പുതുക്കിയ ഗതാഗത നിയമവും പാര്‍ക്കിങ് പിഴയും നാളെ മുതല്‍ പ്രാബല്യത്തില്‍
text_fieldsമസ്കത്ത്: നാളെമുതല്‍ വാഹനവുമായി നിരത്തിലിറങ്ങുമ്പോള്‍ അധികശ്രദ്ധ പുലര്‍ത്തുക. ഗതാഗത നിയമലംഘകര്‍ക്കും തെറ്റായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവര്‍ക്കും കനത്ത പിഴയും തടവു ശിക്ഷയും വ്യവസ്ഥ ചെയ്യുന്ന നിയമഭേദഗതികള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. കഴിഞ്ഞമാസം ആദ്യത്തിലാണ് ഗതാഗത നിയമ പരിഷ്കരണം അംഗീകരിച്ചുള്ള ഉത്തരവ് സുല്‍ത്താന്‍ പുറപ്പെടുവിച്ചത്. നിലവിലെ ഗതാഗത നിയമത്തില്‍ 21 ഭേദഗതികളാണ് വരുത്തിയിട്ടുള്ളത്. തെറ്റുവരുത്തുന്ന വാഹനഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആര്‍.ഒ.പിക്ക് അധിക അധികാരം നല്‍കുന്നതാണ് പരിഷ്കരിച്ച നിയമം. വാഹനമോടിക്കുമ്പോഴുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം, അമിതവേഗം, അശ്രദ്ധമായ ഡ്രൈവിങ്, മദ്യപിച്ച് വാഹനമോടിക്കല്‍, ഇന്‍ഷുറന്‍സ് ഇല്ലാതിരിക്കല്‍, ഓടുന്ന വാഹനത്തില്‍നിന്ന് ചപ്പുചവറുകള്‍ വലിച്ചെറിയല്‍ എന്നീ കുറ്റങ്ങള്‍ക്കുള്ള പിഴ സംഖ്യ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം, തടവുശിക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിയമലംഘനത്തിന്‍െറ ഗുരുതര സ്വഭാവം അനുസരിച്ച് തടവും പിഴയും ഒരുമിച്ചോ വെവ്വേറെയോ ലഭിക്കും.
കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷയാകും ലഭിക്കുക. ഗതാഗത നിയമങ്ങള്‍ നടപ്പില്‍വരുത്തി സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള അധികാരം ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ട്രാഫിക്കിന് പകരം ഇനി പൊലീസ് ആന്‍ഡ് കസ്റ്റംസ് ഇന്‍സ്പെക്ടര്‍ ജനറലിന് ആയിരിക്കും. ട്രാഫിക് ലൈറ്റുകളും അടയാളങ്ങളും എവിടെ വേണമെന്ന കാര്യം ഇദ്ദേഹമാകും തീരുമാനിക്കുക. ടാക്സി വെയ്റ്റിങ് മേഖല, സ്വകാര്യ കാറുകള്‍ നിര്‍ത്തിയിടാവുന്ന സ്ഥലങ്ങള്‍, കാല്‍നടക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാവുന്ന സ്ഥലങ്ങള്‍ എന്നിവ ഇദ്ദേഹത്തിന്‍െറ അധികാരപരിധിയില്‍പെടുന്ന കാര്യങ്ങളായിരിക്കും. നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടക്കം കാര്യങ്ങളാകും ഡയറക്ടറേറ്റ് ജനറലിന്‍െറ ചുമതലയില്‍ വരുക.
കാറുകളുടെ നിറം മാറ്റുകയോ ചേസിസ് ആള്‍ട്ടര്‍ ചെയ്യുകയോ ചെയ്യുന്നവര്‍ പത്തു ദിവസത്തിനുള്ളില്‍ ഡയറക്ടറേറ്റ് ജനറലിനെ വിവരമറിയിക്കണം. വില്‍പനക്കുള്ള കാറുകള്‍ ഗതാഗത സുരക്ഷയെ ബാധിക്കും വിധം പൊതുസ്ഥലങ്ങളില്‍ നിര്‍ത്തിയിടുന്നതും പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കുന്നതും ആര്‍ട്ടിക്ക്ള്‍ 33 നിരോധിക്കുന്നു. ഇത്തരം വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ റോയല്‍ ഒമാന്‍ പൊലീസിന് അധികാരമുണ്ടായിരിക്കും. 70 സി.സിയില്‍ താഴെയുള്ള സ്കൂട്ടറുകളും എ.ടി.വി വാഹനങ്ങളും ഇറക്കുമതി ചെയ്യുന്നതിന് വ്യവസായ വാണിജ്യ മന്ത്രാലയത്തിന്‍െറയും ആര്‍.ഒ.പിയുടെയും അനുമതി വേണമെന്നും നിയമം നിഷ്കര്‍ഷിക്കുന്നു. മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കുള്ള ശിക്ഷ അപകടമുണ്ടാക്കുകയോ അപകടത്തില്‍ ആളുകള്‍ പരിക്കേല്‍ക്കുകയോ മരിക്കുകയോ ചെയ്താല്‍ വര്‍ധിക്കും.
വാഹനപാര്‍ക്കിങ്ങില്‍ വരുത്തുന്ന പിഴവുകള്‍ക്ക് പോക്കറ്റ് ചോരും വിധമാണ് പിഴ സംഖ്യ വര്‍ധിപ്പിച്ചിരിക്കുന്നത്. ആംബുലന്‍സുകള്‍ക്കും ബസുകള്‍ക്കും ടാക്സികള്‍ക്കുമുള്ള സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ 100 റിയാലാണ് പിഴ നല്‍കേണ്ടത്. വികലാംഗര്‍ക്കായുള്ള സ്ഥലങ്ങളില്‍ വാഹനമിട്ടാല്‍ 20 റിയാലും പിഴ ചുമത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
