തെക്കന്‍ ശര്‍ഖിയയില്‍ ഹെപ്പറ്റൈറ്റിസ് എ വ്യാപകമാകുന്നു
text_fieldsമസ്കത്ത്: തെക്കന്‍ ശര്‍ഖിയയില്‍ ഹെപ്പറ്റൈറ്റിസ് എ രോഗബാധ വ്യാപകമാകുന്നു. ഈ വര്‍ഷം ഇതുവരെ 136 പേര്‍ക്ക് രോഗം ബാധിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
ജഅലാന്‍ ബനീ ബൂ അലിയിലെ അസീല ഗ്രാമത്തിലാണ് കൂടുതല്‍ രോഗബാധിതര്‍. 76 ശതമാനം പേര്‍ക്കാണ് ഇവിടെ രോഗം ബാധിച്ചത്. മനുഷ്യരില്‍നിന്നാണ് പരസ്പരം രോഗം പടരുന്നതെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഭക്ഷണസാധനങ്ങളിലൂടെയും മറ്റും രോഗം പടര്‍ന്നതായി കരുതുന്നില്ല. കുടിവെള്ളത്തിലെ വിഷാംശമോ ശുചീകരണ സംവിധാനങ്ങളിലെ പോരായ്മയോ രോഗബാധക്ക് കാരണമായിട്ടുണ്ടോയെന്ന് കണ്ടത്തൊന്‍ പ്രത്യേക കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. ജലസാമ്പിളുകള്‍ പ്രാഥമിക പരിശോധന നടത്തിയെങ്കിലും പരിശോധനാഫലങ്ങള്‍ നെഗറ്റിവ് ആണ്. രോഗം പടരുന്ന രീതികളെകുറിച്ചും പ്രതിരോധ മാര്‍ഗങ്ങളെ കുറിച്ചും മേഖലയിലെ മുതിര്‍ന്നവരെ ബോധവത്കരിക്കും. വ്യക്തിഗത ശുചിത്വം പാലിക്കുകയും ആരോഗ്യകരമായതും ശുചിത്വമുള്ളതുമായ ഭക്ഷണശീലം വളര്‍ത്തുകയുമാണ് രോഗം പടരാതിരിക്കാന്‍ ചെയ്യേണ്ടതെന്ന് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
തളര്‍ച്ച, ഓക്കാനം, ഛര്‍ദി, അടിവയറില്‍ വേദന പ്രത്യേകിച്ച് വലതുവശത്ത് വാരിയെല്ലിന് താഴ്ഭാഗത്തുള്ള വേദനയും ബുദ്ധിമുട്ടും, വിശപ്പില്ലായ്മ എന്നിവയാണ് ഹെപ്പറ്റൈറ്റിസ് എയുടെ ലക്ഷണങ്ങള്‍. രോഗാണു ശരീരത്തില്‍ കയറി ആഴ്ചകളോളം ചിലപ്പോള്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകണമെന്നില്ല. രോഗിയുടെ മലത്തിലുള്ള ഹെപ്പറ്റൈറ്റിസ് എ രോഗാണു മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും മറ്റുള്ളവരുടെ ശരീരത്തില്‍ എത്തുകയാണ് ചെയ്യുക. ഭക്ഷണം തയാറാക്കുന്നതിനും കഴിക്കുന്നതിനും മുമ്പ് കൈകള്‍ വൃത്തിയായി കഴുകുന്നതടക്കമുള്ള ശീലങ്ങളിലൂടെ മാത്രമേ രോഗബാധയെ തടയാന്‍ കഴിയൂ. രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളിലെ ഹോട്ടലുകളില്‍നിന്നുള്ള ഭക്ഷണം ഒഴിവാക്കുന്നതാകും നല്ലത്. പല്ലു തേക്കുന്നതിനും കുടിക്കുന്നതിനും കുപ്പിവെള്ളം ഉപയോഗിക്കുക.
പാതിവെന്ത മത്സ്യവും ഇറച്ചിയും കഴിക്കുന്നത് ഒഴിവാക്കുക. പഴങ്ങളും പച്ചക്കറികളും തൊലികളഞ്ഞ് നന്നായി കഴുകി മാത്രം ഉപയോഗിക്കുക. അടുക്കളയും പാത്രങ്ങളും ശുചിയായി സൂക്ഷിക്കുക എന്നീ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
