ഒരുമിച്ചെത്തി ഒരുമിച്ച് മടങ്ങുന്നു, 36 ആണ്ടുകള്‍ക്ക് ശേഷം
text_fieldsമസ്കത്ത്: 1981 ജനുവരിയില്‍ ഒമാനിലത്തെിയ വര്‍ക്ഷോപ് മെക്കാനിക്കുകളായ കൊല്ലം കരുനാഗപ്പള്ളി സ്വദേശി ശശിധരന്‍ പിള്ളയും കൊല്ലം കടപ്പാക്കട സ്വദേശി ചന്ദ്രമോഹനനും ഒരുമിച്ച് നാട്ടിലേക്ക് മടങ്ങുന്നു. 36 വര്‍ഷത്തെ പ്രവാസജീവിതം മതിയാക്കി ശനിയാഴ്ച ഉച്ചക്ക് ഇവര്‍ തിരുവനന്തപുരത്തേക്ക് പറക്കും. ശര്‍ഖിയ്യ ഗവര്‍ണറേറ്റിലെ ബൂഅലിയില്‍നിന്നും 25 കി.മീറ്റര്‍ അകലെയുള്ള വാദീ സാലിലാണ് ഇവര്‍ പ്രവാസം ആരംഭിക്കുന്നത്. വാദീ സാലിലെ ആദ്യ വര്‍ക്ഷോപ്പായിരുന്നു ഇവരുടേത്. അക്കാലത്ത് ഇവരെക്കൂടാതെ പെട്രോള്‍ പമ്പ് ജീവനക്കാരായ രണ്ടു മലയാളികള്‍ മാത്രമാണ് താമസക്കാരായി ഉണ്ടായിരുന്നത്. അക്കാലത്ത് വാഹനങ്ങള്‍ വളരെ കുറവായിരുന്നു. ഉള്ളതിലധികവും ഫോര്‍ വീലറുകളായിരുന്നു. അന്നത്തെ മോഡലുകളൊന്നും ഇപ്പോള്‍ കാണാനില്ളെന്ന് ശശിധരന്‍ പിള്ള പറയുന്നു. അവയെല്ലാം 15 വര്‍ഷം മുമ്പേ റോഡില്‍നിന്ന് പിന്മാറിയിരുന്നു. ആദ്യ നാലുവര്‍ഷക്കാലം എന്‍ജിന്‍ പണികളൊന്നും കിട്ടിയിരുന്നില്ല. ടയറിന്‍െറ പഞ്ചര്‍ ഒട്ടിക്കലും കാറ്റടിക്കലുമായിരുന്നു പ്രധാന ജോലി. എന്നാല്‍, പിന്നീട് എന്‍ജിന്‍ പണിയും ബോഡി പണിയും സുലഭമായി ലഭിക്കാന്‍ തുടങ്ങി. അക്കാലത്ത് വാദീ സാലില്‍ ഇന്നത്തെ രീതിയിലുള്ള പെട്രോള്‍ പമ്പുകളായിരുന്നില്ല ഉണ്ടായിരുന്നത്. മസ്കത്തില്‍നിന്ന് ബാരലുകളിലാണ് അന്ന് പെട്രോള്‍ എത്തിച്ചിരുന്നത്.
ഇതില്‍നിന്ന് ഹാന്‍ഡ് പമ്പ് ഉപയോഗിച്ച് പുറത്തെടുക്കുന്ന പെട്രോള്‍ കാനുകളില്‍ ആക്കിയാണ് വില്‍പന നടത്തിയിരുന്നത്. 1985 ല്‍ ബൂഅലിയില്‍നിന്ന് 40 കിലോ മീറ്റര്‍ അകലെ സൂയയില്‍ പെട്രോള്‍ പമ്പ് ആരംഭിച്ചപ്പോള്‍ വര്‍ക്ഷോപ് അവിടത്തേക്ക് മാറ്റി. മണ്ണും പൊടിയും നിറഞ്ഞ റോഡായിരുന്നു ഇവിടെ. വൈദ്യുതി എത്തിയിരുന്നില്ല. ജനറേറ്ററായിരുന്നു വെളിച്ചം നല്‍കിയിരുന്നത്. 10 മണിയോടെ ഇതും നിലക്കും. തുടര്‍ന്ന് മണ്ണെണ്ണ വിളക്കായിരുന്നു ശരണം. ഗ്യാസ് ഇല്ലാത്തതിനാല്‍ മണ്ണെണ്ണ സ്റ്റൗ ഉപയോഗിച്ചായിരുന്നു പാചകമെന്ന് ശശിധരന്‍ പിള്ള ഓര്‍ക്കുന്നു. 2000ത്തിലാണ് സൂയയില്‍ വൈദ്യുതി എത്തിയത്. പെയ്ന്‍റ് വാങ്ങണമെങ്കില്‍ മസ്കത്തില്‍ പോകണമായിരുന്നു. പെയിന്‍റുമായി ബന്ധപ്പെട്ട എല്ലാ ഉല്‍പന്നങ്ങളും മസ്കത്തില്‍ മാത്രമേ ലഭിച്ചിരുന്നുള്ളൂ.
വലിയ ഹിനോ പിക്കപ് ലോറിയില്‍ കയറിയാണ് അന്ന് മസ്കത്തില്‍ പോയിരുന്നത്. അന്ന് സൂയയില്‍ കോണ്‍ക്രീറ്റ് വീടുകള്‍ ഉണ്ടായിരുന്നില്ല. ഈന്തപ്പന ഓലകള്‍ മേല്‍ക്കൂരയായിട്ട മണ്ണുകൊണ്ടുണ്ടാക്കിയ വീട്ടിലാണ് സ്വദേശികള്‍ താമസിച്ചിരുന്നത്. തകരം അടിച്ച വീട്ടിലാണ് അന്ന് ഞങ്ങള്‍ താമസിച്ചിരുന്നതെന്ന് ശശിധരന്‍ പിള്ള പറയുന്നു. വേനലായാല്‍ ഇത് ചുട്ടുപഴുക്കും. അപ്പോള്‍ കിടപ്പ് പുറത്തേക്ക് മാറ്റും. കൊതുക് ശല്യമുണ്ടായിരുന്നതിനാല്‍ നാട്ടില്‍ നിന്ന് കൊതുകുവല കൊണ്ടു വന്നിരുന്നു. അന്ന് ഒരു വീട്ടിലും കക്കൂസ് ഉണ്ടായിരുന്നില്ല. സ്വദേശികളും വിദേശികളും കടല്‍ തീരത്തായിരുന്നു പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിച്ചിരുന്നത്. ഏറെ പ്രയാസകരമായിരുന്നു അന്നത്തെ ജീവിതമെന്നും ശശിധരന്‍ പറയുന്നു. നാടുമായി ബന്ധം കുറവായിരുന്നു. നാട്ടില്‍ ഒരു കത്തയച്ചാല്‍ ഒന്നര മാസം കഴിഞ്ഞാണ് ലഭിക്കുക. ഫോണ്‍ ചെയ്യണമെങ്കില്‍ 40 കി.മീറ്റര്‍ അകലെ ബൂഅലിയില്‍ പോകണം. അക്കാലത്ത് ഒരു മിനിറ്റ് ഫോണ്‍ കാളിന് ഒരു റിയാലാണ് ഈടാക്കിയിരുന്നത്. കുടുംബത്തിലെ പ്രാരബ്ധങ്ങള്‍ പരിഹരിക്കാനാണ് ഇരുവരും ചെറുപ്രായത്തില്‍ പ്രവാസജീവിതം തെരഞ്ഞെടുത്തത്. പെങ്ങളെ കെട്ടിക്കാനും അനുജനെയും അച്ഛനും അമ്മയും അടങ്ങുന്ന കുടുംബത്തെ സാമ്പത്തിക പ്രയാസത്തില്‍നിന്ന് കരകയറ്റാനുമാണ് ശശിധരന്‍ പിള്ള ഒമാനിലത്തെിയത്. മൂന്നു സഹോദരിമാരെ കെട്ടിച്ചയക്കാനാണ് ചന്ദ്രമോഹനന്‍ കടല്‍ കടന്നത്. വലിയ സമ്പാദ്യങ്ങളൊന്നുമില്ളെങ്കിലും മറ്റുള്ളവരുടെ മുന്നില്‍ കൈ കാട്ടാതെ ജീവിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമായി ഇരുവരും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
