ഒമാനികള്‍ക്കുള്ള ഇ–വിസാ നിബന്ധനകളില്‍ ഇന്ത്യ ഇളവുവരുത്തി
text_fieldsമസ്കത്ത്: ഒമാന്‍ അടക്കം വിദേശരാജ്യങ്ങളില്‍നിന്നുള്ളവരെ കൂടുതലായി ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് ഇ -വിസ നിബന്ധനകളില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഇളവുവരുത്തി. സന്ദര്‍ശനത്തിന്‍െറ ഉദ്ദേശ്യം അനുസരിച്ച് ടൂറിസം, മെഡിക്കല്‍, ബിസിനസ് എന്നീ വിഭാഗങ്ങളിലായിരിക്കും ഇ-വിസ ഇനി നല്‍കുക. ഈ വിഭാഗങ്ങളിലെല്ലാം താമസ കാലാവധി നീട്ടിയതിനൊപ്പം അനുബന്ധ നടപടിക്രമങ്ങള്‍ ഉദാരമാക്കുകയും ചെയ്തിട്ടുണ്ട്.
സന്ദര്‍ശനലക്ഷ്യം അനുസരിച്ചുള്ള വിഭാഗത്തിലെ വിസക്ക് വേണം അപേക്ഷ നല്‍കാന്‍. ഇ-വിസ അനുവദിച്ച് കഴിഞ്ഞാല്‍ 30 ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ എത്തണമെന്നായിരുന്നു മുമ്പ് നിയമം. പരിഷ്കരിച്ച നിയമമനുസരിച്ച് ഇത് 60 ദിവസമായി ഉയര്‍ത്തി. ഇന്ത്യയിലെ താമസ കാലാവധിയിലും വര്‍ധനയുണ്ട്. 30 ദിവസം എന്നത് 60 ദിവസമായാണ് ഉയര്‍ത്തിയത്. മെഡിക്കല്‍ വിസ ആണെങ്കില്‍ ആറുമാസം വരെ താമസിക്കാന്‍ അനുമതി നല്‍കും. ഇതിനായി ഫോറിന്‍ റീജനല്‍ രജിസ്ട്രേഷന്‍ ഓഫിസര്‍ അനുമതി നല്‍കണം. ഇനി ഒരു വിസയില്‍ ഒന്നിലധികം തവണ സന്ദര്‍ശനാനുമതി ലഭിക്കുകയും ചെയ്യും. ടൂറിസ്റ്റ്, ബിസിനസ് വിസകളില്‍ രണ്ടു തവണയും മെഡിക്കല്‍ വിസയില്‍ മൂന്നു തവണയുമാണ് പ്രവേശനാനുമതി നല്‍കുക.
വിനോദസഞ്ചാര മേഖലയും ബിസിനസ് രംഗവും പ്രോത്സാഹിപ്പിക്കുന്നതിനായി അഞ്ചുവര്‍ഷത്തെ മള്‍ട്ടിപ്പ്ള്‍ എന്‍ട്രി വിസയും ഏര്‍പ്പെടുത്തിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. അഞ്ചു വര്‍ഷം കാലാവധിയുള്ളതാകും ഈ വിസകള്‍. ടൂറിസ്റ്റ് വിസയിലെ ഓരോ സന്ദര്‍ശനത്തിലും 90 ദിവസമായിരിക്കും താമസത്തിന് അനുമതിയുണ്ടാവുക. മള്‍ട്ടി എന്‍ട്രി ബിസിനസ് വിസയില്‍ ഓരോ സന്ദര്‍ശനത്തിനും 180 ദിവസമാകും കാലാവധി ഉണ്ടാവുക. കൊച്ചിയും തിരുവനന്തപുരവും അടക്കം രാജ്യത്തെ 16 പ്രമുഖ നഗരങ്ങളിലെ വിമാനത്താവളങ്ങളിലാണ് ഇ- വിസ ഉടമകള്‍ക്ക് ഇറങ്ങാവുന്നത്. കൊച്ചി അടക്കം അഞ്ച് പ്രമുഖ തുറമുഖങ്ങളിലൂടെയും പ്രവേശനാനുമതി ഉണ്ടാകും.
മെഡിക്കല്‍ വിസ ഉടമകള്‍ക്ക് ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങളില്‍ പ്രത്യേക ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ തുടങ്ങും. ഈ വിമാനത്താവളങ്ങളില്‍ രോഗികളെ സ്വീകരിക്കുന്നതിനും വേണ്ട സൗകര്യങ്ങള്‍ ചെയ്തുനല്‍കുന്നതിനും പ്രത്യേക കൗണ്ടറുകള്‍ തുറക്കും. അറബിക്, റഷ്യന്‍ വിവര്‍ത്തകര്‍ ഈ കൗണ്ടറുകളില്‍ ഉണ്ടാകും. ബി.എല്‍.എസ് മസ്കത്ത് സെന്‍ററില്‍ മെഡിക്കല്‍ വിസാ അപേക്ഷകര്‍ക്കായി പ്രത്യേക കൗണ്ടര്‍ തുറന്നിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം മസ്കത്ത് ഇന്ത്യന്‍ എംബസി 11612 മെഡിക്കല്‍ വിസകളും 8491 മെഡിക്കല്‍ വിസകളും 72,000 ടൂറിസ്റ്റ് വിസകളും 900 ബിസിനസ് വിസകളും അനുവദിച്ചിട്ടുണ്ട്.
മെഡിക്കല്‍ വിസാ നടപടിക്രമം എളുപ്പമാക്കിയത് ഒമാനികളെ ഇന്ത്യയിലേക്ക് കൂടുതലായി ആകര്‍ഷിക്കപ്പെടുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നേരത്തേ ടൂറിസ്റ്റ് വിസയുടെ ഇരട്ടിയോളമായിരുന്നു ഒമാനികള്‍ മെഡിക്കല്‍ വിസക്കായി മുടക്കേണ്ടിയിരുന്നത്. അധിക പണം നല്‍കുന്നതില്‍ നിന്ന് ഒഴിവാകുന്നതിനായി ടൂറിസ്റ്റ് വിസയിലായിരുന്നു സ്വദേശികള്‍ ഭൂരിപക്ഷവും ഇന്ത്യയിലേക്ക് പോയിരുന്നത്. ടൂറിസ്റ്റ് വിസകളിലെ വര്‍ധനയും ഇതാണ് കാണിക്കുന്നത്. ടൂറിസ്റ്റ് വിസയിലത്തെിയവരെ വിമാനത്താവളങ്ങളില്‍ തടഞ്ഞുവെച്ച സംഭവത്തെ തുടര്‍ന്ന് ചികിത്സക്കായി പോകുന്നവര്‍ മെഡിക്കല്‍ വിസയില്‍ പോകണമെന്ന് ഒമാന്‍ ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിരുന്നു.
ഭേദഗതി ചെയ്ത നിയമമനുസരിച്ച് ഒരു വിസയില്‍ മൂന്നുതവണ ഇന്ത്യയിലത്തൊമെന്നതും കൂടുതല്‍ ഒമാനികളെ ഇന്ത്യയില്‍ ചികിത്സ തേടാന്‍ പ്രേരിപ്പിക്കും. നിലവില്‍ കൂടുതല്‍ പേരും ചികിത്സതേടുന്നത് തായ്ലന്‍ഡിലാണ്. ഇവരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നത് മെഡിക്കല്‍ ടൂറിസം രംഗത്ത് ഇന്ത്യക്ക് വന്‍ കുതിച്ചുചാട്ടത്തിന് തന്നെ വഴിയൊരുക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
