Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഖരീഫ്കാല...

ഖരീഫ്കാല വിളസമൃദ്ധിയില്‍ ദോഫാറിലെ  പര്‍വത ഗ്രാമങ്ങള്‍

text_fields
bookmark_border
ഖരീഫ്കാല വിളസമൃദ്ധിയില്‍ ദോഫാറിലെ  പര്‍വത ഗ്രാമങ്ങള്‍
cancel

സലാല: മഴക്കാലം അവസാനിച്ചെങ്കിലും ഖരീഫ്കാല വിള സമൃദ്ധിയുടെ നിറവിലാണ് സലാലയടക്കം ദോഫാര്‍ ഗവര്‍ണറേറ്റിലെ പര്‍വതഗ്രാമങ്ങള്‍. പച്ചപുതച്ച മലനിരകളില്‍ സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങളിലെ കൃഷിത്തോട്ടങ്ങളില്‍ വെള്ളരി, ബീന്‍സ്, ദോഫാരി ബീന്‍സ്, ചോളം എന്നിവ സമൃദ്ധിയായി വിളഞ്ഞുനില്‍ക്കുന്ന കാഴ്ച കണ്ണിന് കുളിര്‍മയേകുന്നതാണ്. താമസസ്ഥലങ്ങളോട് ചേര്‍ന്നാണ് ഇവിടത്തെ ഗ്രാമീണര്‍ കൃഷിത്തോട്ടങ്ങള്‍ ഒരുക്കുന്നത്.
 പരമ്പരാഗതമായി ഒരുക്കുന്ന ഈ കൃഷിത്തോട്ടങ്ങള്‍ അല്‍ മഷ്ദൈദ അല്ളെങ്കില്‍ ഐരീത്ത് എന്നും മഷ്നൂന്‍ എന്നുമാണ് അറിയപ്പെടുന്നത്. മരങ്ങളും വൃക്ഷങ്ങളുടെ കഷണങ്ങളും ഉപയോഗിച്ചാണ് മഷ്ദൈദ അല്ളെങ്കില്‍ ഐരീത്ത് എന്നറിയപ്പെടുന്ന കൃഷിയിടങ്ങള്‍ തയാറാക്കുന്നത്. 
കല്ലുകള്‍ ഉപയോഗിച്ച് തയാറാക്കുന്ന കൃഷിയിടങ്ങളാണ് മഷ്നൂന്‍ എന്നറിയപ്പെടുന്നത്. അല്‍ മഷ്ദൈദ എന്നറിയപ്പെടുന്ന കൃഷിയിടങ്ങള്‍ ഒരുക്കുന്നതിനുള്ള തയാറെടുപ്പുകള്‍ മഴക്കാലം തുടങ്ങുന്നതിന് മുമ്പേ ഇവിടത്തുകാര്‍ ആരംഭിക്കും. പുല്ലുകള്‍ മുറിച്ചുമാറ്റിയ ശേഷം അവശിഷ്ടങ്ങള്‍ അവിടെയിട്ട് കത്തിക്കുകയാണ് ചെയ്യുക. ഇതുവഴി മണ്ണിന് ജൈവിക ഗുണം കൈവരുന്നു. ജൈവികഘടകങ്ങള്‍ മണ്ണിന് ലഭിക്കുന്നതിനായി കാലികളെ ഈ സ്ഥലങ്ങളില്‍ മേയാനായി വിടുന്നവരും ഉണ്ട്. മഴയാരംഭിക്കുന്നതിന് ഒരുമാസം മുമ്പെങ്കിലും വിത്ത് പാകും. വിത്ത് പാകിയ ശേഷം ഉപയോഗശൂന്യമായ തുണിത്തരങ്ങളും കാര്‍പെറ്റും ഉപയോഗിച്ച് ഈ സ്ഥലം മറക്കും. 
വിത്തിന്‍െറ വളര്‍ച്ചക്കുവേണ്ട സമയം നല്‍കുന്നതിന് ഒപ്പം പക്ഷികളും മറ്റും തിന്നാതിരിക്കാനും ഇത് സഹായിക്കും. സീസണില്‍ ഒരു തവണ മാത്രമാണ് ഈ രീതി ഉപയോഗിക്കുക. 
ഈ കൃഷിരീതിപ്രകാരമുള്ള വിളവിന് മഴയുടെ അളവുമായി ഏറെ ബന്ധമുണ്ട്. മഴ കുറഞ്ഞാല്‍ വിളവും കുറയും. സാധാരണ വളമോ രാസവളമോ ഇതില്‍ ഉപയോഗിക്കുന്നില്ല. മണ്ണില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്ന ജൈവിക ഘടകങ്ങളാണ് വിളക്ക് സഹായകമാകുന്നത്. സാധാരണ സീസണില്‍ ഒരിക്കല്‍ മാത്രമാണ് ഇത് ഉപയോഗിക്കാറെങ്കിലും വര്‍ഷം മുഴുവന്‍ ഈ രീതി പരീക്ഷിക്കുന്ന തോട്ടം ഉടമകളുണ്ട്. ജലലഭ്യതക്കൊപ്പം സമ്പുഷ്ടമായ മണ്ണും വിളകളുടെ വളര്‍ച്ചക്ക് സഹായകരമാകുന്നു.
 ഖരീഫ് വിളകള്‍ക്ക് ഒപ്പം ജൂണ്‍, ജൂലൈ മാസങ്ങളില്‍ വിളവെടുക്കാന്‍ കഴിയുന്ന നാരങ്ങയും മാങ്ങയും ഈ രീതി ഉപയോഗിച്ച് കൃഷിചെയ്യുന്നുണ്ടെന്ന് തോട്ടം ഉടമയായ സലീം പറഞ്ഞു. നല്ല വിളവും ധാരാളം വരുമാനവും ലഭിക്കുന്നതിനാല്‍ കര്‍ഷകരുടെ വലിയ വരുമാന മാര്‍ഗംകൂടിയാണ് ഈ രീതി ഉപയോഗിച്ചുള്ള കൃഷി. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
Next Story