വാഹനാപകടം: മലയാളിക്ക് 94 ലക്ഷം രൂപ നഷ്ടപരിഹാരം
text_fieldsമസ്കത്ത്: വാഹനാപകടത്തില്‍ ഗുരുതരപരിക്കേറ്റ് ചലനശേഷി നഷ്ടപ്പെട്ട മലയാളിക്ക് 54,750 റിയാല്‍ (ഏകദേശം 94 ലക്ഷം രൂപയിലധികം) നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി.
തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി ബാലകൃഷ്ണന്‍ രാധാകൃഷ്ണനാണ് മസ്കത്ത് പ്രൈമറി കോടതി വന്‍തുകയുടെ നഷ്ടപരിഹാരം വിധിച്ചത്.
വിധിക്കെതിരെ ഇന്‍ഷുറന്‍സ് കമ്പനി അപ്പീലിന് പോയെങ്കിലും അപ്പീല്‍ കോടതിയും വിധി ശരിവെച്ചു.
മുസന്ന ഗ്രഹാത്തിലെ വാഹന വര്‍ക്ക്ഷോപ് ജീവനക്കാരനായിരുന്ന ബാലകൃഷ്ണന്‍ കഴിഞ്ഞവര്‍ഷം ഫെബ്രുവരി അഞ്ചിനാണ് അപകടത്തില്‍പെട്ടത്. മുസന്ന തരീഫില്‍നിന്ന് സാധനങ്ങള്‍ വാങ്ങി തിരിച്ചുവരവേ വര്‍ക്ക്ഷോപ്പിന് മുന്നില്‍ വെച്ചാണ് അപകടമുണ്ടായത്.
ടാക്സിയില്‍നിന്ന് റോഡിലേക്ക് ഇറങ്ങി പൈസ കൊടുക്കവേ ടാക്സിക്ക് പിന്നില്‍ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. അപകടത്തിന്‍െറ ആഘാതത്തില്‍ തെറിച്ചുപോയ ബാലകൃഷ്ണന്‍െറ നട്ടെല്ലിനാണ് ഗുരുതര പരിക്കേറ്റത്.
ആദ്യം റുസ്താഖ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ പിന്നീട് ഖൗല ആശുപത്രിയിലേക്ക് മാറ്റി. രണ്ട് മാസത്തോളം ഖൗലയിലെ ചികിത്സക്ക് ശേഷം പിന്നീട് നാട്ടിലേക്ക് കൊണ്ടുപോയി.
നിലവില്‍ നെഞ്ചിന് താഴെ ഭാഗത്തേക്ക് സ്പര്‍ശനം പോലും അറിയാന്‍ കഴിയാത്തവിധം ചലനശേഷി പൂര്‍ണമായും നഷ്ടപ്പെട്ടതായി മുസന്നയില്‍ ജോലി ചെയ്യുന്ന മകന്‍ ഷിനോജ് പറഞ്ഞു.
ചികിത്സ കൊണ്ട് കാര്യമായ പ്രയോജനമില്ളെന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടത്. അതിനാല്‍ പിതാവ് വീട്ടില്‍തന്നെയാണ് ഉള്ളത്.
ഒരു വര്‍ഷത്തിനുള്ളില്‍തന്നെ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച നീതിന്യായ വ്യവസ്ഥയോട് നന്ദി അറിയിക്കുന്നതായും ഷിനോജ് പറഞ്ഞു.
ഖാലിദ് അല്‍ വഹൈബി ലീഗല്‍ ഫേം ആണ് കേസ് വാദിച്ചത്. ഗുരുതര പരിക്കുകളേറ്റ് നൂറുശതമാനം ചലനശേഷി നഷ്ടപ്പെട്ട ബാലകൃഷ്ണന് ഭാവിയിലേക്കുള്ള ചികിത്സ ചെലവുകള്‍ കൂടി കണക്കിലെടുത്താണ് വന്‍തുക നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചതെന്ന് ഖാലിദ് അല്‍ വഹൈബിയിലെ മുതിര്‍ന്ന അഭിഭാഷകയായ ദീപ സുധീര്‍ പറഞ്ഞു.
മുതിര്‍ന്ന അഭിഭാഷകരായ നാസര്‍ അല്‍ സിയാബി, മാഹെര്‍ അല്‍ റവാഹി എന്നിവരാണ് കേസ് വാദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.