വിനിമയ സ്ഥാപനങ്ങളില്‍ 2000 രൂപ നോട്ടുകള്‍ സുലഭം
text_fieldsമസ്കത്ത്: ഇന്ത്യയിലെ ബാങ്കുകളില്‍ പണം ലഭിക്കാന്‍ നിയന്ത്രണവും വരിനില്‍ക്കലും കശപിശയുമെല്ലാം തുടരുമ്പോള്‍ വിദേശ രാജ്യങ്ങളിലെ വിനിമയ സ്ഥാപനങ്ങളില്‍ 2000 രൂപ നോട്ടുകള്‍ സുലഭം. ഒമാന്‍ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലെ കറന്‍സി വിപണിയില്‍ കോടികളുടെ പുതിയ 2000 രൂപ നോട്ടുകളാണ് എത്തുന്നത്. എന്നാല്‍ 500 രൂപയുടെ പുതിയ നോട്ടുകള്‍ ലഭിക്കാത്തത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. നാട്ടില്‍ പണം ലഭിക്കാനുള്ള ബുദ്ധിമുട്ട് ഓര്‍ത്ത് ലീവിന് പോകുന്നവര്‍ ഇന്ത്യന്‍ രൂപ വിനിമയ സ്ഥാപനങ്ങളില്‍നിന്ന് വാങ്ങി കൊണ്ടുപോകുന്നുണ്ട്. പരമാവധി 25,000 രൂപയാണ് ഒരാള്‍ക്ക് നാട്ടിലേക്ക് കൊണ്ടുപോവാന്‍ നിയമപരമായി കഴിയുക. നാട്ടിലെ പൊല്ലാപ്പുകള്‍ കരുതി പലരും ഇതില്‍ കൂടുതലും നാട്ടിലേക്ക് കൊണ്ടുപോവുന്നുണ്ട്. എന്നാല്‍, ഇന്ത്യയില്‍ കറന്‍സിക്ക് ഇത്രയും ക്ഷാമം അനുഭവപ്പെടുമ്പോള്‍ ഗള്‍ഫില്‍ എങ്ങനെ എത്തുന്നുവെന്നും പലരും ആശ്ചര്യപ്പെടുന്നുണ്ട്.
തങ്ങളുടെ വിമാനത്താവളത്തിലെ ശാഖയില്‍ ദിവസവും പത്തു ലക്ഷം പുതിയ ഇന്ത്യന്‍ രൂപയുടെയെങ്കിലും ഇടപാട് നടക്കുന്നതായി അല്‍ ജദീദ് എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ ബി. രാജന്‍ പറഞ്ഞു. തങ്ങളുടെ എല്ലാ ശാഖകളിലും ഇന്ത്യന്‍ നോട്ടുകള്‍ സുലഭമാണ്. അവധിക്ക് പോവുന്ന ഇന്ത്യക്കാരും ചികിത്സക്കും വിനോദസഞ്ചാരത്തിനും ഇന്ത്യയിലേക്ക് പോവുന്ന സ്വദേശികളും ഇന്ത്യന്‍ രൂപ വാങ്ങുന്നതായി അദ്ദേഹം പറഞ്ഞു. ഒരാഴ്ചയില്‍ ചുരുങ്ങിയത് 75 ലക്ഷം രൂപയെങ്കിലും തങ്ങള്‍ ദുബൈ കറന്‍സി മാര്‍ക്കറ്റില്‍നിന്നും വാങ്ങുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ദിവസേന നിരക്കുകള്‍ കുറയുന്നത് കൊണ്ടാണ് കൂടുതല്‍ തുക കൊണ്ടുവരാത്തതെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ പത്തുമുതല്‍ 15 വരെ 6.500 റിയാലിന് ആയിരം ഇന്ത്യന്‍ രൂപ എന്ന നിരക്കിലാണ് ദുബൈ മാര്‍ക്കറ്റില്‍ നിന്ന് ലഭിച്ചിരുന്നത്. ഒമാന്‍ മാര്‍ക്കറ്റില്‍ 6.700 വില്‍പന നടത്തുകയും ചെയ്തു. എന്നാല്‍, ഈ ആഴ്ചയില്‍ ആയിരം രൂപക്ക് 5.900 റിയാല്‍ എന്ന നിരക്കില്‍ ദുബൈ മാര്‍ക്കറ്റില്‍ ലഭ്യമായി. ഇത് 6.100 റിയാലിനാണ് ഒമാന്‍ വിനിമയ സ്ഥാപനങ്ങളില്‍ വില്‍ക്കുന്നത്. രണ്ടാഴ്ചക്കുള്ളില്‍ നിരക്ക് ഇനിയും കുറയുമെന്നും ആയിരം രൂപക്ക് 5.700 റിയാല്‍ എന്ന നിരക്കിലേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ, മാര്‍ക്കറ്റില്‍ ഇന്ത്യന്‍ രൂപ കൂടുതല്‍ സുലഭമാവും.
2000 രൂപയൂടെ നോട്ടുകള്‍ ഒമാനില്‍ സുലഭമായി ലഭിക്കുന്നതായി ഗ്ളോബല്‍ മണി എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ ആര്‍. മധുസൂദനന്‍ പറഞ്ഞു. എന്നാല്‍ 500 രൂപ നോട്ടുകളും 100 രൂപ നോട്ടുകളും ധാരാളമായി എത്തേണ്ടതുണ്ട്. 500 രൂപ നോട്ടുകള്‍ വിപണിയില്‍ എത്തിക്കഴിഞ്ഞാല്‍ കൂടുതല്‍ പേര്‍ വിനിമയത്തിനത്തെുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം പ്രവാസികള്‍ക്ക് പഴയ നോട്ടുകള്‍ മാറാന്‍ സമയം ലഭിച്ചത് വലിയ അനുഗ്രഹമാണ്. തിരുവനന്തപുരത്തെ റിസര്‍വ് ബാങ്ക് ശാഖയില്‍ പഴയ നോട്ടുകള്‍ മാറാന്‍ സൗകര്യമൊരുക്കുന്നതിന് ശ്രമം നടക്കുന്നുണ്ട്. ഇത് യാഥാര്‍ഥ്യമാകുന്ന പക്ഷം പ്രവാസികള്‍ക്ക് കൈവശമുള്ള രൂപ ഇവിടെ നിക്ഷേപിച്ചാല്‍ മതിയാകും. ഗള്‍ഫ് രാജ്യങ്ങളിലും സിംഗപ്പൂര്‍, മലേഷ്യ, ഹോങ്കോങ്, നേപ്പാള്‍, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ കൈയിലും കോടികളുടെ ഇന്ത്യന്‍ രൂപയാണ് കെട്ടിക്കിടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
