വാഹനവിപണിയില്‍ മാന്ദ്യം; നിരത്തിലിറങ്ങുന്ന പുതിയ വാഹനങ്ങളുടെ എണ്ണം കുറഞ്ഞു
text_fieldsമസ്കത്ത്: വാഹനവിപണിയില്‍ മാന്ദ്യത്തിന്‍െറ സൂചനകള്‍ നല്‍കി ദേശീയ സ്ഥിതി വിവരമന്ത്രാലയത്തിന്‍െറ കണക്കുകള്‍. കഴിഞ്ഞമാസം നിരത്തിലിറങ്ങിയ പുതിയ വാഹനങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായതായി കണക്കുകള്‍ പറയുന്നു. തൊട്ടുമുന്‍വര്‍ഷത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ 2.8 ശതമാനത്തിന്‍െറ കുറവാണ് പുതിയ രജിസ്ട്രേഷനില്‍ ഉണ്ടായത്. ഈ വര്‍ഷത്തെ ആദ്യ രണ്ട് മാസങ്ങളിലായി 17,424 വാഹനങ്ങളാണ് പുതുതായി രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 8570 എണ്ണമാണ് ഫെബ്രുവരിയില്‍ നിരത്തിലിറങ്ങിയത്. ഫെബ്രുവരി അവസാനത്തെ കണക്കനുസരിച്ച് മൊത്തം 13 ലക്ഷത്തിലധികം വാഹങ്ങളാണ് ഒമാനിലെ നിരത്തുകളില്‍ ഉള്ളത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഫെബ്രുവരിയില്‍ സര്‍ക്കാര്‍ വാഹനങ്ങളുടെ എണ്ണത്തിലാണ് ഏറ്റവുമധികം കുറവ് രേഖപ്പെടുത്തിയത്, 124.5 ശതമാനം. 450 പുതിയ വാഹനങ്ങളാണ് സര്‍ക്കാര്‍ വകുപ്പുകള്‍ക്കായി വാങ്ങിയത്.
എന്നാല്‍, ഈ വര്‍ഷം ജനുവരിയിലേക്കാള്‍ 29.7 ശതമാനം അധിക വാഹനങ്ങള്‍ സര്‍ക്കാര്‍ ഫെബ്രുവരിയില്‍ വാങ്ങിയിട്ടുണ്ട്. എണ്ണ വിലയിടിവിന്‍െറ പശ്ചാത്തലത്തില്‍ കര്‍ശന ചെലവുചുരുക്കല്‍ നടപടികളാണ് സര്‍ക്കാര്‍ വകുപ്പുകളില്‍ നടപ്പാക്കിയത്. പുതിയ വാഹനങ്ങള്‍ വാങ്ങുന്നത് കുറക്കുന്നതിനൊപ്പം ഉന്നത തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉപയോഗിക്കാന്‍ നല്‍കാന്‍ വാഹനങ്ങള്‍ തിരികെ വാങ്ങുന്നതിനും സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു. സ്വകാര്യ വാഹനങ്ങളാണ് ഫെബ്രുവരിയില്‍ ഏറ്റവുമധികം പുതുതായി രജിസ്റ്റര്‍ ചെയ്തത്, 5586 എണ്ണം. തൊട്ടുമുന്‍വര്‍ഷത്തെ അപേക്ഷിച്ച് 8.2 ശതമാനത്തിന്‍െറ കുറവാണ് ഈ വിഭാഗത്തിലുണ്ടായത്. ടാക്സി വാഹനങ്ങളുടെ എണ്ണമാകട്ടെ 15 ശതമാനം കുറഞ്ഞ് 39 ആവുകയും ചെയ്തു. അതേസമയം, വാണിജ്യവാഹനങ്ങളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി. 6.2 ശതമാനത്തിന്‍െറ വര്‍ധനയോടെ 1819 വാണിജ്യവാഹനങ്ങളാണ് കഴിഞ്ഞമാസം നിരത്തിലിറങ്ങിയത്. നയതന്ത്ര കാര്യാലയങ്ങളിലേക്കായി നാലും ഡ്രൈവിങ് സ്കൂള്‍ വാഹനങ്ങളില്‍ 14 വാഹനങ്ങളും പുതുതായി രജിസ്റ്റര്‍ ചെയ്തു. 40 ശതമാനത്തിന്‍െറയും 11.1 ശതമാനത്തിന്‍െറയും വര്‍ധനവാണ് ഈ രണ്ട് വിഭാഗങ്ങളിലും ഉണ്ടായത്. ട്രാക്ടറുകളുടെ എണ്ണം 25 ശതമാനം കുറഞ്ഞ് നാലായി. 305 വാടക വാഹനങ്ങളും 67 മോട്ടോര്‍ ബൈക്കുകളും കഴിഞ്ഞമാസം പുതുതായി നിരത്തിലിറങ്ങി. 7.2 ശതമാനത്തിന്‍െറയും 28.4 ശതമാനത്തിന്‍െറയും കുറവാണ് യഥാക്രമം ഈ രണ്ട് വിഭാഗങ്ങളിലും ഉണ്ടായത്. താല്‍ക്കാലിക വാഹന രജിസ്ട്രേഷന്‍ എട്ടു ശതമാനം കുറഞ്ഞ് 282 ആയി. 112,761 വാഹനങ്ങളാണ് 2014ല്‍ മൊത്തം നിരത്തിലിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.