വീട്ടുജോലിക്കാരെ കൊണ്ടുവരാന്‍ ഇന്ത്യന്‍ എംബസി എന്‍.ഒ.സി നിര്‍ബന്ധം
text_fieldsമസ്കത്ത്: വീട്ടുജോലിക്കാരെ കൊണ്ടുവരണമെങ്കില്‍ ഇനി ഇന്ത്യന്‍ എംബസിയുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. എംബസി നടപടിക്രമങ്ങള്‍ മറികടന്ന് വീട്ടുജോലിക്കാരെ കൊണ്ടുവരുന്നത് വര്‍ധിച്ച സാഹചര്യത്തിലാണ് പുതിയ നടപടി. എന്‍.ഒ.സി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ എമിഗ്രേഷന്‍ വകുപ്പ് വിസ അനുവദിക്കുകയുള്ളൂ. വീട്ടുജോലിക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഇന്ത്യന്‍ എംബസി ഇങ്ങനെ ഒരു തീരുമാനമെടുത്തതെന്ന് അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ പറഞ്ഞു. മൂന്നാഴ്ച മുമ്പാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. തുടര്‍ന്ന്, എമിഗ്രേഷന്‍ വിഭാഗത്തിനുമുന്നില്‍ ഈ അപേക്ഷ വെക്കുകയായിരുന്നു. നിലവില്‍ വിദേശജോലിക്ക് ആളുകളെ റിക്രൂട്ട് ചെയ്യണമെങ്കില്‍ ഇ-മൈഗ്രേറ്റ് സംവിധാനത്തിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം. സുരക്ഷിതമായ റിക്രൂട്ട്മെന്‍റ് ഉറപ്പാക്കുന്നതിനായാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഇതോടൊപ്പമാണ് എന്‍.ഒ.സി സമ്പ്രദായം കൂടി നടപ്പാക്കുന്നത്.
വീട്ടുജോലിക്കാരെ വേണ്ടവര്‍ 1100 റിയാലിന്‍െറ ബാങ്ക് ഗ്യാരണ്ടി നല്‍കണമെന്ന നിയമം നാലുവര്‍ഷം മുമ്പ് ഇന്ത്യന്‍ എംബസി നിര്‍ബന്ധമാക്കിയിരുന്നു. വീട്ടുജോലിക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനും മതിയായ സംരക്ഷണം ലഭിക്കാതെ ഒറ്റപ്പെടുന്ന സംഭവങ്ങള്‍ ഇല്ലാതാക്കുന്നതിനുമായിരുന്നു എംബസി ഈ തീരുമാനമെടുത്തത്.
എന്നാല്‍ വീട്ടുജോലിക്കാരെ നാട്ടില്‍നിന്ന് വിസിറ്റിങ് വിസയിലും മറ്റും കൊണ്ടുവരുന്ന സംഭവങ്ങള്‍ ധാരാളം റിപ്പോര്‍ട്ട് ചെയ്തതിന്‍െറ പശ്ചാത്തലത്തിലാണ് എംബസിയുടെ പുതിയ തീരുമാനം. മാനദണ്ഡങ്ങള്‍ ലംഘിച്ച് വീട്ടുജോലിക്കാരെ നല്‍കുന്ന നിരവധി സ്ഥാപനങ്ങളാണ് സൊഹാര്‍ മുതല്‍ മസ്കത്ത് വരെ ഭാഗത്ത് പ്രവര്‍ത്തിക്കുന്നത്. ഈ ഏജന്‍സികളില്‍നിന്ന് നല്‍കുന്ന ജോലിക്കാര്‍ തൊഴില്‍സ്ഥലത്ത് എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെട്ട് എംബസിയെ സമീപിച്ചാല്‍ നിയമക്കുരുക്കില്‍പെടുന്ന അവസ്ഥയുണ്ട്.
ഈ സാഹചര്യത്തില്‍ ഫിലിപ്പീന്‍സ് എംബസിയുടെ മാതൃക പിന്തുടര്‍ന്ന് എന്‍.ഒ.സി സംവിധാനം നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു. പുതിയ തീരുമാനപ്രകാരം തൊഴിലുടമ ആദ്യം ഇ-മൈഗ്രേറ്റ് സംവിധാനത്തിലൂടെ അപേക്ഷിക്കുകയാണ് വേണ്ടത്. തുടര്‍ന്ന്, ബാങ്ക് ഗ്യാരണ്ടിയടക്കം രേഖകളുമായി എംബസിയിലത്തെി എന്‍.ഒ.സിക്ക് അപേക്ഷിക്കണം. നടപടിക്രമങ്ങള്‍ എല്ലാം പാലിച്ചാണ് റിക്രൂട്ട്മെന്‍റ് എന്ന് ഉറപ്പിച്ചശേഷം എന്‍.ഒ.സി സര്‍ട്ടിഫിക്കറ്റ് നല്‍കും. കഴിഞ്ഞദിവസങ്ങളിലായി വിസക്ക് അപേക്ഷിച്ച പലരെയും എന്‍.ഒ.സി ആവശ്യപ്പെട്ട് എമിഗ്രേഷന്‍ വിഭാഗത്തില്‍നിന്ന് മടക്കിയയക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
