ഒമാനി ശിക്ഷാനിയമ പരിഷ്കരണത്തിന് ഭേദഗതികളോടെ സ്റ്റേറ്റ് കൗണ്‍സിലിന്‍െറ അംഗീകാരം
text_fieldsമസ്കത്ത്: പരിഷ്കരിച്ച ഒമാനി ശിക്ഷാനിയമത്തിന്‍െറ കരട് രൂപത്തിന് ഭേദഗതികളോടെ സ്റ്റേറ്റ് കൗണ്‍സിലിന്‍െറ അംഗീകാരം. രണ്ടു ദിവസം നീണ്ട ചര്‍ച്ചക്കും വിശകലനങ്ങള്‍ക്കും ഒടുവിലാണ് കരട് നിയമത്തിന് അംഗീകാരമായത്. ആത്മഹത്യാ ശ്രമത്തിന് ആറുമാസം വരെ തടവുശിക്ഷ വ്യവസ്ഥ ചെയ്യുന്ന ഭാഗം റദ്ദാക്കാന്‍ സ്റ്റേറ്റ് കൗണ്‍സില്‍ വോട്ടിങ്ങിലൂടെ തീരുമാനിച്ചു. ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ച വ്യക്തിക്ക് ശിക്ഷയല്ല സഹായമാണ് ലഭിക്കേണ്ടതെന്ന് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ഇതേ തുടര്‍ന്നാണ് ഇത് വോട്ടിനിട്ടത്. ലൈംഗിക പീഡനത്തിന് മൂന്നുമാസം മുതല്‍ മൂന്നുവര്‍ഷം വരെ തടവ് വ്യവസ്ഥ ചെയ്യുന്ന ആര്‍ട്ടിക്ക്ള്‍ 264 ഉം വോട്ടിങ്ങിലൂടെ ഭേദഗതി ചെയ്തു. പരമാവധി ശിക്ഷ ഒരുവര്‍ഷം മുതല്‍ അഞ്ചു വര്‍ഷമായാണ് ഉയര്‍ത്തിയത്. സാമൂഹിക കമ്മിറ്റി ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ ഡോ. വഫാ അല്‍ ഹറാസിയാണ് ലൈംഗിക പീഡനത്തിനുള്ള ശിക്ഷ അപര്യാപ്തമാണെന്ന് അഭിപ്രായപ്പെട്ടത്. സ്ത്രീക്ക് ആക്രമണത്തിലൂടെ ശാരീരികമായി മാത്രമല്ല മാനസിക പരമായും ആഘാതം ഏല്‍ക്കുന്നുണ്ടെന്ന് അവര്‍ ചൂണ്ടിക്കാണിച്ചു. വ്യഭിചാരത്തിന് ആറുമാസം വരെ തടവുശിക്ഷയാണ് വ്യവസ്ഥ ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ പീഡനത്തിനുള്ള കുറഞ്ഞ ശിക്ഷ വര്‍ധിപ്പിക്കണമെന്ന അവരുടെ ആവശ്യത്തിനോട് ഭൂരിപക്ഷം അംഗങ്ങളും അനുകൂലമായാണ് പ്രതികരിച്ചത്. തുടര്‍ന്ന് , കുറഞ്ഞ ശിക്ഷ ഒരു വര്‍ഷമാക്കണമെന്ന തീരുമാനം ലീഗല്‍ കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ ഖാദര്‍ അല്‍ ദഹാബ് വോട്ടിനിടുകയായിരുന്നു. യാചനക്ക് മൂന്നുമാസം മുതല്‍ ഒരുവര്‍ഷം വരെ തടവും 50 മുതല്‍ 100 റിയാല്‍ വരെ പിഴയും വ്യവസ്ഥ ചെയ്യുന്ന ആര്‍ട്ടിക്ക്ള്‍ 303നോടും ചില അംഗങ്ങള്‍ വിയോജിച്ചു. യാചകരോട് സഹതാപം പ്രകടിപ്പിക്കേണ്ടതുണ്ടെന്ന് സാമ്പത്തിക കാര്യ കമ്മിറ്റി അംഗം ശൈഖ് സലീം അല്‍ കാബി അഭിപ്രായപ്പെട്ടപ്പോള്‍ യഥാര്‍ഥ യാചകരെ തിരിച്ചറിഞ്ഞ് പരിഹാര നടപടികള്‍ സ്വീകരിക്കണമെന്ന് മറ്റൊരു അംഗമായ എന്‍ജിനീയര്‍ റഹ്മ അല്‍ മഷ്റഫി അഭിപ്രായപ്പെട്ടു. എന്നാല്‍, യാചന മോശം പ്രവണതയാണെന്ന് ലീഗല്‍ കമ്മിറ്റി അംഗം അഹ്മദ് അല്‍ ഹാര്‍ത്തി, എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച് കമ്മിറ്റി ചെയര്‍മാന്‍ ഡോ. അബ്ദുല്ലാഹ് അല്‍ ഷന്‍ഫരി, സാംസ്കാരിക, ടൂറിസം കമ്മിറ്റി അംഗം ശൈഖ് അബ്ദുല്ലാഹ് അല്‍ ഹൊസ്നി എന്നിവരും അഭിപ്രായപ്പെട്ടു. വ്യഭിചാരം, ചികിത്സാ പിഴവുകള്‍, മതത്തെ അപമാനിക്കല്‍ തുടങ്ങി വിവിധ കുറ്റങ്ങള്‍ക്കുള്ള ശിക്ഷകളും കൗണ്‍സില്‍ ചര്‍ച്ചചെയ്തു. ഭേദഗതികള്‍ മജ്ലിസ് അല്‍ ശൂറ വിലയിരുത്തിയശേഷം സ്റ്റേറ്റ് കൗണ്‍സിലിന് അയച്ചുനല്‍കും. ആധുനിക കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷകള്‍ ഉള്‍പ്പെടുത്തിയാണ് ശിക്ഷാ നിയമം പരിഷ്കരിച്ചത്. 1974 മുതല്‍ നിലവിലുള്ള നിയമം സാമ്പത്തിക, സാങ്കേതിക കുറ്റകൃത്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പരിഷ്കരിച്ചത്. വ്യക്തിഗത അവകാശങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനൊപ്പം സമൂഹത്തിന്‍െറ സുരക്ഷ ഉറപ്പാക്കിയുമാണ് കരട് തയാറാക്കിയിരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
