ബലിപെരുന്നാളിന് ഒമാനില്‍ ഒമ്പതുദിവസം അവധി
text_fieldsമസ്കത്ത്: രാജ്യത്ത് ബലിപെരുന്നാള്‍ അവധിദിനങ്ങള്‍ പ്രഖ്യാപിച്ചു. അറഫാദിനമായ 11 ഞായറാഴ്ച മുതല്‍ 15 വ്യാഴാഴ്ച വരെ മന്ത്രാലയങ്ങള്‍ക്കും വിവിധ വകുപ്പുകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിന്‍ ഹിലാല്‍ ബിന്‍ സഊദ് അല്‍ ബുസൈദി അറിയിച്ചു. സ്വകാര്യ സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും 11 മുതല്‍ 15 വരെ അവധിയായിരിക്കുമെന്ന് മാനവവിഭവശേഷി വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ലാഹ് ബിന്‍ നാസര്‍ ബിന്‍ അബ്ദുല്ലാഹ് അല്‍ ബക്രി അറിയിച്ചു. സെപ്റ്റംബര്‍ 18 ഞായറാഴ്ചയാണ് ബലിപെരുന്നാളിന് ശേഷം സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുക.
അത്യാവശ്യഘട്ടത്തില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് തൊഴില്‍ ക്രമീകരണം ഏര്‍പ്പെടുത്താമെന്നും മാനവ വിഭവശേഷി വകുപ്പ് മന്ത്രി അറിയിച്ചു. ഇതിന് മതിയായ ആനുകൂല്യം നല്‍കണം. പ്രതിവാര ഓഫ് ദിനം അവധി ദിനങ്ങളില്‍ വരുന്നവര്‍ക്കും മതിയായ ആനുകൂല്യങ്ങള്‍ നല്‍കിയിരിക്കണമെന്നും മന്ത്രി അറിയിച്ചു.
ബലിപെരുന്നാള്‍ അടുത്തതോടെ വിവിധ ഗവര്‍ണറേറ്റുകളില്‍ പരമ്പരാഗത ചന്തകളും സജീവമായി. ഹബ്തകള്‍ എന്നറിയപ്പെടുന്ന ഈ മാര്‍ക്കറ്റുകള്‍ റുസ്താഖ്, നഖല്‍, അവാബി, നിസ്വ, യന്‍കല്‍, ബഹ്ല, ഇബ്രി, ഇസ്കി, ആദം, മുദൈബി, ഇബ്ര, സിനാവ്, ബിദ്ബിദ്, സൂര്‍, ജഅലാന്‍, ബിദിയ, ഖസബ്, സീബ്, മസ്കത്ത് പ്രവിശ്യകളിലെ ഉള്‍പ്രദേശങ്ങളില്‍ തുറസ്സായ സ്ഥലങ്ങളിലാണ് ഇത്തരം മാര്‍ക്കറ്റുകള്‍ നടക്കാറുള്ളത്. കോട്ടകള്‍ക്കും മറ്റും സമീപവും ഈന്തപ്പനത്തണലിലും മറ്റും നടക്കുന്ന ഇത്തരം മാര്‍ക്കറ്റുകളില്‍ സ്വദേശികള്‍ക്കുപുറമെ കാഴ്ചകള്‍ കാണാന്‍ ധാരാളം വിദേശികളും വിനോദസഞ്ചാരികളും സാധാരണ എത്താറുണ്ട്.
കച്ചവടക്കാര്‍ക്ക് കട വാടകയുടെ ഭാരമില്ലാതെ സാധനങ്ങള്‍ വിപണനം നടത്താമെന്നതാണ് ഇത്തരം പരമ്പരാഗത വിപണികളുടെ പ്രത്യേകത. സാധനങ്ങള്‍ വാങ്ങാനത്തെുന്നവര്‍ക്കും ഈ വിലക്കുറവിന്‍െറ ആനുകൂല്യം ലഭിക്കും.
ഭക്ഷണസാധനങ്ങള്‍, കളിപ്പാട്ടങ്ങള്‍, ആഭരണങ്ങള്‍, മധുര പലഹാരങ്ങള്‍, വടികള്‍, ബെല്‍റ്റുകള്‍, തലപ്പാവുകള്‍, പരമ്പരാഗത വസ്ത്രങ്ങള്‍, ബലിമാംസം ചുടാനും സംസ്കരിക്കാനുമുള്ള ഉപകരണങ്ങള്‍, വിറകുകള്‍, മസാലകള്‍ തുടങ്ങി ചെറുതും വലുതുമായ സാധനങ്ങള്‍ ഇവിടെ ലഭ്യമാണ്. ഹല്‍വയും ഹരീസും പോലുള്ള പരമ്പരാഗത ഒമാനി ഭക്ഷണവിഭവങ്ങള്‍ വാങ്ങാന്‍ വിദേശികളും ഇത്തരം മാര്‍ക്കറ്റുകളില്‍ എത്താറുണ്ട്. ഇത്തരം മാര്‍ക്കറ്റുകളില്‍ ആടുമാടുകളുടെ ലേലവും സജീവമാണ്. ഇതിനായി ഇവിടെ പ്രത്യേക സ്ഥലംതന്നെ തിരിച്ചിട്ടുണ്ടാകും. ലേലം വിളിക്കുന്നതിനായി ഓരോ മാര്‍ക്കറ്റിലും ഒന്നിലധികം പേരുണ്ടാകും. സ്വദേശി ഇനങ്ങള്‍ക്ക് ഇറക്കുമതി ചെയ്യുന്നവയേക്കാള്‍ നാലിരട്ടിയോളം വിലയാണ് പല പരമ്പരാഗത മാര്‍ക്കറ്റുകളിലും നല്‍കേണ്ടിവരുന്നത്. ഒമാന്‍െറ ഉള്‍നാടന്‍ ഗ്രാമപ്രദേശങ്ങളിലെ മലനിരകളില്‍ മേഞ്ഞുനടന്ന മലയാടുകളെയും ചെമ്മരിയാടുകളെയും കൊണ്ട് ബദുക്കളായ സ്ത്രീ, പുരുഷന്മാര്‍ ഇവിടെ എത്തിച്ചേരുന്നു.
ചില ഉള്‍പ്രദേശങ്ങളില്‍ ഇത്തരം ചന്തകള്‍ ഓരോ ദിവസവും ഓരോ വ്യത്യസ്ത സ്ഥലത്ത് മാറിമാറിയാണ് രൂപം കൊള്ളുന്നത്. ഇവ എന്നുമുതലാണ് രൂപംകൊണ്ടത് എന്നതിന് വ്യക്തമായ ധാരണയില്ല. തങ്ങളുടെ ചെറുപ്പത്തിലേ ഈ സംവിധാനങ്ങള്‍ ഉണ്ടായിരുന്നെന്നും അന്നത്തെ കാലത്ത് ഇത്തരം ചന്തകള്‍ മാത്രമാണ് ആശ്രയമായിരുന്നതെന്നുമാണ് പഴമക്കാര്‍ പറയുന്നത്. സൗകര്യങ്ങള്‍ എത്രയുണ്ടായാലും ഇത്തരം ഗൃഹാതുര ചന്തകള്‍ എന്നും ഉണ്ടാകണമെന്നുതന്നെയാണ് സ്വദേശികളുടെ ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
