കൊഞ്ച് സീസണ്‍ അവസാനിച്ചു
text_fieldsമസ്കത്ത്: ദോഫാര്‍, തെക്കന്‍ ശര്‍ഖിയ, അല്‍ വുസ്ത ഗവര്‍ണറേറ്റുകളില്‍ കൊഞ്ച് ബന്ധന സീസണ്‍ അവസാനിച്ചു. കഴിഞ്ഞ മാര്‍ച്ച് ഒന്നിനാണ് സീസണ്‍ ആരംഭിച്ചത്. രണ്ടുമാസം നീണ്ട സീസണില്‍ മികച്ച ഉല്‍പാദനമാണ് ഈ വര്‍ഷം തെക്കന്‍ ശര്‍ഖിയ മേഖലയിലെ ചില തീരഗ്രാമങ്ങളില്‍ ഉണ്ടായതെന്ന് ജഅലാന്‍ ബനീ ബൂഅലിയിലെ ഫിഷറീസ് വിഭാഗം ഡയറക്ടര്‍ സലീം ബിന്‍ സുല്‍ത്താന്‍ അല്‍ അറൈമി പറഞ്ഞു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇക്കുറി പൊതുവെ ഉല്‍പാദനം കൂടുതലാണ്.
മന്ത്രാലയത്തിലെ വിദഗ്ധര്‍ ഈ വര്‍ഷത്തെ സീസണിലെ വിവിധ വശങ്ങളെ കുറിച്ച് പഠനം നടത്തിവരുകയാണ്. ഇതിന് ശേഷം എത്ര കൊഞ്ച് അധികമായി ലഭിച്ചൂവെന്ന് പറയാന്‍ കഴിയൂ. സംരക്ഷണ നടപടികള്‍ കര്‍ക്കശമാക്കിയ ശേഷം കൊഞ്ചിന്‍െറ ലഭ്യത വര്‍ധിച്ചിട്ടുണ്ട്. 2014ല്‍ ലഭിച്ച 312 ടണ്ണിന്‍െറ സ്ഥാനത്ത് കഴിഞ്ഞവര്‍ഷം 416 ടണ്‍ കൊഞ്ചാണ് ലഭിച്ചത്. കഴിഞ്ഞവര്‍ഷം ദോഫാറിലായിരുന്നു ഏറ്റവും കൂടുതല്‍ ഉല്‍പാദനം, 271 ടണ്‍. നല്ല വിലയാണ് ഈ സീസണില്‍ കൊഞ്ചിന് ലഭിച്ചതെന്നും അല്‍ അറൈമി പറഞ്ഞു. റിയാലിന് മൂന്നര മുതല്‍ നാലര റിയാല്‍ വരെയാണ് ലഭിച്ചത്. യു.എ.ഇ, സൗദി അറേബ്യ, ഖത്തര്‍, വിവിധ ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കാണ് കൊഞ്ച് കൂടുതലായും കയറ്റിപ്പോകുന്നത്. നല്ല വില ലഭിക്കുന്നതിനാല്‍ മേഖലയിലെ മത്സ്യത്തൊഴിലാളികളുടെ പ്രധാന വരുമാന മാര്‍ഗമാണ് ഈ സീസണ്‍. കൊഞ്ചുകളുടെ പ്രജനനം കണക്കിലെടുത്താണ് മേയ് ഒന്നുമുതല്‍ അടുത്തമാസം 28 വരെ കൊഞ്ചിനെ പിടിക്കുന്നത് നിരോധിച്ചിരിക്കുന്നതെന്ന് അല്‍ അറൈമി പറഞ്ഞു. ഈ സമയത്ത് കൊഞ്ചിനെ പിടികൂടുന്നതും കൈവശം വെക്കുന്നതും വില്‍പന നടത്തുന്നതും വാങ്ങുന്നതും കയറ്റുമതി ചെയ്യുന്നതും നിയമവിരുദ്ധമാണ്. എല്ലാവരും നിയമം പാലിക്കണമെന്നും അല്‍ അറൈമി ആവശ്യപ്പെട്ടു.