സംഗീതം പ്രിയങ്കരമാകുന്നത് സംഗീതജ്ഞന്‍ സ്വയം ആസ്വദിക്കുമ്പോള്‍ –പോളി വര്‍ഗീസ്
text_fieldsമസ്കത്ത്: സംഗീതജ്ഞന്‍ സ്വയം ആസ്വദിക്കുമ്പോള്‍ മാത്രമാണ് ആ സംഗീതം ശ്രോതാക്കള്‍ക്കും പ്രിയങ്കരമാകുന്നതെന്ന് പ്രശസ്ത മോഹനവീണ വിദ്വാനും മലയാളിയുമായ പോളി വര്‍ഗീസ്. കാണികള്‍ക്ക് പ്രിയപ്പെട്ടത് വേദിയില്‍ അവതരിപ്പിക്കുകയെന്നതാണ് ഇന്നത്തെ രീതി. ഇത് സംഗീതത്തിന് നല്ലതല്ല. കാണികള്‍ക്കായി വായിക്കുന്നതിന് പകരം സംഗീതം സ്വയം ആസ്വദിക്കാനാണ് താന്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്നതെന്നും മസ്കത്തില്‍ ഹ്രസ്വസന്ദര്‍ശനത്തിനത്തെിയ അദ്ദേഹം ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
മോഹനവീണയുടെ ആചാര്യനായ വിശ്വമോഹന ഭട്ടിന്‍െറ ശിഷ്യനാണ് തൃശൂര്‍ വലപ്പാട് സ്വദേശിയായ പോളി വര്‍ഗീസ്. ഇന്ത്യയില്‍ മോഹനവീണ എന്ന സംഗീത ഉപകരണം വായിക്കുന്ന അപൂര്‍വം ആളുകളില്‍ ഒരാളായ ഇദ്ദേഹം ഈ രംഗത്തുള്ള ഏക തെക്കേ ഇന്ത്യക്കാരനാണ്. ഇന്ത്യന്‍ ക്ളാസിക്കല്‍ സംഗീതത്തെ കുറിച്ച് ലോകം മുഴുവന്‍ ഇന്ന് ചര്‍ച്ച ചെയ്യപ്പെടുകയാണ്. ആത്മീയമായ സഞ്ചാരമാണ് സംഗീതമടക്കം ഇന്ത്യന്‍ കലാരൂപങ്ങളുടെ പ്രത്യേകത.
സംഗീതജ്ഞന്‍ അതിലൂടെ സഞ്ചരിക്കുമ്പോള്‍ കേള്‍വിക്കാരന്‍ നിങ്ങള്‍ക്ക് ഒപ്പം സഞ്ചരിക്കുന്നു. ഇങ്ങനെ ഒപ്പം സഞ്ചരിക്കുന്നതിന് കേള്‍വിക്കാരനെ ഉത്തേജിപ്പിക്കുകയോ കൂട്ടിക്കൊണ്ടുവരുകയോ ആണ് സംഗീതജ്ഞന്‍ ചെയ്യേണ്ടത്. ഇന്ത്യന്‍ സംസ്കാരത്തെയും സംഗീതത്തെയും കുറിച്ച് അറിഞ്ഞാണ് പ്രവാസികളുടെ കുട്ടികള്‍ വളരേണ്ടത്.
ഇന്ത്യന്‍ സംഗീതത്തെയും സംസ്കാരത്തെയും കുറിച്ച് അറിയുകയും പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യുന്നവരാണ് പ്രവാസികള്‍. പണത്തിന് വേണ്ടി ഒരിക്കലും സംഗീത കച്ചേരി നടത്തിയിട്ടില്ല. ആദ്യഘട്ടങ്ങളില്‍ വിശപ്പടക്കാനും യാത്രകള്‍ക്കുള്ള പണം കണ്ടത്തൊനും പ്രവാസികള്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്. ദുബൈയിലും അബൂദബിയിലും ലേബര്‍ക്യാമ്പുകളിലെ സദസ്സുകളില്‍ പ്രതിഫലമൊന്നും വാങ്ങാതെ കച്ചേരികള്‍ നടത്തിയിട്ടുണ്ട്. സംഗീതത്തിലൂടെ അവര്‍ക്കുണ്ടാകുന്ന ഉണര്‍വിനെയാണ് താന്‍ പ്രതിഫലമായി അന്ന് കണക്കാക്കിയതെന്നും പോളി വര്‍ഗീസ് പറഞ്ഞു. എട്ടു വയസ്സുമുതല്‍ സംഗീതം പോളിയുടെ കൂടെയുണ്ട്.
കര്‍ണാടക സംഗീത പഠനത്തിലായിരുന്നു തുടക്കം. പിന്നീട് മൃദംഗവും വയലിനുമൊക്കെ അഭ്യസിച്ചു.
കലാമണ്ഡലത്തിലെ പഠനത്തിനിടയിലാണ് മോഹനവീണ മനസ്സില്‍ കുടിയേറുന്നത്. പിന്നീട് വിശ്വമോഹന ഭട്ടിനെ തേടി യാത്ര പുറപ്പെട്ടു. കൊല്‍ക്കത്തയിലെ ഏറെ കാലത്തെ ജീവിതത്തിനൊടുവിലാണ് ഗുരുവിനെ കാണാനായത്. പിന്നീട് രാജസ്ഥാനിലത്തെി വിശ്വമോഹന ഭട്ടിന്‍െറ ശിഷ്യത്വം സ്വീകരിച്ചു. വര്‍ഷങ്ങളുടെ സമര്‍പ്പണത്തിലൂടെ മാത്രമേ മോഹനവീണ വഴങ്ങുകയുള്ളൂവെന്ന് പോളി പറയുന്നു.
ഇതിന് തുടര്‍ച്ചയായുള്ള നീണ്ട പരിശീലനം ആവശ്യമാണ്. സ്വരസ്ഥാനങ്ങള്‍ എല്ലാം മനസ്സിലാണ്. അതുകൊണ്ട് മനസ്സ് സംഗീതാത്മകമാണോ അത്രയും സംഗീതാത്മകത ഉപകരണത്തിനും പുറപ്പെടുവിക്കാന്‍ കഴിയും.
ആദ്യകാലങ്ങളില്‍ താന്‍ പത്തുമുതല്‍ 12 മണിക്കൂര്‍ വരെ പരിശീലനം നടത്തിയിരുന്നതായി പോളി വര്‍ഗീസ് പറഞ്ഞു.
വിശ്വമോഹന ഭട്ടാണ് മോഹനവീണ രൂപകല്‍പന ചെയ്തത്. 22 സ്ട്രിംഗ്സാണ് ഇതിനുള്ളത്.
സൂക്ഷ്മശ്രുതികളിലൂടെ സഞ്ചരിക്കാന്‍ കഴിയും. സ്ലോ ടെംപോയില്‍ എത്രവേണമെങ്കിലും പോകാം. വിരല്‍ തൊടാതെ മെറ്റല്‍ കൊണ്ടാണ് വായിക്കുന്നത്. ഗിത്താര്‍ പ്ളേയറായിരുന്ന വിശ്വമോഹന ഭട്ട് ഹാര്‍ഡ്കോര്‍ എന്ന ഒരു ഹവായിയന്‍ പാശ്ചാത്യ ഉപകരണം കണ്ടിട്ട് അതില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഇത് രൂപകല്‍പന ചെയ്തത്.
എവിടെയും ഈ ഉപകരണം വില്‍ക്കാനായി ഉണ്ടാക്കിവെച്ചിട്ടില്ല. ആവശ്യത്തിനനുസരിച്ച് ഉണ്ടാക്കുകയാണ് ചെയ്യുന്നത്.
25 വര്‍ഷം മുമ്പ് മോഹനവീണ കൈയിലേന്തിയ പോളി വര്‍ഗീസ് കച്ചേരി അവതരിപ്പിക്കുന്ന 43ാമത്തെ രാഷ്ട്രമാണ് ഒമാന്‍.
2009ല്‍ ചെന്നൈയിലാണ് സോളോയിസ്റ്റായി ആദ്യ പ്രോഗ്രാം ചെയ്തത്. അബൂദബിയിലായിരുന്നു ആദ്യ വിദേശ പരിപാടി.
ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്തും ന്യൂഡല്‍ഹിയിലെ രാഷ്ട്രപതി ഭവനിലുമൊക്കെയായി ആയിരത്തോളം കച്ചേരികള്‍ ഇദ്ദേഹം നടത്തിയിട്ടുണ്ട്. വിയനയിലെ മൊസാര്‍ട്ട് മ്യൂസിക് ഫെസ്റ്റിവലില്‍ അംജദ് അലിഖാനൊപ്പം ഒരുവര്‍ഷം ഇന്ത്യയെ പ്രതിനിധാനം ചെയ്ത ഏക സംഗീതജ്ഞനാണ് ഇദ്ദേഹം.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ നിരവധി പരമ്പരാഗത ഉത്സവങ്ങളിലും സംഗീത കച്ചേരികള്‍ നടത്തിയിട്ടുള്ള ഇദ്ദേഹം പക്ഷേ കേരളത്തില്‍ നാലിടത്ത് മാത്രമാണ് പരിപാടി നടത്തിയത്.
വാദി കബീര്‍ ക്രിസ്റ്റല്‍സ്യൂട്ട് ഹോട്ടലില്‍ കഴിഞ്ഞദിവസം ഇന്ത്യന്‍ അംബാസഡര്‍ അടക്കമുള്ളവരുടെ സാന്നിധ്യത്തില്‍ ഇദ്ദേഹം മോഹനവീണാ കച്ചേരി അവതരിപ്പിച്ചിരുന്നു. ആസ്വാദനത്തിന്‍െറ ആധ്യാത്മികാനുഭൂതി പകര്‍ന്നുനല്‍കിയ പരിപാടി വീക്ഷിക്കാന്‍ നിരവധി പേരാണ് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
