ഒ.ഐ.സി.സി യൂനിറ്റുകളുടെ പാര്‍ലമെന്‍റ് മാര്‍ച്ച് എട്ടിന്
text_fieldsമസ്കത്ത്: കേന്ദ്രസര്‍ക്കാറിന് കീഴിലുണ്ടായിരുന്ന ‘പ്രവാസികാര്യ’ വകുപ്പ് നിര്‍ത്തലാക്കിയതില്‍ പ്രതിഷേധിച്ച് ലോകമെമ്പാടുമുള്ള ഒ.ഐ.സി.സി യൂനിറ്റുകളുടെ ആഭിമുഖ്യത്തില്‍ ഡല്‍ഹിയില്‍ ധര്‍ണയും പാര്‍ലമെന്‍റ് മാര്‍ച്ചും സംഘടിപ്പിക്കുന്നു. ചൊവ്വാഴ്ച ജന്തര്‍മന്തറില്‍ നടക്കുന്ന മാര്‍ച്ചിനും ധര്‍ണക്കും ശേഷം വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് നിവേദനം നല്‍കും.
രണ്ടുവര്‍ഷം മുമ്പ് അധികാരത്തിലേറിയ നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രവാസികള്‍ക്കായി ഒരു ക്ഷേമപ്രവര്‍ത്തനവും നടത്തുന്നില്ല എന്ന് മാത്രമല്ല, ഇന്ധനവില കുറഞ്ഞിട്ടും വിമാനക്കമ്പനികള്‍ നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിക്കുകയാണ്. അതിനെതിരെ നാളിതുവരെ ആയിട്ടും ഒരു ചെറുവിരല്‍ അനക്കാന്‍പോലും കേന്ദ്ര സര്‍ക്കാറിന് ആയിട്ടില്ളെന്നും ഒ.ഐ.സി.സി ഭാരവാഹികള്‍ വാര്‍ത്താ കുറിപ്പില്‍ ആരോപിച്ചു. ധര്‍ണയിലും മാര്‍ച്ചിലും പങ്കെടുക്കാന്‍ ഒമാനില്‍നിന്നും പ്രസിഡന്‍റ് സിദ്ദിഖ് ഹസന്‍, ജനറല്‍ സെക്രട്ടറി എന്‍.ഒ ഉമ്മന്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഘം ഡല്‍ഹിയിലേക്ക് പുറപ്പെട്ടു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്‍ ഈമാസം ഒമ്പതിന് ഒ.ഐ.സി.സി ഭാരവാഹികളുമായി കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ കൂടിക്കാഴ്ച നടത്തും. തെരഞ്ഞെടുപ്പില്‍ പ്രതിനിധിയെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പരിഗണിക്കണമെന്നും ഓരോ രാജ്യത്തെയും പ്രസിഡന്‍റുമാരുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരിക്കണമെന്നും ആവശ്യപ്പെട്ട് കെ.പി.സി.സി അധ്യക്ഷന് കത്ത് നല്‍കുമെന്നും ഒ.ഐ.സി.സി ഒമാന്‍ നാഷനല്‍ കമ്മിറ്റി പ്രസിഡന്‍റ് സിദ്ദിഖ് ഹസന്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.