അറബ് സംഗീതോപകരണങ്ങള്‍ക്ക് പിന്നിലെ മലയാളി സ്പര്‍ശം
text_fieldsമുസന്ന: മലയാളികള്‍ അധികമൊന്നും കൈവെക്കാത്ത മേഖലയാണ് അറബ് സംഗീത ഉപകരണങ്ങളുടെ നിര്‍മാണം. ഈ മേഖലയില്‍ കേരളത്തിന്‍െറ സാന്നിധ്യമാവുകയാണ് തര്‍മത്തിലെ അല്‍ ഹബ്ബാബ് ഹാന്‍ഡിക്രാഫ്റ്റ് എന്ന സ്ഥാപനത്തിലെ മലയാളികള്‍. സ്വദേശി പൗരനായ സയ്യിദ് അല്‍ ഹബ്ബാബിന്‍െറ ഉടമസ്ഥതയിലുള്ളതാണ് മലയാളികള്‍ ഭൂരിപക്ഷമുള്ള ഈ കമ്പനി. അറബികളുടെ, പ്രത്യേകിച്ച് ഒമാനികളുടെ പാരമ്പര്യവും സംസ്കാരവുമായി ഇഴചേര്‍ന്നതാണ് സംഗീതവും പാരമ്പര്യ നൃത്തവും. അതുകൊണ്ടുതന്നെ ആഘോഷവേളകളുടെ അവിഭാജ്യഘടകങ്ങളാണ് സംഗീതവും നൃത്തവും. ചെണ്ട, കുഴല്‍വാദ്യം തുടങ്ങിയവയാണ് ഇവര്‍ ഉപയോഗിക്കുന്ന പ്രധാന സംഗീതോപകരണങ്ങള്‍. ഏറെ ശ്രദ്ധയോടെ നിര്‍മിക്കേണ്ടതാണ് ഇവയെന്ന് സ്ഥാപനത്തിലെ ഫോര്‍മാനായ കൊല്ലം തങ്കശ്ശേരി സ്വദേശി രാജു പറയുന്നു. നാട്ടില്‍ ആശാരിയായിരുന്ന രാജു എട്ടുവര്‍ഷം മുമ്പാണ് ഒമാനിലത്തെുന്നത്. ഇവിടെ എത്തിയശേഷം തൊഴിലുടമയുടെ ശിക്ഷണത്തിലാണ് രാജു ഇവയുടെ നിര്‍മാണത്തില്‍ പ്രാവീണ്യം നേടിയത്. 30 സെ.മീറ്റര്‍ മുതല്‍ 110 സെ.മീറ്റര്‍ വരെ പല വലുപ്പത്തിലുള്ള ചെണ്ടകള്‍ ഇവിടെ നിര്‍മിക്കുന്നുണ്ട്. ചെറിയ ചെണ്ടക്ക് കാസര്‍ എന്നും വലുതിന് റഹ്മാനി എന്നുമാണ് പേര്. ബദാമിന്‍െറയും ആര്യവേപ്പിന്‍െറയും തടിയാണ് നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. മുമ്പ് ഒമാനികള്‍ കൈകൊണ്ട് ഉണ്ടാക്കിയിരുന്ന ചെണ്ടകള്‍ ഇപ്പോള്‍ യന്ത്രസഹായത്താലാണ് നിര്‍മിക്കുന്നതെങ്കിലും കണക്കുകള്‍ തെറ്റാതെ നോക്കേണ്ടതുണ്ടെന്ന് രാജു പറയുന്നു. തടിയുടെ വണ്ണമടക്കം ഘടകങ്ങള്‍ ചെണ്ടയുടെ ശബ്ദത്തെ ബാധിക്കുമെന്നതിനാലാണിത്. മെഷീനില്‍ ശരിയാക്കിയശേഷം ആടിന്‍െറയും പശുവിന്‍െറയും തോല്‍ കെട്ടുന്നതോടെയാണ് നിര്‍മാണം പൂര്‍ത്തിയാകുന്നത്. ചെറിയ വിഭാഗത്തിലുള്ളവക്ക് പശുവിന്‍െറ തോലും വലിയ ചെണ്ടകള്‍ക്ക് ആടിന്‍െറ തോലുകളുമാണ് ഉപയോഗിക്കുക. വലിയവയുടെ ഒരു വശത്ത് ഒമാനി ആടിന്‍െറയും മറുവശത്ത് സോമാലിയന്‍ ആടിന്‍െറയും തൊലിയാണ് ഉപയോഗിക്കുക. തോല്‍ കെട്ടുന്നതിലും തുടര്‍ന്ന് കയര്‍ കെട്ടുന്നതിലുമെല്ലാം നിശ്ചിത രീതികളുണ്ട്. അഞ്ചു റിയാല്‍ മുതല്‍ 150 റിയാല്‍ വരെയാണ് ചെണ്ടകളുടെ വില. മുന്‍കാലങ്ങളില്‍ കിണറുകളില്‍നിന്ന് വെള്ളം കോരിയെടുക്കുന്നതിന് ഉപയോഗിച്ചിരുന്ന മരച്ചക്രത്തിന്‍െറ മാതൃകയിലുള്ള മന്‍യൂറുകളുടെ നിര്‍മാണവും അറ്റകുറ്റപ്പണികളും ഇവിടെ നടത്തുന്നുണ്ട്. കയര്‍ ഉപയോഗിച്ച് മന്‍യൂറുകള്‍ കറക്കുമ്പോള്‍ ശബ്ദം പുറത്തുവരും. പാരമ്പര്യ മേളകളിലും മറ്റും വിവിധ ടീമുകളായി തിരിഞ്ഞ് മന്‍യൂര്‍ കറക്കല്‍ മത്സരം സംഘടിപ്പിക്കുക സ്വദേശികളുടെ ഹരമാണ്. ഇതോടൊപ്പം കുഴല്‍വാദ്യവും ഗറ എന്ന സംഗീതോപകരണവും ഇവിടെ നിര്‍മിക്കുന്നു. ഇവിടെ നിര്‍മിക്കുന്ന പായ്ക്കപ്പലുകളുടെയും മറ്റും മാതൃകകള്‍ക്കും ആവശ്യക്കാരുണ്ട്. സ്വദേശി പുരുഷന്മാരുടെയും സ്ത്രീകളുടെയും പരമ്പരാഗത വസ്ത്രങ്ങള്‍ നെയ്തെടുക്കുന്ന നെയ്ത്തുശാലയും ഇവിടെയുണ്ട്.
പട്ടിലും കോട്ടന്‍ നൂലിലും നിര്‍മിക്കുന്ന ഒമാനി വനിതകള്‍ ഉപയോഗിക്കുന്ന ഷാളായ ഹസിയ, പുരുഷന്മാര്‍ തലയില്‍ കെട്ടാന്‍ ഉപയോഗിക്കുന്ന മസര്‍, സുബാഇയ (ഷാള്‍) എന്നിവയും ഇവിടെയുണ്ടാക്കുന്നുണ്ട്. വളരെ കുറഞ്ഞ സഥലങ്ങളിലേ ഇതുപോലുള്ള സ്ഥാപനങ്ങള്‍ ഉള്ളൂവെന്നതിനാല്‍ ഒമാന്‍െറ ഏതാണ്ടെല്ലാ ഭാഗത്തുനിന്നും ഒപ്പം ജി.സി.സി രാഷ്ട്രങ്ങളില്‍നിന്നും തങ്ങള്‍ക്ക് ഉപഭോക്താക്കള്‍ ഉണ്ടെന്ന് സ്ഥാപന ഉടമയായ സയ്യിദ് അല്‍ ഹബ്ബാബ് പറയുന്നു. ഇദ്ദേഹം 15ാം വയസ്സില്‍ പിതാവിന്‍െറ പാത പിന്‍പറ്റിയാണ് മരപ്പണി പഠിച്ചത്. മുതലാളി ചമഞ്ഞിരിക്കാതെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം മരപ്പണിക്കിറങ്ങാനും നെയ്ത്തിനിറങ്ങാനും ഒട്ടും മടിയില്ലാത്തയാളാണ് അല്‍ ഹബ്ബാബ്. മരപ്പണിക്കൊപ്പം പഴയ സാധനങ്ങള്‍ ശേഖരിക്കുന്ന ഹോബികൂടി അല്‍ ഹബ്ബാബിനുണ്ട്. പഴയ റേഡിയോ, ടെലിവിഷന്‍, പാത്രങ്ങള്‍, ബ്രിട്ടീഷുകാരുടെ കാലത്തെ ലൈസന്‍സുകള്‍, കറന്‍സി നോട്ടുകള്‍ തുടങ്ങി പഴമയുടെ തിളക്കമുള്ള ഒരുപിടി സാധനങ്ങള്‍ ഇദ്ദേഹത്തിന്‍െറ ശേഖരത്തിലുണ്ട്. സ്ഥാപനത്തിനോട് ചേര്‍ന്ന മുറിയില്‍ മൂന്നു ഷെല്‍ഫുകളിലായി ഒരുക്കിയിരിക്കുന്ന ഈ പുരാവസ്തു സാധനങ്ങള്‍ ഇവിടെയത്തെുന്നവര്‍ക്ക് വിസ്മയ കാഴ്ചയാണ്. രാജുവിന് പുറമെ അന്‍ഫര്‍, നിഷില്‍, സുബ്രഹ്മണ്യന്‍, ശരത്, രഞ്ജു, ലാലു, സുധീഷ്, വിഷ്ണു, പ്രിന്‍സ്, നിഖില്‍ എന്നിവരാണ് ഇവിടത്തെ മറ്റു മലയാളി ജീവനക്കാര്‍. ബംഗാളികളും പാകിസ്താനികളും ഉണ്ടെങ്കിലും മലയാളികള്‍തന്നെയാണ് ഭൂരിപക്ഷം. ഒമാനികള്‍ക്കുപുറമെ മലയാളികളും ഇവിടെ സന്ദര്‍ശകരായി എത്താറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
