കേരളത്തില്‍ അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കും –പാലേരി
text_fieldsമസ്കത്ത്: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല ഗുണനിലവാര തകര്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തില്‍ സ്ഥാപിക്കുമെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സഹകരണ സംഘമായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപറേറ്റിവ് സൊസൈറ്റി ചെയര്‍മാന്‍ പാലേരി രമേശന്‍ പറഞ്ഞു. വിദേശ യൂനിവേഴ്സിറ്റിയുടെയും അധ്യാപകരുടെയും സഹായത്തോടെ ഉന്നത ഗുണനിലവാരമുള്ള വിദ്യാഭ്യാസ സമുച്ചയമാണ് സൊസൈറ്റിയുടെ ലക്ഷ്യം. കച്ചവട താല്‍പര്യമില്ലാതെ പുതുതലമുറയുടെ വിദ്യാഭ്യാസ പുരോഗതി മാത്രം ലക്ഷ്യവെച്ചുള്ളതായിരിക്കും പദ്ധതി. എന്‍ജിനീയറിങ്, മെഡിക്കല്‍ തുടങ്ങിയ എല്ലാ വിഭാഗങ്ങളും ഈ പദ്ധതിക്ക് കീഴില്‍ കൊണ്ടുവരും. താഴ്ന്ന ക്ളാസ് മുതല്‍ മികച്ച വിദ്യാഭ്യാസം നല്‍കാന്‍ ഡല്‍ഹി പബ്ളിക് സ്കൂള്‍ മാതൃകയില്‍ പുതിയ സ്കൂള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഐ.ടി മേഖലയിലെ വികസനത്തിന് ഊരാളുങ്കല്‍ സൊസൈറ്റി നിരവധി പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്. സഹകരണ മേഖലയില്‍ നിര്‍മിക്കുന്ന ലോകത്തിലെതന്നെ ആദ്യത്തെ സൈബര്‍ സംരംഭമായ യു.എല്‍ സൈബര്‍പാര്‍ക് എല്ലാ മേഖലയിലും മികച്ചതാണ്. കോഴിക്കോട് വിമാനത്താവളത്തിന് സമീപം നിര്‍മാണം പൂര്‍ത്തിയായ പദ്ധതി സ്പെഷല്‍ ഇക്കണോമിക് സോണ്‍ ആയതിനാല്‍ നിക്ഷേപം എളുപ്പമാണെന്നും അദ്ദേഹം ‘ഗള്‍ഫ് മാധ്യമ’ ത്തോട് പറഞ്ഞു. മലബാറിലെ സാമൂഹിക പരിഷ്കര്‍ത്താവായിരുന്ന വാഗ്ഭടാനന്ദന്‍ 1925 ല്‍ 14 അംഗങ്ങളും 14 അണയുമായി (85 പൈസ) ആരംഭിച്ച സഹകരണ സംഘം പടര്‍ന്ന് പന്തലിച്ച് 600 കോടിയിലധികം രൂപ ആസ്തിയുള്ള സൊസൈറ്റിയായി വളര്‍ന്നതിന് പിന്നില്‍ സത്യസന്ധതയും ആത്മാര്‍ഥതയുമാണ്.
അതിനാല്‍, ഏത് പദ്ധതിയും ഏറ്റെടുത്ത് നടത്താന്‍ സൊസൈറ്റിക്ക് ഇന്ന് ആത്മബലമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് ബൈപാസ് റോഡ് പദ്ധതിയടക്കം നിരവധി വന്‍ പദ്ധതികള്‍ ഏറ്റെടുത്ത് ഗുണനിലവാരത്തില്‍ വിട്ടുവീഴ്ചയില്ലാതെ പൂര്‍ത്തിയാക്കിയ സൊസൈറ്റി നിര്‍മാണ മേഖലയില്‍ പരമാവധി വളര്‍ച്ച നേടിക്കഴിഞ്ഞു. കേരളത്തില്‍ ഉന്നത വിദ്യാഭ്യാസമുള്ള തൊഴില്‍രഹിതര്‍ പെരുകുന്ന സാഹചര്യത്തിലാണ് സൊസൈറ്റി മറ്റു മേഖലകളിലേക്ക് കാലെടുത്ത് വെക്കാന്‍ തുടങ്ങിയതും ഈ മേഖലയില്‍ പുതിയ പരീക്ഷണങ്ങള്‍ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. സൊസൈറ്റിക്ക് കീഴിലുള്ള യു.എല്‍ ടെക്നോളജി സൊലൂഷന്‍സ് സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ വന്‍ മുന്നേറ്റം നടത്തുകയാണ്. ഇതിന്‍െറ കീഴിലുള്ള ഇ-ഹെല്‍ത്ത്, ഇ-ലേണിങ്, ജി.ഐ.എസ് എന്നിവ ഈ മേഖലയില്‍ വിപ്ളവം സൃഷ്ടിക്കുന്നവയാണ്. ഇ- ഹെല്‍ത്ത് സാങ്കേതിക വിദ്യ നടപ്പാക്കാന്‍ ഒമാനിലെ ചില ആരോഗ്യസ്ഥാപനങ്ങളും താല്‍പര്യം കാണിച്ചിട്ടുണ്ട്. ഇവരുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ഐ.ടി വിഭാഗം തലവന്‍ ജിതേഷ് പറഞ്ഞു. പ്ളസ് വണ്‍, പ്ളസ് ടു സയന്‍സ് വിദ്യാര്‍ഥികളെ ലക്ഷ്യം വെച്ച് ആരംഭിക്കുന്ന ഇ-ലേണിങ് ഈ വര്‍ഷം ആരംഭിക്കും.
വിദഗ്ധ അധ്യാപകരുടെയും വിദ്യാഭ്യാസ വിചക്ഷണരുടെയും സഹായം ഉപയോഗപ്പെടുത്തി ആരംഭിക്കുന്ന ഈ പദ്ധതി കേരളത്തില്‍ പുതിയ പരീക്ഷണമായിരിക്കും. ക്ളാസില്‍ പോവാതെ അധ്യാപകരുമായി വിഡിയോ വഴി ആശയവിനിമയം നടത്താനും സംശയനിവാരണം നടത്താനും ഉതകുന്ന ഈ പദ്ധതി ഭാവിയില്‍ വിദ്യാഭ്യാസ മേഖലയില്‍ മാറ്റത്തിന് വഴിയൊരുക്കും. കേരളത്തിന് പുറത്തുള്ളവര്‍ക്കും ഗള്‍ഫിലുള്ളവര്‍ക്കും ഈ സംരംഭം ഉപയോഗപ്പെടുത്താന്‍ കഴിയുന്നതിനാല്‍ വിദേശത്തിരിക്കുന്നവര്‍ക്ക് ഈ പദ്ധതി ഏറെ സഹായകമാവും. താമസിയാതെ മെഡിക്കല്‍, എന്‍ജിനീയറിങ് കോച്ചിങ്ങുകളും ഇ-ലേണിങ്ങിന് കീഴില്‍ കൊണ്ടുവരും. വിദേശത്തുള്ളവര്‍ താല്‍പര്യത്തോടെ മുന്നോട്ടുവരുകയാണെങ്കില്‍ അവരുടെ നിക്ഷേപങ്ങള്‍ സ്വീകരിക്കാനും പുനരധിവാസ പദ്ധതികള്‍ ആരംഭിക്കാനും സൊസൈറ്റി തയാറാണ്. കേരളത്തിന് അനുയോജ്യമായ പദ്ധതികളുമായി പ്രവാസികള്‍ മുന്നോട്ടുവരുകയാണെങ്കില്‍ അവ ഏറ്റെടുത്ത് നടപ്പാക്കാനും വിജയിപ്പിക്കാനും സൊസൈറ്റി സന്നദ്ധമായിരിക്കുമെന്ന് മാനേജിങ് ഡയറക്ടര്‍ എസ്. ഷാജു പറഞ്ഞു.