ആത്മഹത്യകളുടെ എണ്ണം കുറഞ്ഞു; കൂടുതൽ പേർ ഇന്ത്യക്കാർ
text_fieldsമസ്കത്ത്: ഒമാനിൽ കഴിഞ്ഞവർഷം ആത്മഹത്യകളുടെ എണ്ണം കുറഞ്ഞതായി കണക്കുകൾ. 2015ൽ 30 പേർ ആത്മഹത്യ ചെയ്ത സ്ഥാനത്ത് കഴിഞ്ഞവർഷം 25 പേരാണ് മരിച്ചത്. ഇതിൽ 15പേരും ഇന്ത്യക്കാരാണ്. അഞ്ചുപേർ ഒമാനികളാണ്. പുരുഷന്മാരിലാണ് ആത്മഹത്യാ പ്രവണത കൂടുതൽ. കഴിഞ്ഞവർഷത്തെ കണക്കെടുക്കുേമ്പാൾ 90 ശതമാനത്തിലധികം പേരും പുരുഷന്മാരാണെന്ന് പബ്ലിക് പ്രോസിക്യൂഷെൻറ കണക്കുകൾ പറയുന്നു.
ഒൗദ്യോഗിക കണക്കുകൾ ലഭ്യമല്ലെങ്കിലും ആത്മഹത്യ ചെയ്തവരിൽ ഭൂരിപക്ഷവും മലയാളികളാണെന്ന് സാമൂഹിക പ്രവർത്തകർ പറയുന്നു. കുറഞ്ഞ വേതനത്തിൽ ജോലി ചെയ്തിരുന്നവരും നാട്ടിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുമാണ് ഇവരിൽ കൂടുതലും.
സാമ്പത്തിക പ്രശ്നങ്ങളാണ് കൂടുതൽ ആത്മഹത്യകൾക്കും കാരണം. ജോലി സ്ഥലത്തെ സമ്മർദം, ഒറ്റപ്പെടൽ, വിഷാദം, കുടുംബപ്രശ്നങ്ങൾ എന്നിവയും ആത്മഹത്യകൾക്ക് വഴിയൊരുക്കുന്നുണ്ട്. കഴിഞ്ഞവർഷം മേയ് മാസത്തിലാണ് കൂടുതൽ ഇന്ത്യക്കാരുടെ ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. മേയ് ഏഴുമുതൽ 17 വരെ കാലയളവിൽ മാത്രം മൂന്നു മലയാളികൾ അടക്കം നാലു പേരാണ് സ്വയം മരണത്തിെൻറ വഴി തെരഞ്ഞെടുത്തത്. ഇതേ തുടർന്ന് തൊഴിലാളികൾക്ക് എല്ലാ വിധത്തിലുള്ള പിന്തുണയും നൽകുമെന്ന് അംബാസഡർ അറിയിച്ചിരുന്നു.
ഇതിെൻറ ഭാഗമായി ഉൾപ്രദേശങ്ങളിൽ ലേബർക്യാമ്പുകളും മറ്റും അംബാസഡർ സന്ദർശിച്ചിരുന്നു. ഇന്ത്യൻ സമൂഹത്തിെൻറ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനായി ഒമാെൻറ വിവിധയിടങ്ങളിൽ എംബസി ആഭിമുഖ്യത്തിൽ കമ്യൂണിറ്റി പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. അതേസമയം, ഒമാനിലെ ഇന്ത്യക്കാരുടെ ആത്മഹത്യാ നിരക്ക് ഒാരോ വർഷവും കുറഞ്ഞുവരുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2012ലെ 63 പേരുടെ സ്ഥാനത്ത് 2013ൽ 54 പേരും 2014ൽ 34 പേരും 2015ൽ 30 പേരുമാണ് ആത്മഹത്യ ചെയ്തത്.
കുറഞ്ഞ വേതനം ലഭിക്കുന്ന ബ്ലൂകോളർ തൊഴിലാളികളാണ് ആത്മഹത്യയെ കുറിച്ച് കൂടുതലും ചിന്തിക്കുന്നതെന്ന് സോഷ്യോളജിസ്റ്റ് അഹമ്മദ് അൽ ഖാറൂസി പറഞ്ഞു. കുറഞ്ഞ വേതനവും ബാങ്ക് വായ്പയടക്കം ബാധ്യതകളും ഇവരിൽ നിരാശ വളർത്തുന്നു. മാനസികമായി ബുദ്ധിമുട്ടുകളും അസ്വസ്ഥതയും അനുഭവിക്കുന്നവർക്ക് പിന്തുണ നൽകാൻ കൂടുതൽ ബോധവത്കരണ പരിപാടികൾ അനിവാര്യമാണെന്നും അൽ ഖാറൂസി പറഞ്ഞു. സാമ്പത്തികമായും മറ്റും ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് വിനോദത്തിന് അവസരം നൽകുക വഴി ആത്മഹത്യാ നിരക്ക് കുറക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒമാനി പീനൽകോഡിെൻറ ആർട്ടിക്ക്ൾ 274 പ്രകാരം ആത്മഹത്യാശ്രമവും ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നതുമെല്ലാം ശിക്ഷാർഹമായ കുറ്റമാണ്. നിയമലംഘകർക്ക് അഞ്ചുവർഷം വരെ തടവുശിക്ഷ നൽകാനും നിയമം വ്യവസ്ഥ ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.