Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബാങ്ക് വിവരങ്ങള്‍...

ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തി വീണ്ടും തട്ടിപ്പ്: മലയാളിക്ക് പണം നഷ്ടമായി 

text_fields
bookmark_border
ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തി വീണ്ടും തട്ടിപ്പ്: മലയാളിക്ക് പണം നഷ്ടമായി 
cancel
സുവൈഖ്: ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി വീണ്ടും തട്ടിപ്പ്. സുവൈഖിനടുത്ത് ബേക്കറിയില്‍ ജോലിചെയ്യുന്ന മലപ്പുറം തിരൂര്‍ സ്വദേശിയുടെ 919 റിയാലാണ് കഴിഞ്ഞ ഞായറാഴ്ച തട്ടിപ്പുകാര്‍ കവര്‍ന്നത്. ഉരീദു- ബാങ്ക് മസ്കത്ത് ഹെല്‍പ്ലൈനില്‍നിന്നാണെന്നു പറഞ്ഞാണ് ഫോണില്‍ വിളിച്ചത്. 
ബുറൈമി അല്‍ റാസ ബ്രാഞ്ചില്‍നിന്നാണ് വിളിക്കുന്നതെന്നും അക്കൗണ്ട് വിവരങ്ങള്‍ വെരിഫൈ ചെയ്യണമെന്നും പറഞ്ഞു. ടെലിഫോണില്‍ വിളിച്ചുള്ള തട്ടിപ്പുകളെ കുറിച്ച് ബോധ്യമുണ്ടായിരുന്ന ഇദ്ദേഹം ആദ്യം കാള്‍ അവഗണിച്ച് കട്ട് ചെയ്തു. തുടര്‍ന്ന് രണ്ടാമതും വിളിച്ച് ഇത് തട്ടിപ്പല്ളെന്നും മുഹമ്മദ് ജാസിം ഇബ്രാഹിം ആണ് വിളിക്കുന്നതെന്നും സംശയമുണ്ടെങ്കില്‍ തിരിച്ചറിയല്‍ കാര്‍ഡ് ഐ.ഡി വാട്ട്സ്ആപ്പില്‍ അയക്കാമെന്നും പറഞ്ഞു. തുടര്‍ന്ന് ഐ.ഡി വാട്ട്സ്ആപ്പില്‍ അയച്ചു. 
തുടര്‍ന്ന് വിളിച്ചശേഷം ബാങ്കിലെ അക്കൗണ്ട് നമ്പര്‍ പറയുകയും ഡെബിറ്റ് കാര്‍ഡിന്‍െറ പിന്‍വശത്തുള്ള നമ്പര്‍ പറഞ്ഞുകൊടുക്കാനും ആവശ്യപ്പെട്ടു. വിവരങ്ങള്‍ കൈമാറാന്‍ മടിച്ചെങ്കിലും തട്ടിപ്പിന് ഇരയായ ആള്‍ ബാങ്കില്‍ നല്‍കിയ നമ്പര്‍ വേറെയാണെന്നതടക്കം വിവരങ്ങള്‍ പറഞ്ഞ് തട്ടിപ്പുകാര്‍ വിശ്വാസ്യത പിടിച്ചുപറ്റി. തുടര്‍ന്ന് തട്ടിപ്പുകാര്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ കൈമാറുകയായിരുന്നു. 
94090892 എന്നനമ്പറില്‍നിന്നാണ് വിളിച്ചത്. 94090876 എന്ന വാട്ട്സ്ആപ് നമ്പറില്‍നിന്നാണ് തിരിച്ചറിയല്‍ കാര്‍ഡ് അയച്ചത്. ദുബൈയില്‍നിന്ന് മൂന്നുമാസം മുമ്പാണ് തിരൂര്‍ സ്വദേശി സുവൈഖില്‍ എത്തിയത്. 
സ്ഥാപനത്തിലെ പ്രതിദിന കലക്ഷന്‍ ആണ് ബാങ്ക് അക്കൗണ്ടില്‍ അടച്ചിരുന്നത്. ഈ പണമാണ് നഷ്ടമായത്. പണം നഷ്ടപ്പെട്ടതറിഞ്ഞ് തട്ടിപ്പുകാരെ ഫോണില്‍ വിളിച്ചെങ്കിലും 300 റിയാല്‍കൂടി അക്കൗണ്ടില്‍ ഇട്ടാല്‍ നഷ്ടമായ പണം മുഴുവന്‍ തിരികെ തരാമെന്നാണ് അവര്‍ പറഞ്ഞതെന്നും ഇദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ബാങ്കില്‍ എത്തി പരാതി നല്‍കി. ഇത്തരം പരാതികള്‍ മുമ്പും വന്നതിനാല്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് കൊടുത്തിരുന്നതാണെന്നുപറഞ്ഞ ബാങ്ക് അധികൃതര്‍, ഉടന്‍ പൊലീസില്‍ പരാതി നല്‍കാന്‍ നിര്‍ദേശിച്ചു. 
പരാതി പ്രകാരം സുവൈഖ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 
എച്ച് 4682130ാം നമ്പര്‍ പാസ്പോര്‍ട്ട് ഉടമയായ സുഭാഷ്ചന്ദ്ര ശര്‍മ എന്നയാളുടെ അക്കൗണ്ടിലേക്കാണ് പണം ഓണ്‍ലൈനായി ട്രാന്‍സ്ഫര്‍ ചെയ്തിരിക്കുന്നതെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. അക്കൗണ്ട് വെരിഫിക്കേഷന്‍െറ പേരിലും ലോട്ടറി അടിച്ചെന്നും പറഞ്ഞ് ടെലിഫോണില്‍ വിളിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടിയ സംഭവങ്ങള്‍ നിരവധിതവണ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 
പൊലീസും ബാങ്ക് അധികൃതരും നിരവധി തവണ ഈ വിഷയത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും തട്ടിപ്പ് സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. 
അടുത്തിടെ നിരവധി മലയാളികള്‍ ഇത്തരത്തില്‍ തട്ടിപ്പുകാരുടെ വലയില്‍ കുടുങ്ങിയിട്ടുണ്ട്. 
തട്ടിപ്പിനെക്കുറിച്ച് അറിവുള്ളവരെയും വലയില്‍ വീഴ്ത്താന്‍ തട്ടിപ്പ് സംഘങ്ങള്‍ക്ക് കഴിയുന്നതായാണ് മുകളിലത്തെ സംഭവം തെളിയിക്കുന്നത്. 
 
Show Full Article
TAGS:-
News Summary - -
Next Story