തൊഴില്‍തര്‍ക്ക കേസില്‍ വിധിയായെങ്കിലും നാടണയാന്‍ കഴിയാതെ കണ്ണൂര്‍ സ്വദേശി
text_fieldsമസ്കത്ത്: തൊഴില്‍തര്‍ക്ക കേസില്‍ കോടതി ശമ്പളവും നഷ്ടപരിഹാരവും വിധിച്ചെങ്കിലും നാടണയാന്‍ കഴിയാതെ കണ്ണൂര്‍ സ്വദേശി. കൂത്തുപറമ്പ് സ്വദേശി ഹനീഫ് കാക്കേരിയാണ് ബിദായയില്‍ സഹോദരന്‍െറ സുഹൃത്തുക്കളുടെ കാരുണ്യത്തില്‍ കഴിയുന്നത്. കോടതി വിധിച്ച നഷ്ടപരിഹാരവും പാസ്പോര്‍ട്ടും നല്‍കാന്‍ മലയാളിയായ തൊഴിലുടമ തയാറാകാത്തതാണ് ശാരീരികമായി ഏറെ അവശത അനുഭവിക്കുന്ന ഇദ്ദേഹത്തിന്‍െറ തിരിച്ചുപോക്ക് വൈകിക്കുന്നത്. അപൂര്‍വ രോഗമായ ഇന്‍സുലിനോമക്ക് അടിമകൂടിയാണ് ഹനീഫ്.
ഇന്ത്യന്‍ എംബസി ഇടപെട്ട് സ്പോണ്‍സറുടെ ശ്രദ്ധയില്‍ വിഷയങ്ങള്‍ പെടുത്തിയാല്‍ തന്‍െറ ദുരിതങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വര്‍ഷം ജൂലൈ അവസാനമാണ് പത്തനംതിട്ട സ്വദേശി നടത്തുന്ന സ്ഥാപനത്തില്‍ ഹനീഫ് ജോലിക്കായി എത്തുന്നത്. ആദ്യ മൂന്നു മാസം മാത്രമാണ് വേതനം ലഭിച്ചതെന്ന് ഇദ്ദേഹം പറയുന്നു. നവംബര്‍ മുതല്‍ ഫെബ്രുവരി വരെ വേതനമില്ലാതെ തൊഴിലെടുത്തു. ശമ്പളം ചോദിച്ചപ്പോള്‍ നാട്ടിലേക്ക് തിരിച്ചുപൊയ്ക്കൊള്ളാനായിരുന്നത്രേ മറുപടി. ഇതേ തുടര്‍ന്നാണ് പാസ്പോര്‍ട്ടും മൂന്നു മാസത്തെ വേതനവും വാങ്ങിനല്‍കണമെന്നാവശ്യപ്പെട്ട് ഹനീഫ് ലേബര്‍ കോടതിയെ സമീപിച്ചത്. ലേബര്‍ കോടതി നിരവധി തവണ തൊഴിലുടമയെ വിളിച്ചെങ്കിലും ഹാജരായില്ല. തുടര്‍ന്ന് കേസ് പ്രൈമറി കോടതിയിലേക്ക് കൈമാറി.
ഇവിടെയും തൊഴിലുടമ ഹാജരായില്ല. തുടര്‍ന്ന് ഇവരുടെ അസാന്നിധ്യത്തിലാണ് കോടതി നഷ്ടപരിഹാര തുക വിധിച്ചത്. വിധി വന്ന് മാസങ്ങളായിട്ടും തൊഴിലുടമ നാട്ടിലയക്കാന്‍ തയാറാകാതിരുന്നതിനെ തുടര്‍ന്ന് എംബസിയെ സമീപിച്ചെങ്കിലും പരാതി സ്വീകരിക്കാന്‍ പോലും തയാറായില്ളെന്ന് ഹനീഫ് പറയുന്നു. ശരീരത്തില്‍ ഇന്‍സുലിന്‍ അമിതമായി ഉല്‍പാദിപ്പിക്കപ്പെടുന്നതിനാല്‍ പഞ്ചസാരയുടെ നില താഴേക്ക് പോകുന്ന അപൂര്‍വ രോഗമാണ് ഹനീഫിനുള്ളത്. നാലുവര്‍ഷം മുമ്പാണ് രോഗം കണ്ടത്തെിയത്. പാന്‍ക്രിയാസിലെ ട്യൂമര്‍ മൂലമാണ് ഇന്‍സുലിന്‍ അമിതമായി ഉല്‍പാദിപ്പിക്കപ്പെടുന്നതെന്ന് കണ്ടത്തെിയതിനെ തുടര്‍ന്ന് പാന്‍ക്രിയാസിന്‍െറ ഒരുഭാഗം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടന്ന ശസ്ത്രക്രിയയില്‍ മുറിച്ചുനീക്കിയിരുന്നു. ഇതിന്‍െറ അവശതകള്‍ ഗുരുതരമായി വരുന്നതായി ഹനീഫ് പറയുന്നു. ഇന്‍സുലിനോമക്ക് ഫലപ്രദമായ ചികിത്സ ഒമാനില്‍ ലഭ്യമല്ല. നാട്ടില്‍നിന്നാണ് ഗുളികകളും മറ്റും വരുത്തിക്കുന്നത്.
കേസ് കൊടുത്ത ഫെബ്രുവരിയില്‍ കമ്പനിയുടെ താമസ സൗകര്യം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് സഹോദരന്മാര്‍ക്കൊപ്പം റുമൈസ്, ബര്‍ക്ക, നിസ്വ തുടങ്ങി വിവിധ സ്ഥലങ്ങളിലാണ് താമസിച്ചുവരുന്നത്. രക്തത്തില്‍ പഞ്ചസാരയുടെ നില താഴേക്ക് പോകുമ്പോള്‍ സംസാരിക്കാന്‍ കഴിയാത്തതടക്കം ബുദ്ധിമുട്ടുകള്‍ വരുന്നതിനാല്‍ എപ്പോഴും ആരെങ്കിലും കൂടെ വേണ്ട സാഹചര്യമാണ് ഹനീഫിന്‍േറത്. സാമ്പത്തികമായി നല്ല നിലയില്‍ അല്ലാത്തതിനാലും നാട്ടില്‍ തുടര്‍ ചികിത്സക്ക് പണം വേണ്ടിവരുമെന്നതിനാലും നഷ്ടപരിഹാര തുക വേണ്ടെന്നുവെക്കാതെ നാട്ടിലേക്ക് പോകാന്‍ കഴിയാത്ത അവസ്ഥയിലാണ് ഹനീഫ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
