തിരുവനന്തപുരം പ്രവാസി കൂട്ടായ്മയുടെ അഞ്ചാം വാര്‍ഷികാഘോഷം 13ന്
text_fieldsമസ്കത്ത്: മസ്കത്തിലെ തിരുവനന്തപുരം ജില്ലക്കാരുടെ കൂട്ടായ്മയായ ട്രിവാന്‍ഡ്രം എക്സ്പാട്രിയേറ്റ്സ് അസോസിയേഷന്‍ മസ്കത്ത് (ടീം) അഞ്ചാം വാര്‍ഷികാഘോഷം ഈമാസം 13ന് നടക്കും. വൈകുന്നേരം അഞ്ചരക്ക് ലെ ഗ്രാന്‍ഡ് ഹാള്‍ ഓഡിറ്റോറിയത്തില്‍ ആരംഭിക്കുന്ന ‘പത്മതീര്‍ത്ഥം’ എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിയില്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി വിശിഷ്ടാതിഥിയും ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ മുഖ്യാതിഥിയുമായിരിക്കും. അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായിയെ പരിപാടിയില്‍ ആദരിക്കുകയും ചെയ്യും. മലയാളി സമൂഹത്തില്‍നിന്ന് ബിസിനസ് മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച മൂന്നുപേര്‍ക്കും ചടങ്ങില്‍ ആദരമര്‍പ്പിക്കും. ഇവര്‍ക്കുള്ള സമ്മാനങ്ങളും ഗൗരി ലക്ഷ്മി ഭായി വിതരണം ചെയ്യും. കൂട്ടായ്മയുടെ വെബ്സൈറ്റ് പ്രകാശനത്തിനൊപ്പം കുട്ടികളുടെ വിഭാഗം പുറത്തിറക്കുന്ന കൈയെഴുത്ത് മാസികയുടെ പ്രകാശനവും ചടങ്ങില്‍ നടക്കും.
പ്രശസ്ത ചലച്ചിത്രതാരം സുരാജ് വെഞ്ഞാറമൂട്, ഗായകന്‍ രവിശങ്കര്‍, മിമിക്രി താരം റെജി രാമപുരം എന്നിവര്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ക്ക് പുറമെ കൂട്ടായ്മയിലെ അംഗങ്ങളുടെ കലാപരിപാടികളും ഉണ്ടായിരിക്കും. ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, തിരുവനന്തപുരം എം.പി. ശശി തരൂര്‍, ചലച്ചിത്ര താരം മോഹന്‍ലാല്‍, തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്ത് എന്നിവര്‍ വിഡിയോ ആശംസകള്‍ നേരുമെന്നും സംഘാടകര്‍ അറിയിച്ചു. വൈകുന്നേരം അഞ്ചരക്ക് ആരംഭിക്കുന്ന പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്. സംഘടനയുടെ രക്ഷാധികാരി വി.എം.എ ഹക്കീം, എസ്. കൃഷ്ണന്‍, ഗോപകുമാര്‍, എം.ജി. അനില്‍ മാധവ്, ശ്രീകുമാര്‍, സുരേഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
