ഗൂബ്രയില്‍ തൊഴിലാളികളുടെ സുരക്ഷ കാറ്റില്‍പറത്തി കെട്ടിട നിര്‍മാണം
text_fieldsമസ്കത്ത്: ഒരു സുരക്ഷാസംവിധാനവുമില്ലാതെ ജോലിയെടുക്കാന്‍ നിര്‍മാണ തൊഴിലാളികള്‍ നിര്‍ബന്ധിതരാകുന്നതായി പരാതി. ഗൂബ്ര നവംബര്‍ 18 ജങ്ഷനിലെ വാണിജ്യ, താമസ സമുച്ചയ കേന്ദ്രത്തിന്‍െറ നിര്‍മാണസ്ഥലത്ത് 70 അടിയോളം ഉയരത്തിലാണ് ഇന്ത്യക്കാര്‍ അടക്കമുള്ളവര്‍ പണിയെടുക്കുന്നത്. സേഫ്റ്റി ഷൂസിന് പകരം സാധാരണ ചെരുപ്പ് ധരിച്ചാണ് ഇവര്‍ തൊഴിലെടുക്കുന്നത്. ഹെല്‍മെറ്റിനു പകരം കത്തിയാളുന്ന വേനല്‍ചൂടിനെ പ്രതിരോധിക്കാന്‍ ഒരു തൊപ്പിമാത്രമാണുള്ളത്. കാലൊന്ന് തെറ്റിയാല്‍ താഴെ വാഹനങ്ങള്‍ ചീറിപ്പായുന്ന റോഡിലേക്കാണ് ഇവര്‍ പതിക്കുക. നിയമപ്രകാരമുള്ള സുരക്ഷാമാനദണ്ഡങ്ങളെ കുറിച്ചൊന്നും തങ്ങള്‍ക്ക് അറിയില്ളെന്നും ഫോര്‍മാന്‍ പറയുന്ന ജോലികള്‍ചെയ്യുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്നും ഇവര്‍ പറയുന്നു. ഉപകരാറുകാരാണ് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാത്ത നിര്‍മാണപ്രവര്‍ത്തനത്തിന് ഇവരെ നിര്‍ബന്ധിതരാക്കുന്നത് എന്നാണ് അറിയുന്നത്. മാനവവിഭവശേഷി മന്ത്രാലയത്തിന്‍െറ നിയമങ്ങളുടെ നഗ്നമായ ലംഘനത്തിനൊപ്പം കരാറുകാരുടെ കുറ്റകരമായ അനാസ്ഥയുമാണ് ഇവിടെ കാണുന്നതെന്ന് സ്ഥലം സന്ദര്‍ശിച്ച കെട്ടിട നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എന്‍ജിനീയര്‍ പറഞ്ഞു. ഹെല്‍മറ്റും സേഫ്റ്റി ഷൂസും സേഫ്റ്റി റോപ്പുമില്ലാതെ പണിയെടുക്കുന്ന തൊഴിലാളികള്‍ ഓരോ നിമിഷവും മരണത്തെ മുന്നില്‍ കാണുകയാണ്. അതേസമയം, സുരക്ഷാ ഉപകരണങ്ങളെല്ലാം തൊഴിലാളികള്‍ക്ക് നല്‍കിയിട്ടുണ്ടെങ്കിലും അവര്‍ സൗകര്യം കണക്കിലെടുത്ത് ഉപയോഗിക്കാത്തതാണെന്നാണ് ഉപകരാറുകാരുടെ വാദം. തൊഴിലാളികളുടെ ജീവന് ഒട്ടും വിലകല്‍പിക്കാതെ സുരക്ഷാമാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തുന്ന കമ്പനികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം വക്താവ് അറിയിച്ചു. സുരക്ഷാ നടപടികള്‍ പാലിക്കാത്ത നിര്‍മാണ സ്ഥലങ്ങളില്‍ അപകടമരണങ്ങളും വീണ് പരിക്കേറ്റ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നിയമം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.