പുതിയ പാെട്ടഴുത്തുകാരുടെ വഴി തടയപ്പെടുന്നു –ടി.കെ. അലി പൈങ്ങോട്ടായി
text_fieldsമസ്കത്ത്: സാേങ്കതികവിദ്യയുടെ വളർച്ച പാട്ടുപാടുന്നവർക്കും സാേങ്കതിക മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ഏറെ സൗകര്യങ്ങൾ ഒരുക്കിയെങ്കിലും പുതിയ എഴുത്തുകാരുടെ വഴി തടയപ്പെടുന്ന കാലമാണിതെന്ന് മൂന്നര പതിറ്റാണ്ടായി മാപ്പിള പാട്ട് രചനാരംഗത്ത് മുദ്രപതിപ്പിച്ച മാപ്പിള കവി ടി.കെ. അലി പൈങ്ങോട്ടായി. മുൻകാലങ്ങളിൽ സർഗവാസനയുള്ളവർക്ക് വളരാനും ഉയരങ്ങളിലെത്താനും ഏറെ വഴികളുണ്ടായിരുന്നു. ആദ്യകാലങ്ങളിൽ പാട്ടുപുസ്തകങ്ങളെഴുതിയും പിന്നീട് കാസറ്റുകളും സീഡികളും പുറത്തിറക്കിയും നിരവധി മാപ്പിള കവികൾ ഉയർന്നുവന്നിരുന്നു. സ്വന്തമായി കാസറ്റുകളും സീഡികളും ഇറക്കുക വഴി ഇവരുടെ കഴിവുകൾ സമൂഹത്തിൽ എത്തിക്കാനും സാമ്പത്തിക മെച്ചമുണ്ടാക്കാനും കഴിഞ്ഞു. എന്നാൽ, കാസറ്റുകളുടെയും സീഡികളുടെയും മുന്നറിയിപ്പില്ലാതെയുള്ള പിൻമാറ്റം മാപ്പിളപ്പാട്ട് ശാഖയുടെ തളർച്ചക്ക് കാരണമാക്കി. ഇപ്പോൾ പാെട്ടഴുത്തുകാർക്ക് സ്വയം അവതരിപ്പിക്കേണ്ട അവസ്ഥയാണുള്ളത്. സ്വന്തം ചെലവിൽ സംഗീതം നൽകി നല്ല പാട്ടുകാരെ കൊണ്ട് പാടിപ്പിക്കുകയും റെക്കോഡ് ചെയ്യിക്കുകയും വേണം. ഇത് നല്ല സാമ്പത്തിക ചെലവുള്ള കാര്യമാണ്. പിന്നീട് യു ട്യൂബിൽ പ്രദർശിപ്പിച്ചാണ് ആസ്വാദകരിലെത്തിക്കുന്നത്. എന്നാൽ, എഴുത്തുകാരന് സാമ്പത്തികമായി ഒന്നും തിരിച്ചുകിട്ടുന്നില്ല. അവർക്ക് തുടർ പ്രോത്സാഹനവും ലഭിക്കുന്നില്ല. ഇൗ സാഹചര്യം ഇൗ മേഖലയിൽ ആവേശമുള്ളവരെ പിൻവലിപ്പിക്കുന്ന അവസ്ഥയുണ്ടെന്ന് ആയിരത്തിലധികം പാട്ടുകൾ എഴുതിയ ടി.കെ. അലി ‘ഗർഫ് മാധ്യമ’ ത്തോട് പറഞ്ഞു. പുതിയ പാട്ടുകൾ യൂ ട്യൂബിൽ ഒതുങ്ങിയതോടെ ഇൻറർനെറ്റും മറ്റും സൗകര്യങ്ങളുമില്ലാത്ത ബഹുഭൂരിപക്ഷം സാധാരണക്കാർക്കും ഇവ അപ്രാപ്യമാവുകയാണെന്നും അദ്ദേഹം പറഞ്ഞു. മാപ്പിളപ്പാട്ടുകൾ പ്രത്യേക വിഭാഗത്തിെൻറയല്ല. എക്കാലവും മലയാളി സമൂഹം അത് ഏറ്റുപിടിച്ചിട്ടുണ്ട്. കേരള സമൂഹത്തിെൻറ സാംസ്കാരിക തലത്തിൽ ഏറെ സ്പർശിക്കുകയും ചെയ്തിട്ടുണ്ട്. പ്രണയം, ചരിത്രം, സാമൂഹിക വിമർശനം, ഭക്തി, പ്രവാസം, ദേശഭക്തി, മത സൗഹാർദം തുടങ്ങിയവയെല്ലാം മാപ്പിളപ്പാട്ടിലുണ്ടായിരുന്നു. മാപ്പിളപ്പാട്ടിലെ ഭക്തിഗാനങ്ങൾ പലരെയും സ്വാധീനിച്ചിരുന്നു. അതിനാൽ, മാപ്പിളപ്പാട്ടുകൾ മരിക്കരുത്. പുതിയ കാലത്ത് മാപ്പിളപ്പാട്ടിനെ വളർത്താൻ നൂതന സംവിധാനങ്ങൾ കണ്ടെത്തണം. ഇതിന് എല്ലാ ഗ്രാമങ്ങളിലും പട്ടണങ്ങളിലും സഹൃദയ കൂട്ടായ്മകൾ വളരണം. പൊതുജനങ്ങൾക്ക് മാപ്പിളപ്പാട്ടുകൾ കേൾക്കാനും ആസ്വദിക്കാനും അവസരം ഒരുക്കണം. ഇന്ന് കവിതകൾക്ക് ആസ്വാദകർ വർധിക്കുന്നുണ്ട്. പഴമയിലേക്കുള്ള തിരിച്ചുപോക്കാണിത്. കവിത അവതരണത്തിന് സാേങ്കതിക സൗകര്യങ്ങൾ മാപ്പിളപ്പാട്ടിനെക്കാൾ കുറച്ച് മതി. സാമൂഹിക വിമർശനങ്ങളും ഇരകൾക്ക് വേണ്ടിയുളള പോരാട്ടങ്ങളും ജനങ്ങളിലെത്തിക്കാനുള്ള വഴിയായി കവിതകൾ മാറുകയാണെന്നും കത്തുന്ന കാഴ്ചകൾ എന്ന കവിതാ സീഡി അടക്കം നിരവധി കവിതകൾ എഴുതിയ ടി.കെ അലി പറയുന്നു. തെൻറ ഒാർമയിലെ ഉമ്മ, പ്രവാസിയുടെ ഉമ്മ എന്നീ കവിതകൾ ആസ്വാദക ലോകം സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു. ഒമ്പതാം ക്ലാസ് മുതൽ കവിതാ രചനകൾ നടത്തിയിരുന്നെങ്കിലും രണ്ടു പതിറ്റാണ്ട് മുമ്പ് ‘ഇശൽ പൂക്കൾ’ എന്ന കാസറ്റ് പുറത്തിറക്കിയതോടെയാണ് ടി.കെ അലി ശ്രദ്ധിക്കപ്പെടുന്നത്. മാർക്കോസ്, സിബല്ല സദാനന്ദൻ തുടങ്ങിയവർ അതിൽ പാടിയിരുന്നു. പിന്നീട് യസ്രിബ്, മുത്തം, നിലാവൊളി തുടങ്ങിയ പത്തിലധികം കാസറ്റുകൾ സ്വന്തമായി ഇറക്കിയിരുന്നു. പ്രവാസിയായിരിക്കെ വചനം, തെന്നൽ എന്നീ സീഡികൾക്ക് വേണ്ടി രചന നടത്തിയിരുന്നു. ഇതിൽ വചനം ഇൗസ്റ്റ് കോസ്റ്റാണ് പുറത്തിറക്കിയത്. ടി.കെ. അലിയുടെ വരികൾക്ക് എരഞ്ഞോളി മൂസ, കണ്ണൂർ ശരീഫ്, രഹന, നവാസ് പാലേരി, ലിയാക്കത്ത്, നവാസ് വടകര, വിധു പ്രതാപ്, താജുദ്ദീൻ വടകര, സിദ്റത്തുൽ മുൻതഹ എന്നിവർ ശബ്ദം നൽകിയിരുന്നു. അടുത്തിടെ ഇശൽ കണം എന്ന പാട്ട് യൂ ട്യൂബിലും ഇടം പിടിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
