ഒടുവില്‍ ഫരീദ് ആശുപത്രിയില്‍നിന്ന് മോചിതനായി
text_fieldsസലാല: ആശുപത്രി ബില്ലടക്കാന്‍ പണമില്ലാഞ്ഞതിനാല്‍ ഡിസ്ചാര്‍ജ് ചെയ്തിട്ടും സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ കഴിയേണ്ടിവന്ന ഫരീദ് എന്ന രാജു സുലൈമാന് ഒടുവില്‍ മോചനമായി. ഇന്ത്യന്‍ എംബസി നടത്തിയ ശ്രമങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞദിവസം ഉച്ചയോടെയാണ് ഇദ്ദേഹം പുറത്തിറങ്ങിയത്. കോണ്‍സുലാര്‍ ഏജന്‍റ് മന്‍പ്രീത് സിങ് നേരത്തേ ലേബര്‍ ഓഫിസില്‍നിന്ന് ക്ളിയറന്‍സ് വാങ്ങിയിരുന്നു.
എന്നാല്‍, സാധാരണയില്‍ കവിഞ്ഞ സമയമെടുത്താണ് ആശുപത്രിയിലെ ചികിത്സാചെലവുകള്‍ എംബസിക്ക് സെറ്റില്‍ ചെയ്യാനായത്. രേഖകളൊന്നും കൈവശമില്ലാത്ത ഇദ്ദേഹത്തിന് എംബസി ഒൗട്ട് പാസ് നല്‍കിയിരുന്നു. എമിഗ്രേഷന്‍ നടപടികള്‍കൂടി പൂര്‍ത്തിയായാല്‍ ഫരീദിന് നാടണയാന്‍ കഴിയും. ആശുപത്രി വിട്ട ഫരീദിന് വെല്‍ഫെയര്‍ ഫോറം പ്രവര്‍ത്തകര്‍ താമസസൗകര്യമൊരുക്കി. യു.പി. ശശീന്ദ്രന്‍െറ നേതൃത്വത്തിലാണ് ആശുപത്രിയില്‍നിന്ന് കൊണ്ടുവന്നത്. ഫരീദിന്‍െറ തുടര്‍ചികിത്സക്കായി പ്രവാസി കൗണ്‍സില്‍ ശേഖരിച്ച 120 റിയാല്‍ നേരത്തേ നല്‍കിയിരുന്നു. ഒ. അബ്ദുല്‍ ഗഫൂറാണ് തുക കൈമാറിയത്. ആശുപത്രി ബില്ലടക്കാന്‍ കഴിയാതെ വിഷമിക്കുന്ന ഫരീദിന്‍െറ അവസ്ഥ ഗള്‍ഫ് മാധ്യമവും മീഡിയവണും നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 30 വര്‍ഷത്തെ പ്രവാസത്തിനുശേഷം ഒഴിഞ്ഞ പോക്കറ്റും ഗുരുതര രോഗവും പേറി നാടണയാന്‍ കാത്തിരിക്കുകയാണ് ഈ പ്രവാസി. ചികിത്സാസഹായത്തിനായി ഇനിയുമാരെങ്കിലും മുന്നോട്ടുവരുമെന്ന പ്രതീക്ഷയിലാണ് നാട്ടിലെ ഇദ്ദേഹത്തിന്‍െറ കുടുംബം. ആശുപത്രിയില്‍ സഹായത്തിനുണ്ടായിരുന്ന അനില്‍ കുമാര്‍ ഇപ്പോള്‍ നാട്ടിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.