ഒമാന്‍ ഇടപെട്ടു; ഇറാനില്‍ തടവിലായിരുന്ന കനേഡിയന്‍ പൗരക്ക് മോചനം
text_fieldsമസ്കത്ത്: ഇറാനില്‍ തടവിലായിരുന്ന കനേഡിയന്‍ പൗരക്ക് ഒമാന്‍ സര്‍ക്കാറിന്‍െറ ഇടപെടലില്‍ മോചനം. മൂന്നു സ്വദേശികള്‍ക്കൊപ്പം തടവിലായിരുന്ന ഇറാനിയന്‍ വംശജയും റിട്ട. പ്രഫസറുമായ ഡോ. ഹൊമ ഹുദ്ഫാര്‍ മൂന്നു മാസത്തോളം നീണ്ട തടവില്‍നിന്ന് മനുഷ്യത്വപരമായ കാരണങ്ങളാല്‍ മോചിപ്പിക്കുന്നതെന്ന് ഇറാനിയന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
പ്രത്യേക വിമാനത്തില്‍ കഴിഞ്ഞദിവസം മസ്കത്തിലത്തെിയ ഡോ. ഹൊമയെ ബന്ധുവും ഒമാനി അധികൃതരും ചേര്‍ന്ന് സ്വീകരിച്ചു. ഇവര്‍ വൈകാതെ തന്നെ കാനഡയിലേക്ക് തിരിക്കും. മോണ്‍ട്രിയാലിലെ കൊണ്‍കോഡിയ സര്‍വകലാശാലയിലെ ആന്ത്രപ്പോളജി അധ്യാപികയായിരുന്ന 65 കാരിയായ ഡോ. ഹൊമ ഇസ്ലാമിലെ ലിംഗ സമത്വമടക്കം വിഷയങ്ങളെ കുറിച്ച് പഠനം നടത്തി പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുടുംബത്തെ സന്ദര്‍ശിക്കാനാണ് ഇവര്‍ കഴിഞ്ഞ മാര്‍ച്ചില്‍ ഇറാനില്‍ എത്തിയത്. ഇറാനിലെ പൊതു തെരഞ്ഞെടുപ്പില്‍ സ്ത്രീ പ്രാതിനിധ്യത്തെ കുറിച്ച് ഗവേഷണം നടത്തലും സന്ദര്‍ശന ലക്ഷ്യമായിരുന്നു. ഇറാനിയന്‍ സുരക്ഷാ അധികൃതര്‍ ചോദ്യംചെയ്ത ശേഷം വീട്ടുതടങ്കലില്‍ അടച്ചിരുന്ന ഇവരെ ജൂണ്‍മുതല്‍ തെഹ്റാനിലെ ഇവിന്‍ ജയിലിലേക്ക് മാറ്റി. ജൂലൈയില്‍ ഇവരുടെയും ഒപ്പം അറസ്റ്റിലായ സ്വദേശികളുടെയും മേല്‍ കുറ്റം ചുമത്തുകയും ചെയ്തു. എന്നാല്‍, കുറ്റകൃത്യങ്ങള്‍ ഏതൊക്കെയാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല. ഇറാനിയന്‍ സര്‍ക്കാറിന്‍െറ താല്‍പര്യത്തിന് എതിരായ വിധത്തില്‍ ഫെമിനിസ്റ്റ് ചിന്താഗതികള്‍ വളര്‍ത്താന്‍ ശ്രമിച്ചതിനാണ് അറസ്റ്റെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഏകാന്ത തടവിലായിരുന്ന ഇവരുടെ ആരോഗ്യനില മോശമാണെന്നും അധികൃതര്‍ ഇടപെടണമെന്നും ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആവശ്യപ്പെട്ടിരുന്നു. മോചനവിഷയത്തില്‍ ഇടപെടണമെന്ന കനേഡിയന്‍ സര്‍ക്കാറിന്‍െറ അഭ്യര്‍ഥന സ്വീകരിച്ച സുല്‍ത്താന്‍െറ ഉത്തരവ് പ്രകാരമാണ് ഒമാന്‍ പ്രശ്നത്തില്‍ ഇടപെടുന്നതെന്ന് വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ഒമാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കനേഡിയന്‍ പൗരയെ മോചിപ്പിച്ച ഇറാന്‍െറ നടപടിയെ അനുമോദിച്ച ഒമാന്‍ കാനഡയും ഇറാനും തമ്മിലെ സാധാരണ ബന്ധത്തിന് ഇത് വഴിയൊരുക്കട്ടേയെന്നും ആശംസിച്ചു.
കഴിഞ്ഞ ബുധനാഴ്ച ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ളിക്ക് എത്തിയ കനേഡിയന്‍ വിദേശകാര്യമന്ത്രി സ്റ്റിഫാനെ ഡിയോണും ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സാരിഫും ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. മോചനത്തിന് വേണ്ട ഇടപെടലുകള്‍ നടത്തിയ ഒമാന്‍, ഇറ്റലി, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങള്‍ക്ക് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡേവ് നന്ദി അറിയിച്ചിട്ടുണ്ട്. തന്‍െറ മോചനത്തിനായുള്ള ഇടപെടലുകള്‍ നടത്തിയ ഒമാന്‍, കനേഡിയന്‍ സര്‍ക്കാറുകള്‍ക്ക് ഒപ്പം ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയ ഇറാന്‍ സര്‍ക്കാറിനെയും ഹൊമ ഹുദ്ഫാര്‍ നന്ദി അറിയിച്ചു.
ഒമാനും കാനഡയും തമ്മില്‍ 2012 മുതല്‍ നയതന്ത്ര ബന്ധങ്ങള്‍ വിച്ഛേദിച്ചിരിക്കുകയാണ്. ആണവപദ്ധതിക്ക് ഒപ്പം സിറിയന്‍ പ്രസിഡന്‍റിനുള്ള സൈനിക സഹായം തുടരുന്നതിലും പ്രതിഷേധിച്ചാണ് നയതന്ത്ര ബന്ധം വിച്ഛേദിച്ചത്.