ദുകമിലെ അടിസ്ഥാന സൗകര്യ വികസനം: 8.4 കോടി റിയാലിന്‍െറ കരാര്‍ ഒപ്പിട്ടു
text_fieldsമസ്കത്ത്: 2020ഓടെ ദുകമിനെ സമ്പൂര്‍ണ നഗരമാക്കി മാറ്റിയെടുക്കാന്‍ ലക്ഷ്യമിട്ടുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ നടപ്പാക്കാനായി 8.4 കോടി റിയാലിന്‍െറ കരാറുകള്‍ ഒപ്പിട്ടു. പ്രത്യേക സാമ്പത്തിക മേഖലാ ചെയര്‍മാന്‍ യഹ്യാ ബിന്‍ സൈദ് അല്‍ ജാബിരിയാണ് വിവിധ കമ്പനികളുമായി ഇതുസംബന്ധിച്ച കരാറുകള്‍ ഒപ്പിട്ടത്. ഒമ്പതാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തി അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നത് വഴി നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനൊപ്പം ജോലിക്കും താമസത്തിനും ആകര്‍ഷകമായ നഗരമായി ദുകം മാറുമെന്നാണ് പ്രത്യേക സാമ്പത്തിക മേഖലാ അധികൃതരുടെ പ്രതീക്ഷ.
മഴയും മറ്റും ഉണ്ടാകുന്ന പക്ഷം ജലം അതിവേഗത്തില്‍ വറ്റിക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് കരാറില്‍ പ്രധാനപ്പെട്ടത്. സംരക്ഷണ അണക്കെട്ടുകള്‍ക്ക് ഒപ്പം വാദികളിലെ ജല പ്രവാഹം സുരക്ഷിതമായി കടലില്‍ എത്തിക്കുന്നതിനുള്ള ഡ്രെയിനേജ് ചാനലുകളും ഉള്‍പ്പെട്ടതാണ് ഈ സംവിധാനം. ദുകമില്‍ പ്രതീക്ഷിക്കുന്ന മഴ കണക്കിലെടുത്താകും ഈ സംവിധാനത്തിന്‍െറ ശേഷി തീരുമാനിക്കുക. പ്രത്യേക സാമ്പത്തിക മേഖലയിലെ പദ്ധതികള്‍ക്ക് മഴക്കെടുതികളില്‍നിന്ന് സംരക്ഷണം നല്‍കുകയാണ് ഈ സംവിധാനത്തിന്‍െറ ലക്ഷ്യം.
രണ്ട് ഡ്രെയിനേജ് ചാനലുകള്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ടതാണ് ആദ്യത്തെ കരാര്‍. വാദി ജര്‍ഫ് എന്നറിയപ്പെടുന്ന ആദ്യത്തെ ചാനലിന് 12 കിലോമീറ്റര്‍ നീളവും 340 മുതല്‍ 650 മീറ്റര്‍ വരെ വിസ്തൃതിയും ഉണ്ടാകും. കടലിലായിരിക്കും ഇതിന്‍െറ അറ്റം. വാദി സായ് എന്നറിയപ്പെടുന്ന രണ്ടാമത്തെ ചാനലിന് പത്തു കിലോമീറ്ററാകും നീളം. 90 മുതല്‍ 320 മീറ്റര്‍ വരെ വിസ്തൃതിയുള്ള ഇത് വാദി ജര്‍ഫുമായി ബന്ധിപ്പിക്കുകയാണ് ലക്ഷ്യം. 49.7 ദശലക്ഷം റിയാല്‍ അടങ്കല്‍ തുകയാണ് ഈ പദ്ധതിക്കുള്ളത്.
രണ്ടു സംരക്ഷണ അണക്കെട്ടുകള്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ടാണ് രണ്ടാമത്തെ കരാര്‍. വാദി ജര്‍ഫ് ഡ്രെയിനേജ് ചാനലിന് മുകളില്‍ 19.4 മീറ്റര്‍ ഉയരത്തിലും 1.6 കിലോമീറ്റര്‍ നീളത്തിലും നിര്‍മിക്കുന്ന ആദ്യ അണക്കെട്ടിന് 32.8 ദശലക്ഷം ക്യുബിക്ക് മീറ്റര്‍ സംഭരണ ശേഷിയുണ്ടാകും. വാദി സായിക്ക് മുകളില്‍ 16.4 മീറ്റര്‍ ഉയരത്തിലും 3.3 കിലോമീറ്റര്‍ നീളത്തിലുമാകും അണക്കെട്ട് നിര്‍മിക്കുക. 17 ദശലക്ഷം ക്യുബിക്ക് മീറ്ററാകും ഇതിന്‍െറ സംഭരണ ശേഷി. 27 ദശലക്ഷം റിയാല്‍ അടങ്കലുള്ള ഈ അണക്കെട്ടുകള്‍ 2019 അവസാനത്തോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. കണക്ഷന്‍ റോഡുകള്‍ നിര്‍മിക്കുന്നതിനാണ് മൂന്നാമത്തെ കരാര്‍. പ്രധാന റോഡായ സുല്‍ത്താന്‍ സൈദ് ബിന്‍ തൈമൂര്‍ റോഡില്‍ പവര്‍ സ്റ്റേഷന് തെക്കു ഭാഗത്ത് നിന്നും ദുകം പോര്‍ട്ടിന് വടക്കുവശത്ത് സെബാസിക്ക് ആസിഡ് കമ്പനിയുടെ സ്ഥലത്തിലൂടെയുമാകും ഈ റോഡുകള്‍ നിര്‍മിക്കുക. കരാര്‍ പ്രകാരം 2.2 കിലോമീറ്റര്‍ നീളമുള്ള ഇരട്ടപ്പാതയും മൂന്നു കിലോമീറ്റര്‍ നീളമുള്ള ഒറ്റവരിപ്പാതയും നിര്‍മിക്കും. 574 മീറ്ററാകും മൊത്തം റോഡിന്‍െറ ദൈര്‍ഘ്യം. ദുകം റിഫൈനറിയിലേക്ക് രണ്ടു പ്രവേശന കവാടങ്ങള്‍ക്ക് ഒപ്പം ട്രാഫിക് സിഗ്നലുകള്‍, രണ്ട് റൗണ്ട് എബൗട്ടുകള്‍, മഴവെള്ളം ഒഴുകിപ്പോകുന്നതിനുള്ള ഡ്രെയിനേജ്, സ്ട്രീറ്റ് ലൈറ്റുകള്‍ എന്നിവയും ഈ റോഡിലുണ്ടാകും. 7.2 ദശലക്ഷം റിയാലാണ് പദ്ധതിയുടെ അടങ്കല്‍.
ദുകമിലെ ടൂറിസം റോഡിന് സമാന്തരമായി സര്‍വിസ് റോഡ് നിര്‍മിക്കാനാണ് നാലാമത്തെ കരാര്‍. 63 ബസുകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സൗകര്യം, കാല്‍നടയാത്രക്കാര്‍ക്കുള്ള പ്രത്യേക പാതകള്‍, മഴവെള്ളം ഒഴുകിപ്പോകുന്നതിനുള്ള സംവിധാനങ്ങള്‍ എന്നിവയും ഇവിടെയുണ്ടാകും. 7.52 ലക്ഷം റിയാലാണ് പദ്ധതിയുടെ അടങ്കല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
