള്‍ക്ക് കുടുംബങ്ങളെ ഒമാനിലേക്ക് കൊണ്ടുവരാന്‍ അവസരമൊരുക്കുന്നത് സംബന്ധിച്ച ശൂറയുടെ ചോദ്യത്തിന് കുടുംബവിസാ നിയമത്തില്‍ എന്തെങ്കിലും മാറ്റം വരുത്തുന്നത് നിലവിലെ സാഹചര്യത്തില്‍ സാധ്യമല്ളെന്ന മറുപടിയാണ് ആര്‍.ഒ.പി നല്‍കിയതെന്ന് കൗണ്‍സില്‍ ഓഫിസ് അംഗം കൂടിയായ അല്‍ ജുനൈബി അറിയിച്ചു. മന്ത്രിസഭാ കൗണ്‍സില്‍ രൂപം നല്‍കിയ പ്രത്യേക കമ്മിറ്റി ഇത് സംബന്ധിച്ച പഠനം നടത്തിയശേഷമാണ് കുടുംബവിസ അനുവദിക്കുന്നതിനുള്ള പരിധി 600 റിയാലായി നിശ്ചയിച്ചതെന്നും കാട്ടിയാണ് ആര്‍.ഒ.പി മറുപടി നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്തിനാണ് ശമ്പളപരിധി നിശ്ചയിച്ചിരിക്കുന്നതെന്നും ഇതുസംബന്ധിച്ച പുനരാലോചന നടത്തണമെന്നുമാണ് ശൂറ ആര്‍.ഒ.പിയോട് ആവശ്യപ്പെട്ടത്. ഇത് വഴി കൂടുതല്‍ പേര്‍ കുടുംബങ്ങളെ ഒമാനിലേക്ക് കൊണ്ടുവരും.
കുടുംബമായി താമസിക്കുന്നവര്‍ കൂടുതല്‍ തുക രാജ്യത്ത് ചെലവഴിക്കുമെന്നുമായിരുന്നു ശൂറയുടെ നിരീക്ഷണം. ഒടുവിലത്തെ കണക്കുകള്‍ പ്രകാരം 17,47,097 വിദേശികളാണ് ഒമാനിലുള്ളത്. 2016ന്‍െറ ആദ്യ പകുതിയില്‍ മാത്രം 2.13 ശതകോടി റിയാലാണ് വിദേശികള്‍ മാതൃരാജ്യങ്ങളിലേക്ക് അയച്ചത്.
പ്രവാസികള്‍ നാട്ടില്‍ അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തുമെന്ന് പ്രചാരണങ്ങളുണ്ടായിരുന്നെങ്കിലും കഴിഞ്ഞ ഒക്ടോബറില്‍ ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് മേധാവി അത് തള്ളിയിരുന്നു. അന്താരാഷ്ട്ര നാണയനിധിയുമായി ഒപ്പിട്ട കരാറുകളുടെ ലംഘനമാകുമെന്നതിനാല്‍ ഒമാന്‍ ഇത്തരം നികുതി ഏര്‍പ്പെടുത്തില്ളെന്നായിരുന്നു സെന്‍ട്രല്‍ ബാങ്ക് മേധാവിയുടെ വിശദീകരണം.
വിദേശികള്‍ നാട്ടില്‍ അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം 2014 നവംബറില്‍ ശൂറാ കൗണ്‍സില്‍ മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍, ഈ നിര്‍ദേശം പിന്നീട് സ്റ്റേറ്റ് കൗണ്‍സില്‍ തള്ളുകയും ചെയ്തിരുന്നു.
എണ്ണവിലയിടിവിനെ തുടര്‍ന്നുള്ള തൊഴില്‍ നഷ്ടവും ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കലും മറ്റും മുന്നില്‍കണ്ട് കുടുംബങ്ങളെ നാട്ടിലേക്ക് അയക്കുന്ന മലയാളികളടക്കം വിദേശികളുടെ എണ്ണം വര്‍ധിച്ചുവരുകയാണ്. കുടുംബങ്ങളുടെ കുറവ് ചെറുകിട വ്യാപാര സ്ഥാപനങ്ങളെ ബാധിക്കുന്നുണ്ട്.
പലയിടത്തും ഫ്ളാറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. താമസക്കാര്‍ എത്താത്തതിനെ തുടര്‍ന്ന് വാടക കുറക്കാന്‍ കെട്ടിടയുടമകള്‍ നിര്‍ബന്ധിതരാവുകയാണ്. കുടുംബത്തെ കൊണ്ടുവരുന്നതിനുള്ള നിബന്ധനകള്‍ നിമിത്തം പുതുതായി ജോലിലഭിക്കുന്ന യുവാക്കളും മറ്റും ഒമാനിലേക്ക് വരാന്‍ മടികാണിക്കുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
