കണ്ണും കാതും നാട്ടില്‍; ആവേശം ചോരാതെ വോട്ടെണ്ണല്‍ ഉത്സവമാക്കി പ്രവാസികള്‍
text_fieldsമസ്കത്ത്: കടലിനക്കരെ കാതങ്ങള്‍ക്കപ്പുറത്താണെങ്കിലും പ്രവാസിയുടെ കണ്ണും കാതും ഇന്നലെ നാട്ടിലായിരുന്നു. ആകാംക്ഷയുടെ മണിക്കൂറുകള്‍ക്ക് വിരാമമിട്ട് എല്ലാവരും രാവിലെ പതിവിലും നേരത്തേ എഴുന്നേറ്റ് ടെലിവിഷന്‍ സ്ക്രീനിന് മുന്നിലായിരുന്നു. പലരും അവധിയെടുത്ത് ഫ്ളാറ്റുകളില്‍ ഒരുമിച്ചുകൂടിയിരുന്നാണ് വോട്ടെണ്ണല്‍ ഉത്സവമാക്കിയത്. അതിരാവിലെ ജോലിക്ക് പോകേണ്ടവര്‍ക്കാകട്ടെ സ്മാര്‍ട്ട്ഫോണ്‍ ആയിരുന്നു ആശ്രയം. ഇന്‍റര്‍നെറ്റ് റീചാര്‍ജ് ചെയ്തും പ്രത്യേക ആപ്ളിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്തും ഇവര്‍ ബുധനാഴ്ച രാത്രിതന്നെ വിധിനിര്‍ണയ ദിവസത്തിനായി ഒരുങ്ങിയിരുന്നു. ഒമാന്‍ സമയം ആറര മുതല്‍ വോട്ടെണ്ണല്‍ ആരംഭിച്ചിരുന്നു. ഏഴുമണിയോടെ ആദ്യഫലങ്ങള്‍ പുറത്തുവന്നുതുടങ്ങി. ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണെന്ന പ്രതീതി ജനിപ്പിച്ച ആദ്യ ഫലങ്ങള്‍ ആകാംക്ഷയുടെ കയറ്റിറക്കങ്ങള്‍ക്കാണ് വഴിവെച്ചത്. തങ്ങളുടെ മണ്ഡലങ്ങള്‍ക്ക് ഒപ്പം ശ്രദ്ധേയ പോരാട്ടം നടന്ന സ്ഥലങ്ങളുടെ ലീഡ് നിലയിലുമായിരുന്നു എല്ലാവരുടെയും ശ്രദ്ധ. ടെലിഫോണും ഇന്‍റര്‍നെറ്റ് സൗകര്യങ്ങളുമില്ലാത്തവര്‍ സുഹൃത്തുക്കളെ ടെലിഫോണില്‍ വിളിച്ച് വിവരങ്ങള്‍ അപ്പപ്പോള്‍ അറിഞ്ഞിരുന്നു.
നല്ല ഭൂരിപക്ഷത്തിലേക്കുള്ള എല്‍.ഡി.എഫിന്‍െറ കുതിപ്പ് കണ്ടതോടെ ഇടത് അനുകൂലികള്‍ ആഹ്ളാദാരവം മുഴക്കി. ഭരണത്തുടര്‍ച്ച എന്ന സ്വപ്നം പൊലിഞ്ഞാലും മുഖം രക്ഷിച്ചാല്‍ മതിയെന്ന നിലയിലായിരുന്നു കോണ്‍ഗ്രസ് അനുകൂലികളുടെ ക്യാമ്പ്. അഭിമാനപോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലെ മാറിമറിയുന്ന ഫലസൂചനകളിലായിരുന്നു കെ.എം.സി.സി അണികളുടെ മുഴുവന്‍ ശ്രദ്ധയും. കേരളത്തില്‍ താമര വിരിയുമോയെന്നതായിരുന്നു പാര്‍ട്ടി ഭേദമന്യേ എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കിയ കാര്യം. നേമത്തിനൊപ്പം ശക്തമായ മത്സരം നടന്ന മഞ്ചേശ്വരത്തും പാലക്കാട്ടും കാസര്‍കോട്ടുമെല്ലാം പല ഘട്ടങ്ങളിലും ബി.ജെ.പി സ്ഥാനാര്‍ഥികള്‍ മുന്നിലത്തെിയതോടെ എല്ലാവരിലും ആകാംക്ഷയേറി. ഒ. രാജഗോപാലിന്‍െറ വിജയം ഉറപ്പായതോടെ ഒടുവില്‍ കേരളത്തില്‍ താമരവിരിഞ്ഞതിന്‍െറ സന്തോഷം പ്രകടമാക്കി സാമൂഹിക മാധ്യമങ്ങളില്‍ ബി.ജെ.പി അനുഭാവികള്‍ സജീവമായി. മഞ്ചേശ്വരത്തെ 89 വോട്ടിന്‍െറ തോല്‍വിയും വിജയത്തിന് സമമാണെന്നാണ് പലരും അഭിപ്രായപ്പെട്ടത്.
തുടര്‍ഭരണമെന്ന പ്രതീക്ഷ വോട്ടെടുപ്പിന്‍െറ ആദ്യമണിക്കൂറുകള്‍ പിന്നിട്ടപ്പോഴേ കോണ്‍ഗ്രസ് അനുകൂല ക്യാമ്പ് ഉപേക്ഷിച്ചിരുന്നു. നേതാക്കള്‍ മത്സരിക്കുന്ന മണ്ഡലങ്ങളിലെ ഫലങ്ങളിലായിരുന്നു പിന്നീട് പ്രതീക്ഷ. എന്നാല്‍, നാലു മന്ത്രിമാരടക്കം പ്രമുഖരുടെ തോല്‍വി നിരാശ പടര്‍ത്തി. ശക്തമായ മത്സരം നടന്ന മണ്ണാര്‍ക്കാട്, അഴീക്കോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ ലീഡ് നില കെ.എം.സി.സി അണികള്‍ക്കൊപ്പം മറ്റുള്ളവരും ഉറ്റുനോക്കുന്നുണ്ടായിരുന്നു.
ഇതിനിടെ, താനൂരില്‍ അബ്ദുറഹ്മാന്‍ രണ്ടത്താണിയുടെ പരാജയ വാര്‍ത്ത പലര്‍ക്കും അവിശ്വസനീയമായി. പെരിന്തല്‍മണ്ണയിലും തിരൂരങ്ങാടിയിലും പരാജയത്തിന്‍െറ വക്കിലത്തെിയ അവസ്ഥയും പലര്‍ക്കും ചങ്കിടിപ്പേറ്റി. ഒമാനടക്കം ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് അഴീക്കോട്, ഉദുമ മണ്ഡലങ്ങളിലെ നിരവധി കെ.എം.സി.സി പ്രവര്‍ത്തകര്‍ വോട്ട് ചെയ്യാന്‍ പോയിരുന്നു. വോട്ടെണ്ണി ആദ്യ മണിക്കൂര്‍ കഴിഞ്ഞപ്പോഴേ എല്‍.ഡി.എഫ് അനുകൂലികളുടെ മുഖത്ത് പുഞ്ചിരിവിടര്‍ന്നിരുന്നു. മൂന്നില്‍രണ്ട് ഭൂരിപക്ഷത്തോടെ വിജയത്തിലേക്കുള്ള ഇടതുമുന്നണി കുതിപ്പിന്‍െറ ആഹ്ളാദം പങ്കുവെക്കാന്‍ അനുഭാവികള്‍ സുഹൃത്തുക്കള്‍ക്കും നാട്ടിലേക്കുമൊക്കെ ടെലിഫോണില്‍ വിളിച്ചു.
വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ച് ഇടത് അനുകൂലികള്‍ റൂവി റാഡോ മാര്‍ക്കറ്റ്, മത്ര സൂഖ് തുടങ്ങി വിവിധ സ്ഥലങ്ങളില്‍ ലഡു, പായസ വിതരണം നടത്തി.
ജനവിധി ചര്‍ച്ചചെയ്യാന്‍ മസ്കത്ത് കെ.എം.സി.സി കേന്ദ്രകമ്മിറ്റി ആഭിമുഖ്യത്തില്‍ വ്യാഴാഴ്ച രാത്രി റൂവി ബദര്‍ അല്‍സമ ഹാളില്‍ പ്രവര്‍ത്തകസംഗമവും നടന്നു. ഇടതുമുന്നണിയുടെ വിജയത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ച് സീബ് സൂക്ക്, മത്ര സൂക്ക്, റുസൈല്‍ വെജിറ്റബ്ള്‍ മാര്‍ക്കറ്റ് തുടങ്ങിയ സ്ഥലങ്ങളില്‍ കൈരളി ആഭിമുഖ്യത്തില്‍ വിജയാഘോഷം നടന്നു.
ഇന്ത്യന്‍ സോഷ്യല്‍ക്ളബ് കേരള വിഭാഗം ഓഫീസില്‍ നായനാര്‍ അനുസ്മരണത്തോടനുബന്ധിച്ചും തെരഞ്ഞെടുപ്പ് വിജയാഘോഷം നടന്നു.