വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗദീപമാകാന്‍ അക്കാദമിക് ലൈബ്രറിയും ബുക്ബാങ്കും
text_fieldsസലാല: ഉയര്‍ന്ന ക്ളാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് പഠന സഹായത്തിനും ഉന്നത പഠനമേഖലയിലെ വിഷയങ്ങള്‍ പരിചയപ്പെടുത്തുന്നതിനുമായി സലാലയില്‍ അക്കാദമിക് ലൈബ്രറിയും ബുക്ബാങ്കുമൊരുങ്ങി. അക്കാദമിക് വിദഗ്ധരും മുന്‍ ഇന്ത്യന്‍ സ്കൂള്‍ പ്രസിഡന്‍റുമായ വി.എസ്. സുനിലും എസ്. അനില്‍ കുമാറും മുന്‍കൈ എടുത്താണ് ഈയൊരു സംരംഭത്തിന് തുടക്കം കുറിച്ചത്. ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് ലൈബ്രറിയില്‍ സ്ഥാപിച്ച ബുക്ബാങ്കും ലൈബ്രറിയും അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ ഉദ്ഘാടനംചെയ്തു.
സോഷ്യല്‍ ക്ളബ് ചെയര്‍മാന്‍ മന്‍പ്രീത് സിങ്, ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ടി.ആര്‍. ബ്രൗണ്‍ തുടങ്ങി നിരവധി പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു.
എന്‍ട്രന്‍സ് പരിശിലനത്തിനുവേണ്ട പുസ്തകങ്ങള്‍, ഉയര്‍ന്ന ക്ളാസുകളിലെ ക്വസ്റ്റ്യന്‍ ബാങ്കുകള്‍, വിവിധ ക്ളാസുകളിലെ വിവിധ വിഷയങ്ങളുടെ ഗൈഡുകള്‍ എന്നിങ്ങനെ വലിയ ശേഖരമാണ് ഇവിടെ തയാറാക്കിയത്. 98 വാല്യങ്ങളുള്ള ഐ.ഐ.ടി എന്‍ട്രന്‍സ് കോച്ചിങ് ഗൈഡും ഇവിടെയുണ്ട്. അധിക പുസ്തകങ്ങളും ഉപയോഗിച്ചവയും മുമ്പ് പഠിച്ചവരില്‍നിന്ന് ശേഖരിച്ചവയുമാണ്.
ഉയര്‍ന്ന ക്ളാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഈ ലൈബ്രറിയും ബുക്ബാങ്കും വഴികാട്ടിയാകുമെന്ന് കരുതുന്നതായി വി.എസ്. സുനിലും അനില്‍ കുമാറും ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. പുസ്തകങ്ങളുടെ ഉയര്‍ന്ന വിലയും ഇവിടത്തെ അവധിക്കാലത്ത് സ്കൂള്‍ സീസണ്‍ അവസാനിക്കുന്നതുമൂലമുള്ള പുസ്തകങ്ങളുടെ ലഭ്യതക്കുറവും കാരണം വിദ്യാര്‍ഥികള്‍ക്ക് അവരുദ്ദേശിച്ച പുസ്തകങ്ങള്‍ കൈവശപ്പെടുത്താന്‍ പലപ്പോഴും കഴിയാറില്ല. ഇതിന് ഒരു പരിധിവരെ പരിഹാരമാകുന്നതാണ് ഈ സംരംഭം.
ഇംഗ്ളീഷ്, ഹിന്ദി, തെലുങ്ക്, തമിഴ് തുടങ്ങി വിവിധ ഭാഷകളിലെ പുസ്തകങ്ങള്‍ ഇവിടെയുണ്ട്. പ്രയാസം നേരിടുന്ന വിദ്യാര്‍ഥികള്‍ക്ക് വിവിധ ക്ളാസുകളില്‍ പഠിപ്പിക്കുന്ന ഉപയോഗിച്ച പുസ്തകങ്ങള്‍ ശേഖരിച്ച് നല്‍കുന്ന പദ്ധതിയും ഇതിനോടൊപ്പം ഉദ്ദേശിക്കുന്നു.
ഉപയോഗിച്ച പുസ്തകങ്ങളും ഗൈഡുകളും മറ്റും നല്‍കി ഈ സംരംഭത്തെ ശക്തിപ്പെടുത്തുന്നതിനൊപ്പം വിദ്യാര്‍ഥികള്‍ ഇത് ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്നും ഇവര്‍ അഭ്യര്‍ഥിച്ചു.
അക്കാദമിക് മേഖലകളില്‍ കുറെവര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഇരുവരുടെയും ദീര്‍ഘനാളത്തെ ശ്രമ ഫലമായാണ് ലൈബ്രറി യാഥാര്‍ഥ്യമായിരിക്കുന്നത്.